ജീവന്റെ സാന്നിധ്യമുള്ള ഒരു ഗ്രഹം കൂടി? ശാസ്ത്രലോകത്തിന്റെ കണ്ണുകള്‍ യൂറോപ്പയിലേക്ക്‌

നാസയുടെ കാസിനി ദൗത്യത്തിലൂടെ കണ്ടെത്തിയ യൂറോപ്പയിലെ ജലസാന്നിദ്ധ്യം ജീവന്റെ സാന്നിദ്ധ്യമുണ്ടാകാനുള്ള സാധ്യതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് നാസ അറിയിച്ചു
ജീവന്റെ സാന്നിധ്യമുള്ള ഒരു ഗ്രഹം കൂടി? ശാസ്ത്രലോകത്തിന്റെ കണ്ണുകള്‍ യൂറോപ്പയിലേക്ക്‌

വ്യാഴഗ്രഹത്തിന്റെ ചന്ദ്രനായ യൂറോപ്പയില്‍ കണ്ടെത്തിയ ജലാംശം സൗരയൂഥത്തില്‍ ഭൂമിയ്ക്ക് പുറത്തുള്ള ജീവന്റെ സാന്നിദ്ധ്യം കണ്ടുപിടിക്കാനുള്ള ശാസ്ത്രലോകത്തിന്റെ ശ്രമങ്ങള്‍ക്ക് ശക്തി പകരുന്നു. നാസയുടെ കാസിനി ദൗത്യത്തിലൂടെ കണ്ടെത്തിയ യൂറോപ്പയിലെ ജലസാന്നിദ്ധ്യം ജീവന്റെ സാന്നിദ്ധ്യമുണ്ടാകാനുള്ള സാധ്യതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് നാസ അറിയിച്ചു. യൂറോപ്പയില്‍ കണ്ടെത്തിയ ജലാംശം ഭാവിയില്‍ കൂടുതല്‍ കണ്ടെത്തലുകള്‍ക്ക് വഴിതെളിക്കുമെന്നാണ് സ്‌പേസ് ഫിസിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

ഹബിള്‍ സ്‌പേസ് ടെലസ്‌കോപില്‍ എടുത്ത ചിത്രങ്ങളാണ് യൂറോപ്പയില്‍ ചില അസാധാരണ സംഭവവികാസങ്ങള്‍ നടക്കുന്നുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് കൂടുതല്‍ വ്യക്തമായ ഹബിള്‍ ചിത്രങ്ങള്‍ ശേഖരിച്ചു. ഇത് 1997ല്‍ ശേഖരിച്ചിരുന്ന ചില കണ്ടെത്തലുകളിലേക്കാണ് ശാസ്ത്രജ്ഞരെ കൂട്ടികൊണ്ടുപോയത്. മുന്‍പ് ശേഖരിച്ച ഡാറ്റകള്‍ കൂടുതല്‍ സൂക്ഷമമായി നിരീക്ഷിച്ചപ്പോള്‍ ഇക്കാലമത്രയും വിവരിക്കപ്പെടാത്ത ചില അസാധാരണ മാറ്റങ്ങള്‍ കണ്ടെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞു. 

ഇത് കൂടുതല്‍ വ്യക്തമായി മനസിലാക്കാനായി അതേ കാലഘട്ടത്തില്‍ തന്നെ ശേഖരിക്കപ്പെട്ട മറ്റ് ഡാറ്റകളും ഇവര്‍ പരിശോധിച്ചു. കാസിനി ദൗത്യത്തിന് ഉപയോഗിച്ച പേടകം പെട്ടെന്ന് മറ്റൊരു പ്ലാസ്മ അന്തരീക്ഷത്തിലേയ്ക്ക് പ്രവേശിച്ചെന്ന കാര്യം ഇവര്‍ ശ്രദ്ധിച്ചു. ഈ രണ്ടു കണ്ടെത്തലും കൂട്ടിവായിച്ചപ്പോള്‍ ജലാംശം ഉണ്ടെന്ന തോന്നലിലേക്കാണ് ശാസ്ത്രജ്ഞരെ എത്തിച്ചത്. ഒരു പ്രാദേശികമായ സോഴ്‌സില്‍ നിന്നാണ് ഈ ചെറിയ സിഗ്‌നല്‍ വന്നതെന്ന നിഗമനത്തിലാണ് പിന്നീട് ശാസ്ത്രജ്ഞര്‍ എത്തിയത്.

യൂറോപ്പയില്‍ എന്തോ സംഭവിക്കുന്നുണ്ടെന്ന ഊഹം മാത്രമാണ് തുടക്കത്തില്‍ തങ്ങള്‍ണ്ടായിരുന്നതെന്നും ഇത് വസ്തുതകള്‍ ഉപയോഗിച്ച് തെളിയിക്കാന്‍ കംപ്യൂട്ടര്‍ മോഡലിംഗിന്റെ സഹായത്തോടെ പഴയ കണ്ടെത്തലുകള്‍ വീണ്ടും പരിശോധിക്കുകയായിരുന്നെന്നു ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇത് യൂറോപ്പയിലെ ജലാംശം സ്ഥിരീകരിക്കുന്ന വസ്തുതകളിലേക്കാണ് ഇവരെ എത്തിച്ചത്. ഇപ്പോഴത്തെ ഈ കണ്ടെത്തലിന് ആസ്പദമായ വിവരങ്ങള്‍ നേരത്തെ ശേഖരിക്കപ്പെട്ടതാണെങ്കിലും ഈ കണ്ടത്തലിലേക്ക് എത്താന്‍ അന്ന് കഴിയുമായിരുന്നില്ലെന്നും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇപ്പോള്‍ ഈ വസ്തുത തെളിയിക്കാന്‍ സാധിച്ചതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 

20വര്‍ഷം മുമ്പ് ഒരുപക്ഷെ യൂറോപ്പയില്‍ കാണാന്‍ കഴിയുന്നത് ജലാംശമാണെന്ന് തോന്നിയിരിക്കാമെങ്കിലും ഇത് സൂക്ഷമമായി പഠിച്ച് തെളിയിക്കാനുള്ള സാങ്കേതിക മികവ് അന്ന് ഇല്ലായിരുന്നെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. നാസയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും വ്യാഴത്തെയും വ്യാഴത്തെ ചുറ്റുന്ന ചന്ദ്രന്‍മാരെയും കൂടുതല്‍ മനസിലാക്കാനായി ദൗത്യ പേടകങ്ങള്‍ അയക്കാനുള്ള ഒരുക്കത്തിലാണ്. 2022ഓടെ ഈ ദൗത്യം അയക്കാന്‍ കഴിയുമെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പ്രതീക്ഷിക്കുന്നത്. ജലാംശം കണ്ടെത്താന്‍ സാധിച്ചാല്‍ യൂറോപ്പയുടെ ഉള്‍വശത്ത് കാണപ്പെട്ടവ നേരിട്ട് പരിശോധിക്കാന്‍ കഴിയുമെന്നും ഇത് ജീവന്റെ സാനിധ്യം യൂറോപ്പയില്‍ ഉണ്ടോ എന്നതില്‍ വ്യക്തത നല്‍കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com