ഇണചേരുന്നതിനിടെ അകാലചരമം പ്രാപിക്കുന്ന ഗാര്‍ട്ടര്‍ പാമ്പുകള്‍

കാനഡയിലെ മനിറ്റോബയിലുള്ള നാര്‍സിസ് സ്‌നേക്ക് ഡെന്‍സിലെ 'റെഡ്-സൈഡഡ് ഗാര്‍ട്ടര്‍ പാമ്പുകളാണ് അപൂര്‍വ്വ വിധിയോടെ ജീവിക്കുന്നത്. 
ഇണചേരുന്നതിനിടെ അകാലചരമം പ്രാപിക്കുന്ന ഗാര്‍ട്ടര്‍ പാമ്പുകള്‍

ല്‍പ്പായുസുള്ള ജീവികള്‍ ഒരുപാടുണ്ട് ഭൂമിയില്‍. ജനിച്ചിട്ട് ഒരാഴ്ച്ച കഴിയുമ്പോള്‍ ജീവന്‍ നഷ്ടപ്പെടുന്ന ശലഭങ്ങളും മണിക്കൂറിനുള്ളില്‍ തന്നെ ലോകത്തോട് വിടപറയുന്ന പാറ്റകളുമെല്ലാം പ്രകൃതിയിലുണ്ട്. എന്നാല്‍ ഇണ ചേര്‍ന്നതിനെ തുടര്‍ന്ന് ചത്ത് പോകുന്ന പാമ്പുകളെക്കുറിച്ച് അധികമാരും കേട്ടുകാണില്ല. കാനഡയിലെ മനിറ്റോബയിലുള്ള നാര്‍സിസ് സ്‌നേക്ക് ഡെന്‍സിലെ 'റെഡ്-സൈഡഡ് ഗാര്‍ട്ടര്‍ പാമ്പുകളാണ് അപൂര്‍വ്വ വിധിയോടെ ജീവിക്കുന്നത്. 

ലോകത്തില്‍ ഏറ്റവുമധികം പാമ്പുകള്‍ സംഗമിക്കുന്ന ഈ കേന്ദ്രത്തില്‍ അരലക്ഷത്തിലേറെ പാമ്പുകള്‍ ഇവിടെ കുന്നുകൂട്ടിയിട്ടതു പോലെ പുളഞ്ഞു നടക്കുകയാണ്. അവയ്ക്കിടയിലൂടെ നമ്മള്‍ നടന്നാലോ, അടുത്ത് കിടന്നാലോ ഒന്നും ചെയ്യില്ല. കയ്യില്‍ കോരിയെടുത്താല്‍ പോലും അവ ഉപദ്രവിക്കില്ല. അങ്ങനെ കറുത്ത ശരീരത്തില്‍ ചുവപ്പും മഞ്ഞയും നിറമുള്ള ഈ പാമ്പുകളെ കാണാന്‍ നാര്‍സിസ് സ്‌നേക്ക് പാര്‍ക്കിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്താറുണ്ടെന്നാണ് വിവരം.

ഏപ്രില്‍ അവസാനം മുതല്‍ മേയ് അവസാനം വരെയും സെപ്റ്റംബറിലും ഇവിടെയിങ്ങനെ പാമ്പുകള്‍ ഒഴുകി നടക്കും. ഏതാനും വര്‍ഷം മുന്‍പ് ഒരു സീസണില്‍ അധികൃതര്‍ നടത്തിയ കണക്കെടുപ്പില്‍ എഴുപത്തി അയ്യായിരത്തിലേറെ പാമ്പുകളുണ്ടെന്നാണ് കണ്ടെത്തിയത്. 

ഇനി ഇത്രയേറെ പാമ്പുകള്‍ക്കിടയില്‍ നിന്നിട്ടും അവ ആക്രമിക്കാത്തത് എന്താണെന്ന് ചോദിച്ചാല്‍ അതിന് അവയ്ക്ക് സമയമില്ല എന്നു തന്നെ പറയേണ്ടി വരും. മാത്രവുമല്ല മനുഷ്യനെ കൊല്ലാവുന്നത്ര വിഷവുമില്ല. കടിച്ചാല്‍ത്തന്നെ വിഷത്തേക്കാളേറെ അവയുടെ പശിമയുള്ള ഉമിനീര് കടത്തിവിടുന്ന വിധത്തിലാണ് പല്ലിന്റെ സ്ഥാനവും. 

ഇണചേരുന്നതിനാണ് ഈ പാമ്പുകള്‍ ഇങ്ങനെ ഒരിടത്ത് ഒത്തുചേരുന്നത്. ഇത്തരത്തില്‍ ഒത്തു ചേരുന്നത്. വസന്തകാലത്തിന്റെ ആരംഭത്തിലാണ്. കാനഡയിലെ കനത്ത മഞ്ഞുപെയ്യുന്ന കാലത്ത് ഗാര്‍ട്ടര്‍ പാമ്പുകള്‍  ഭൂമിക്കടിയിലെ പാറക്കെട്ടുകള്‍ക്കിടയിലുള്ള വിള്ളലുകളിലും മാളങ്ങളിലുമെല്ലാമായിരിക്കും. 

ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് സമുദ്രത്താല്‍ ചുറ്റപ്പെട്ട പ്രദേശമായിരുന്നു മനിറ്റോബ എന്നാണ് ഗവേഷകര്‍ പറയുന്നത്. സമുദ്രം പിന്‍വാങ്ങിയെങ്കിലും അന്നുണ്ടായിരുന്ന ചുണ്ണാമ്പുകല്ലുകള്‍ ഇന്നും ഭൂമിക്കടിയിലുണ്ട്. അവയില്‍ അനേകം അടരുകളുമുണ്ട്. മഴ പെയ്യുമ്പോള്‍ ആവശ്യത്തിന് വെള്ളം കയറുകയും ചെയ്യും. പതിനായിരക്കണക്കിനു വരുന്ന പാമ്പുകള്‍ക്കാകട്ടെ മഞ്ഞുകാലത്ത് കഴിയാന്‍ പറ്റിയ ഏറ്റവും നല്ല താവളവുമാണ് ഇത്.

ഇണചേരാനുള്ള മുന്‍കരുതലെന്ന നിലയില്‍ മഞ്ഞുകാലത്തെ വിശ്രമജീവിതത്തിനിടെ ആണ്‍ ഗാര്‍ട്ടര്‍ പാമ്പുകള്‍ ഭക്ഷണം കഴിക്കാറില്ല. ഏപ്രില്‍ അവസാനമോ മേയ് ആദ്യവാരമോ ആകുമ്പോള്‍ ആണ്‍ പാമ്പുകള്‍ ഓരോന്നായി സൂര്യപ്രകാശത്തിലേക്ക് തലനീട്ടും. അവയങ്ങനെ പരതി നടക്കുമ്പോഴായിരിക്കും പെണ്‍പാമ്പുകളുടെ വരവ്. 

ആണുങ്ങളേക്കാള്‍ വലുപ്പം കൂടുതലാണ് പെണ്‍ ഗാര്‍ട്ടറുകള്‍ക്ക്. ഇവ ഒരു തരം ഫിറോമോണ്‍ പുറപ്പെടുവിക്കുന്നതോടെയാണ് ഇണചേരാനായി ആണ്‍പാമ്പുകള്‍ അടുക്കുന്നത്. ഒരു പെണ്‍പാമ്പിനടുത്തെത്തുക അന്‍പതിലേറെ ആണ്‍പാമ്പുകളാണ്. അതിനാല്‍ത്തന്നെ അവ ഒന്നിനു മേല്‍ ഒന്നായി ഒരു പന്തുപോലെ രൂപം പ്രാപിക്കും. 

ഇത്തരത്തില്‍ മരത്തിലും പാറക്കൂട്ടങ്ങളിലുമൊക്കെ ഉരുണ്ടുനടക്കുന്ന പാമ്പുകൂട്ടങ്ങള്‍ക്ക് mating balls എന്നാണ് ഓമനപ്പേര്. ഇണചേരുന്നതിനിടെ ശരാശരി 300 ആണ്‍പാമ്പെങ്കിലും ശ്വാസംമുട്ടി മരിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇണചേരല്‍ കൃത്യമാകുന്നതിന് മഞ്ഞുകാലത്ത് 'ഉപവാസ'മെടുത്ത് ഊര്‍ജം ശേഖരിക്കുന്നതിനാല്‍ അവ ഈ അധ്വാനത്തിനിടയില്‍ വളരെ പെട്ടെന്നു തന്നെ നശിച്ചുപോകും. ഒരു തവണ ബീജം പുറന്തള്ളുമ്പോള്‍ 18% ഊര്‍ജമാണ് നഷ്ടപ്പെടുന്നത്. അതിനാല്‍ത്തന്നെ ചെറിയ പാമ്പുകള്‍ക്ക് ഇണചേരലിനൊടുവില്‍ അകാലചരമമാണു വിധി.

80 ശതമാനം വരുന്ന ഗാര്‍ട്ടര്‍ പാമ്പുകളും അടുത്ത മഞ്ഞുകാലം കാണില്ല എന്നും ഗവേഷകര്‍ പറയുന്നു. അതിനാല്‍ത്തന്നെ ഇണചേരല്‍ കാലം ഗാര്‍ട്ടര്‍ പാമ്പുകളുടെ ജീവനെടുക്കല്‍ കാലമാണെന്നു കൂടിയാണ് അറിയപ്പെടുന്നത്. ഇണചേര്‍ന്നു കഴിഞ്ഞാല്‍ ബീജം വര്‍ഷങ്ങളോളം സൂക്ഷിക്കാന്‍ പെണ്‍പാമ്പുകള്‍ക്കാകും. മുട്ടയിടാതെ ഇവ പ്രസവിക്കുകയാണു പതിവ്. ഒറ്റ പ്രസവത്തില്‍ത്തന്നെ അന്‍പതോളം കുഞ്ഞുങ്ങളുമുണ്ടാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com