കൊച്ചി പഴേ കൊച്ചി തന്നെ; ഇതിനപ്പുറം 'റിയലിസ്റ്റിക്' ആകാനില്ലെന്ന് തെളിയിച്ച് ഒരു പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് 

തങ്ങള്‍ കണ്ട കൊച്ചിയെന്താണെന്ന് സ്വന്തം പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടിലൂടെ പറഞ്ഞുതരികയാണ് പാലക്കാടുകാരായ ശ്യാം പ്രകാശും രംഗീതാ രാധാകൃഷ്ണനും
കൊച്ചി പഴേ കൊച്ചി തന്നെ; ഇതിനപ്പുറം 'റിയലിസ്റ്റിക്' ആകാനില്ലെന്ന് തെളിയിച്ച് ഒരു പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് 

കൊച്ചിയില്‍ വെഡിങ് ഫോട്ടോഷൂട്ട് നടത്തണമെന്ന് തീരുമാനിച്ചാല്‍ എന്താണ് മനസില്‍ വരുന്നത്? ബോള്‍ഗാട്ടി ദ്വീപ്, മറൈന്‍ ഡ്രൈവ്, ഫോര്‍ട്ട് കൊച്ചി, അല്ലെങ്കില്‍ ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിലെ പുല്‍ത്തകിടി. എന്നാല്‍ കൊച്ചി യഥാര്‍ഥത്തില്‍ ഇതൊന്നുമല്ലെന്ന് കൊച്ചിക്കാര്‍ക്കറിയാം. തങ്ങള്‍ കണ്ട കൊച്ചിയെന്താണെന്ന് സ്വന്തം പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടിലൂടെ പറഞ്ഞുതരികയാണ് പാലക്കാടുകാരായ ശ്യാം പ്രകാശും രംഗീതാ രാധാകൃഷ്ണനും.

കഴിഞ്ഞ ഫെബ്രുവരി നാലാം തിയതി വിവാഹിതരായ ഇരുവരും ഐടി രംഗത്ത് ജോലിചെയ്യുന്നവരാണ്. ഇന്‍ഫോപാര്‍ക്ക് എംപ്ലോയികളായ ഇവര്‍ വിവാഹശേഷം താമസം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. കൊച്ചിയിലെത്തിയ തങ്ങളുടെ ആദ്യ ദിനം എന്ന ആശയത്തില്‍ നഗരത്തിലെ ഒരു ദിനത്തിലെ കാഴ്ചകളാണ് ഇവരുടെ പോസ്റ്റ് വെഡ്ഡിങ് ഫോട്ടോകളില്‍ പ്രമേയമായിരിക്കുന്നത്. കൊച്ചിയില്‍ എടുത്തുപറയാന്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും തങ്ങള്‍ കേന്ദ്രീകരിച്ചത് നഗരത്തിലെ മാലിന്യ പ്രശ്‌നവും കൊതുക് ശല്യവും ഗതാഗതകുരുക്കുമാണെന്ന് ഫോട്ടോകള്‍ ക്യാമറയില്‍ പകര്‍ത്തിയ പലേറ്റ് മീഡിയ ഫേസ്ബുക്കില്‍ കുറിച്ചു. 

ശ്യാമും രംഗീതയും തങ്ങളുടെ വിലയേറിയ സമയം ഇത്തരം സാമൂഹികപ്രശ്‌നങ്ങളെ മുന്നോട്ടുകൊണ്ടുവരാന്‍ കാണിച്ച ആവേശത്തിന് നന്ദിപറഞ്ഞുകൊണ്ടാണ് പലേറ്റ് മീഡിയ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്. ജീവിതം റോസാപൂക്കള്‍ കൊണ്ട് അലങ്കരിച്ച സുന്ദര പാത മാത്രമല്ലെന്നും ചുറ്റുമുള്ള സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുക എന്നത് എല്ലാവരുടെയും കടമയാണെന്ന് ഇവര്‍ തെളിയിച്ചിരിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു.  

ഫേസ്ബുക്കിലോടെ പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായവുമായി ഇതിനോടകം നിരവധി ആളുകള്‍ എത്തികഴിഞ്ഞു. ചിലര്‍ കൊച്ചിയിലെ പ്രശ്‌നങ്ങളെ എടുത്തുകാട്ടിയ ഇവരുടെ ആശയത്തെ അഭിനന്ദിച്ചപ്പോള്‍ മറ്റു ചിലര്‍ കൊച്ചി അത്ര മോശമല്ല, അങ്ങനെ തോന്നുന്നവര്‍ ഇവിടേക്ക് വരണ്ട എന്ന അഭിപ്രായക്കാരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com