വഴിയറിയാതെ കുട്ടിയാന നഗരത്തിലെത്തിയത് അമ്മ ചരിഞ്ഞതിനാല്‍; അമ്മയുടെ മൃതദേഹം കണ്ടെത്തി

എന്തു ചെയ്യണമെന്നറിയാതെ തെരുവില്‍ അലയുകയായിരുന്നു കുഞ്ഞാനയുടെ ചിത്രം ആരെയും വിഷമിപ്പിക്കുന്നതായിരുന്നു
വഴിയറിയാതെ കുട്ടിയാന നഗരത്തിലെത്തിയത് അമ്മ ചരിഞ്ഞതിനാല്‍; അമ്മയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി; കഴിഞ്ഞ ദിവസമാണ് കൂട്ടം തെറ്റി ഒറ്റയ്ക്കായിപ്പോയ ഒരു കുട്ടിയാനയെ മൂന്നാറിന് അടുത്തുള്ള ചിന്നക്കനാലില്‍ കണ്ടെത്തിയത്. എന്തു ചെയ്യണമെന്നറിയാതെ തെരുവില്‍ അലയുകയായിരുന്നു കുഞ്ഞാനയുടെ ചിത്രം ആരെയും വിഷമിപ്പിക്കുന്നതായിരുന്നു. കുഞ്ഞാനയെ അമ്മയുടെ അടുത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ മറ്റൊരു ദുഃഖവാര്‍ത്തയാണ് പുറത്തുവരുന്നത്. കുട്ടിയാനയുടെ അമ്മയുടെ മൃതദേഹം ചിന്നക്കനാലിന് അടുത്തുള്ള മരപ്പാലത്തില്‍ നിന്ന് കണ്ടെത്തി. 

ചൊവ്വാഴ്ചയാണ് അഞ്ച് മാസം പ്രായമുള്ള കുട്ടിയാന ചിന്നക്കനാല്‍ ടൗണിലേക്ക് എത്തിയത്. നഗരത്തില്‍ ചുറ്റിക്കറങ്ങുകയായിരുന്ന ആനയെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി താത്കാലികമായി നിര്‍മിച്ച കൂട്ടിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ അമ്മയ്ക്ക് വേണ്ടി നടത്തിയ തിരച്ചിലിലാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ഒരു പിടിയാനയുടെ മൃതദേഹം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നത്. 

വീണ് കല്ലില്‍ നെഞ്ചിടിച്ചാണ് 25 വയസ് പ്രായമുള്ള പിടിയാന മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ പെരിയാര്‍ ടൈഗര്‍ റിസര്‍വ് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ അബ്ദുള്‍ ഫത്താ പറഞ്ഞു. മൂന്ന് ദിവസത്തെ പഴക്കമാണ് ആനയുടെ മൃതദേഹത്തിനുള്ളത്. പിടിയാന കുഞ്ഞിന് പാലുകൊടുക്കുന്നുണ്ടായിരുന്നെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വഴിതെറ്റി നഗരത്തില്‍ എത്തിയ കുട്ടിയാനയുടെ അമ്മയായിരിക്കും ഇതെന്ന നിഗമനത്തിലെത്തിയത്. അമ്മ മരിച്ചതോടെ കുട്ടിയാന ഒറ്റപ്പെട്ടു പോയതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടിയാനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. അതിനാല്‍ കൊട്ടൂരിലെ ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള പദ്ധതിയിലാണ്. 

കുട്ടിയാനയെ അന്വേഷിച്ച് ഏതെങ്കിലും ആന വരുമോ എന്നറിയാന്‍ ആനയെ അതേ സ്ഥലത്തുതന്നെ സൂക്ഷിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ മറ്റേതെങ്കിലും ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും മൂന്നാര്‍ ഡിഎഫ്ഒ നരേന്ദ്ര ബാബു വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com