ജപ്പാനില്‍ ട്രെയിന്‍ വീണ്ടും 25 സെക്കന്റ് നേരത്തെ പോയി; പതിവുപോലെ ക്ഷമ പറഞ്ഞ് റയില്‍വേ അധികൃതര്‍

ട്രെയിന്‍ ഡ്രൈവറില്‍ നിന്നുണ്ടായ നീതീകരിക്കാനാവാത്ത തെറ്റാണ് ഇതെന്നാണ് ക്ഷമ പറഞ്ഞുകൊണ്ട് കമ്പനി വ്യക്തമാക്കിയത്‌
ജപ്പാനില്‍ ട്രെയിന്‍ വീണ്ടും 25 സെക്കന്റ് നേരത്തെ പോയി; പതിവുപോലെ ക്ഷമ പറഞ്ഞ് റയില്‍വേ അധികൃതര്‍

അഞ്ചു മണിയുടെ ട്രെയിനില്‍ പോകാന്‍ നമ്മള്‍ പലപ്പോഴും അഞ്ചര ആകുമ്പോഴായിരിക്കും റെയില്‍ വേ സ്‌റ്റേഷനില്‍ എത്തുക. പിന്നെയും പത്ത് മിനിറ്റ് വെയ്റ്റ് ചെയ്തിട്ടായിരിക്കും ട്രെയിന്‍ വരിക. അങ്ങനെയുള്ള നമ്മളുടെ അടുത്തേക്കാണ് ജപ്പാനില്‍ നിന്ന് ഒരു വാര്‍ത്ത എത്തിയത്. 20 സെക്കന്റ് നേരത്തെ പോയതിന് ജാപ്പനീസ് ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ക്ഷമ പറയേണ്ടിവന്നെന്ന്. കഴിഞ്ഞ നവംബറിലായിരുന്നു ഈ സംഭവം. ഈ വാര്‍ത്ത ലോകത്തിന് തന്നെ അത്ഭുതമായിരുന്നു.  

ഇപ്പോള്‍ വീണ്ടും സമാനമായ സംഭവത്തിന് ക്ഷമ പറഞ്ഞിരിക്കുകയാണ് ജപ്പാന്‍ റെയില്‍ വേ അധികൃതര്‍. ഇത്തവണ ട്രെയിന്‍ 25 സെക്കന്റ് നേരത്തെപോയതാണ് പ്രശ്‌നമായത്. ട്രെയിന്‍ ഡ്രൈവറില്‍ നിന്നുണ്ടായ നീതീകരിക്കാനാവാത്ത തെറ്റാണ് ഇതെന്നാണ് ക്ഷമ പറഞ്ഞുകൊണ്ട് കമ്പനി വ്യക്തമാക്കിയത്‌. 

വെള്ളിയാഴ്ചയാണ് ട്രെയിന്‍ സമയം തെറ്റിക്കുന്നത്. 7.11 നാണ് ട്രെയിന്‍ പുറപ്പെടേണ്ടത് എന്ന് ഡ്രൈവര്‍ കരുതിയതാണ് പ്രശ്‌നത്തിന് കാരണമായത്. ശരിക്ക് ട്രെയിന്‍ പുറപ്പെടേണ്ട സമയം 7.12 ആയിരുന്നു. തെറ്റിദ്ധരിച്ച് ട്രെയിന്‍ ഡ്രൈവര്‍ നേരത്തെ വാതില്‍ അടക്കുകയായിരുന്നെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെറ്റ് തിരുത്തി വാതിലുകള്‍ വീണ്ടും തുറക്കുന്നതിന് പകരം പ്ലാറ്റ്‌ഫോമില്‍ യാത്രക്കാരെ കാണാത്തതിനാല്‍ 7.11.35 ന് ട്രെയിന്‍ എടുത്തു.ഡ്രൈവറുടെ തെറ്റായ തീരുമാനം കൊണ്ട് ഒരാള്‍ക്ക് ട്രെയിന്‍ നഷ്ടപ്പെട്ടു. 

ഈ വ്യക്തി സ്റ്റേഷന്റെ ഇന്‍ ചാര്‍ജിനോട് പരാതിപ്പെട്ടതോടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് അറിയുന്നത്. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ പറയുന്നെന്നും ഇത്തരത്തില്‍ തെറ്റുകളുണ്ടാവാതിരിക്കാന്‍ ശ്രമിക്കുമെന്നും വെസ്റ്റ് ജപ്പാന്‍ റെയില്‍ വേ കമ്പനി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com