മഞ്ഞ് മൂടിയ തോട്ടങ്ങളില്‍ ആപ്പിള്‍ തിരഞ്ഞ് കര്‍ഷകര്‍: കരളലിയിപ്പിക്കുന്ന ഈ കാഴ്ച കണ്ടു നില്‍ക്കാനാകില്ല (വീഡിയോ)

അരയ്‌ക്കൊപ്പവും അതില്‍ കൂടുതലും മഞ്ഞാണ് പലയിടത്തും.
മഞ്ഞ് മൂടിയ തോട്ടങ്ങളില്‍ ആപ്പിള്‍ തിരഞ്ഞ് കര്‍ഷകര്‍: കരളലിയിപ്പിക്കുന്ന ഈ കാഴ്ച കണ്ടു നില്‍ക്കാനാകില്ല (വീഡിയോ)

ശ്രീനഗര്‍: കശ്മീരി ആപ്പിളിന് ഇന്ത്യയിലെങ്ങും ആവശ്യക്കാരേറെയാണ്. മഞ്ഞില്‍ വളരുന്ന അതിന്റെ ഗുണവും രുചിയും തന്നെയാണ് ആളുകള്‍ക്കിടയില്‍ ഡിമാന്‍ഡ് കൂട്ടാന്‍ കാരണം. എന്നാല്‍ ആ ആപ്പിള്‍ തോട്ടങ്ങളുടെ സമൃദ്ധിയും മനോഹാരിതയുമൊന്നും ഇനി അടുത്തൊന്നും ആസ്വദിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. 

ഇന്ന് അവിടുത്തെ സ്ഥിതി വളരെ മോശമാണ്. ഹൃദയഭേകമായ കാഴ്ചകളാണ് കശ്മീരിലെ ആപ്പിള്‍ പാടങ്ങളില്‍ നിന്നും വരുന്നത്. കനത്ത മഞ്ഞുവീഴ്ച മൂലമുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. മഞ്ഞ്മൂടിയ കൃഷിത്തോട്ടത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ ആപ്പിള്‍ മരങ്ങള്‍ തിരയുന്ന യുവകര്‍ഷന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. 

മഞ്ഞു മലകളില്‍ നഗ്നമായ കൈകള്‍ കൊണ്ടാണ് പലരും ആപ്പിള്‍ തിരഞ്ഞെടുക്കുന്നത്. അരയ്‌ക്കൊപ്പവും അതില്‍ കൂടുതലും മഞ്ഞാണ് പലയിടത്തും. ഏറെ പണിപ്പെട്ടാണ് ഈ കര്‍ഷകര്‍ ഓരോ ആപ്പിളും മഞ്ഞില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നത്. 

പ്രതീക്ഷിക്കാതെ ഏറെ നേരത്തെ എത്തിയ ശൈത്യകാലമാണ് കശ്മീരിലെ കാര്‍ഷിക മേഖലയേയും ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയെയും തകര്‍ത്തത്. ഒറ്റ ദിവസം കൊണ്ടാണ് കര്‍ഷകര്‍ക്ക് ഈ ദുരന്തം നേരിടേണ്ടി വന്നത്. പലരുടെയും ആപ്പിള്‍ തോട്ടങ്ങള്‍ തന്നെ മഞ്ഞില്‍ മുങ്ങിപ്പോയി അവസ്ഥയാണ്. വര്‍ഷങ്ങള്‍ കൊണ്ട് വളര്‍ത്തി കൊണ്ട് വന്ന ആപ്പിള്‍ മരങ്ങള്‍ ഒടിഞ്ഞു തൂങ്ങി. പലതും പൂര്‍ണമായും നശിച്ചു. പല കര്‍ഷകര്‍ക്കും തങ്ങള്‍ക്ക് ഉണ്ടായ നഷ്ടത്തിന്റെ വ്യാപ്തി എത്രയെന്ന് തിരിച്ചറിയാന്‍ പോലും കഴിയാതെ തരിച്ച് നില്‍ക്കുകയാണ്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കശ്മീരില്‍ മഞ്ഞ് വീഴ്ച തുടങ്ങിയത്. പ്രദേശത്തെ വാര്‍ത്താ വിനിമയ സംവിധാനങ്ങളും ഗതാഗതവും പൂര്‍ണമായും തടസപ്പെട്ടു. പല സ്ഥലങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിച്ച് വരുന്നതേയുള്ളു. ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. പക്ഷെ ദിവസങ്ങളല്ല വര്‍ഷങ്ങള്‍ കഴിഞ്ഞാലും തങ്ങളുടെ സാധാരണ ജീവിതം തിരിച്ചു വരില്ലെന്നാണ് ആപ്പിള്‍ കര്‍ഷകര്‍ പറയുന്നത്. 

20 ലക്ഷത്തോളം ആളുകളുടെ ഉപജീവനമായ ആപ്പിള്‍ വ്യാപാര മേഖല തന്നെ തകര്‍ന്നിരിക്കയാണ്. ഈ വര്‍ഷത്തെ കൃഷി നശിച്ചതിനേക്കാള്‍ കര്‍ഷകരെ ബാധിക്കുക ആപ്പിള്‍ മരങ്ങള്‍ നശിച്ചതാണ്. പുതിയ മരങ്ങള്‍ നട്ട് കായ്ക്കാന്‍ തുടങ്ങണമെങ്കില്‍ ചുരുങ്ങിയത് 16 വര്‍ഷമെങ്കിലും വേണം.

500 കോടിയിലധികം രൂപയുടെ നഷ്ടം കൃഷിക്കാര്‍ക്ക് ഉണ്ടായതായാണ് കശ്മീര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വിലയിരുത്തുന്നത്. 20000 മെട്രിക്ക് ടണ്‍ ആപ്പിളുകളായിരുന്നു ഈ വര്‍ഷം വിളവെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ വലിയൊരു ഭാഗം മഞ്ഞുവീഴ്ചയില്‍ നശിച്ചു കഴിഞ്ഞു. മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആപ്പിള്‍ കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം സര്‍ക്കാര്‍ ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com