ഇഫ്താര്‍ വിരുന്നൊരുക്കി മലപ്പുറത്തെ വിഷ്ണു ക്ഷേത്രം; ലക്ഷ്യം വര്‍ഗീയ ശക്തികളെ മറികടക്കാന്‍

വെട്ടിച്ചിറയ്ക്ക് സമീപമുള്ള പുന്നത്തല ലക്ഷ്മി നരസിംഹ മൂര്‍ത്തി വിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ചാണ് ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നത്
ഇഫ്താര്‍ വിരുന്നൊരുക്കി മലപ്പുറത്തെ വിഷ്ണു ക്ഷേത്രം; ലക്ഷ്യം വര്‍ഗീയ ശക്തികളെ മറികടക്കാന്‍

മലപ്പുറം; രാജ്യത്ത് വര്‍ഗീയവാദം ഒരു വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നതിനിടയിലും കേരളത്തിലെ മതസൗഹാര്‍ദം തെളിയിക്കുന്ന നിരവധി വാര്‍ത്തകളാണ് പുറത്തു വരുന്നത്. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ കോട്ടക്കലാണ് ഇപ്പോള്‍ മതസൗഹാര്‍ദത്തിന്റെ പേരില്‍ കേരളത്തിന് അഭിമാനമായി മാറിയിരിക്കുന്നത്. റംസാന്‍ മാസത്തോട് അനുബന്ധിച്ച് പ്രദേശത്തെ മുസ്ലീം മതത്തില്‍പ്പെടുന്നവര്‍ക്ക് ഇഫ്താര്‍ വിരുന്ന് ഒരുക്കാനുള്ള തയാറെടുപ്പിലാണ് മലപ്പുറത്തെ ഒരു ക്ഷേത്രം.

വെട്ടിച്ചിറയ്ക്ക് സമീപമുള്ള പുന്നത്തല ലക്ഷ്മി നരസിംഹ മൂര്‍ത്തി വിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ചാണ് ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നത്. വെജിറ്റബിള്‍ ബിരിയാണി, സ്‌നാക്‌സ്, പഴങ്ങള്‍, ജ്യൂസുകള്‍, പ്രത്യേക റംസാന്‍ പാനിയം എന്നിവയാണ് വിരുന്നില്‍ ഉള്‍പ്പെടുത്തുന്നത്. ഇന്ന് നടക്കുന്ന ചടങ്ങില്‍ 700 പേര്‍ക്കുള്ള ഭക്ഷണങ്ങളാണ് ഉള്‍പ്പെടുത്തുന്നത്. ഇതിനായി പ്രത്യേക കമ്മിറ്റിയെ രൂപവല്‍ക്കരിച്ചിരിക്കുകയാണ് ക്ഷേത്ര സമിതി. 

സമാധാനത്തിന്റേയും മതസൗഹാര്‍ദത്തിന്റേയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നതെന്ന് ക്ഷേത്രത്തിന്റെ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി മോഹനന്‍ നായര്‍ പറഞ്ഞു. ജാതി- മത- രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രദേശത്തെ എല്ലാവരുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാട്ടിലെ എല്ലാവരേയും വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 700 ല്‍ അധികം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോഹനന്‍ പറഞ്ഞു. 

ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടിയായതുകൊണ്ട് മാംസാഹാരം ഉള്‍പ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ ശക്തികള്‍ ക്ഷേത്രത്തെ വരെ അവരുടെ അജണ്ടക്കായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കേണ്ടത് തങ്ങളുടെ കടമായാണെന്നാണ് മോഹനന്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച് ഇഫ്താര്‍ വിരുന്നില്‍ 500 ല്‍ പരം ആളുകളാണ് പങ്കെടുത്തത്. എല്ലാ വര്‍ഷവും ഇത് തുടര്‍ന്നുകൊണ്ടുപോകുന്നതിനെക്കുറിച്ച് ക്ഷേത്രത്തിന് ആലോചനയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com