ജീവനക്കാര്‍ വിമാനത്താവളത്തില്‍ തറയില്‍ കിടന്നുറങ്ങി: വിമാനക്കമ്പനി പിരിച്ച് വിട്ടു

റയാന്‍ എയറിന്റെ ഒരു വിമാനം വഴിതിരിച്ച് വിട്ടതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ വിമാനത്തിലെ ജീവനക്കാര്‍ക്കാണ് മലാഗ വിമാനത്താവളത്തില്‍ തങ്ങേണ്ടി വന്നത്.
ജീവനക്കാര്‍ വിമാനത്താവളത്തില്‍ തറയില്‍ കിടന്നുറങ്ങി: വിമാനക്കമ്പനി പിരിച്ച് വിട്ടു

ഡബ്ലിന്‍: വിമാനത്തവളത്തില്‍ വെറും നിലത്ത് കിടന്നുറങ്ങിയ ജീവനക്കാരെ പ്രമുഖ വിമാനക്കമ്പനിയായ റയാന്‍ എയറില്‍ നിന്നും പിരിച്ചുവിട്ടു. പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും പൊതുജന മധ്യത്തില്‍ കമ്പനിയുടെ സല്‍പേര് മോശമാക്കിയെന്നും ആരോപിച്ചാണ് ഇവരെ പുറത്താക്കിയത്. വിമാനത്താവളത്തില്‍ നിലത്ത് കിടന്നുറങ്ങുന്ന ആറ് ജീവനക്കാരുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് നടപടി.

റയാന്‍ എയറിന്റെ ഒരു വിമാനം വഴിതിരിച്ച് വിട്ടതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ വിമാനത്തിലെ ജീവനക്കാര്‍ക്കാണ് മലാഗ വിമാനത്താവളത്തില്‍ തങ്ങേണ്ടി വന്നത്. മറ്റ് സൗകര്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ വിമാനത്താവളത്തില്‍ വെറും നിലത്ത് കിടന്നുറങ്ങുകയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ പതിനാലിനാണ് റയാന്‍ എയറിന്റെ പോര്‍ച്ചുഗലിലേക്കുള്ള വിമാനം വഴിതിരിച്ച് വിട്ടത്. 

ഇവര്‍ നിലത്ത് കിടന്നുറങ്ങുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഇതോടെ ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നില്ലെന്ന രൂക്ഷ വിമര്‍ശനമാണ് റയാന്‍ എയറിന് നേരിടേണ്ടി വന്നത്. തുടര്‍ന്ന് വിമാനജീവനക്കാരുടെ സംഘടന റയാന്‍ എയറിനെതിരെ രംഗത്തെത്തി. ജീവനക്കാര്‍ക്ക് ആവശ്യമായ ഭക്ഷണവും വിശ്രമിക്കാനാവശ്യമായ സൗകര്യവും നല്‍കിയില്ലെന്ന് സംഘടന കുറ്റപ്പെടുത്തി. 

എന്നാല്‍ കുറച്ചുസമയം മാത്രമാണ് ജീവനക്കാര്‍ക്ക് അസൗര്യമുണ്ടായതെന്നും വേഗം തന്നെ ഇവരെ വിഐപി ലോഞ്ചിലേക്ക് മാറ്റിയെന്നും ചിത്രം പ്രചരിച്ചതിനു പിന്നാലെ റയാന്‍ എയര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

തുടര്‍ന്നാണ് ഈ ജീവനക്കാര്‍ക്കെതിരെ കമ്പനി നടപടിയെടുത്തത്. കമ്പനിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചുവെന്നും വിവിധയിടങ്ങളില്‍ നിന്ന് റയാന്‍ എയറിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത് ഇവരുടെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ടാണെന്നും കാണിച്ചാണ് ആറുപേരെയും പിരിച്ചു വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com