വരും വര്‍ഷങ്ങളെ കാത്തിരിക്കുന്നത് ഉഷ്ണക്കാറ്റും അതിശൈത്യവും, പ്രകൃതിദുരന്തങ്ങളും ; ഗ്രീന്‍ലന്റില്‍ സ്ഥലം വാങ്ങാന്‍ ആരംഭിച്ചോളൂവെന്ന് ശാസ്ത്രജ്ഞര്‍

ഇന്ത്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഉഷ്ണമേഖലാ തീരപ്രദേശങ്ങളെയാവും കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുക. ഗ്രീന്‍ലന്റിലാവും പ്രകൃതിക്ഷോഭം ഏറ്റവും കുറഞ്ഞ നിരക്കില്‍ അനുഭവപ്പെടുകയെന്നും
വരും വര്‍ഷങ്ങളെ കാത്തിരിക്കുന്നത് ഉഷ്ണക്കാറ്റും അതിശൈത്യവും, പ്രകൃതിദുരന്തങ്ങളും ; ഗ്രീന്‍ലന്റില്‍ സ്ഥലം വാങ്ങാന്‍ ആരംഭിച്ചോളൂവെന്ന് ശാസ്ത്രജ്ഞര്‍

പാരിസ്: ഭൂമിയെ കാത്തിരിക്കുന്നത് അതിഭീകരമായ പ്രകൃതിദുരന്തങ്ങളെന്ന് കാലാവസ്ഥാ നിരീക്ഷണ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളും ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങളിലൂടെ കടന്നു പോകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാറ്റും പേമാരിയും ഉഷ്ണക്കാറ്റും കാട്ടുതീയും ഇനിയുള്ള വര്‍ഷങ്ങളില്‍ സാധാരണ സംഭവമായി പരിണമിച്ചേക്കാമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഹവായ് സര്‍വകലാശാലയിലെ പ്രൊഫസറായ എറിക് ഫ്രാങ്ക്‌ലിന്‍ പറയുന്നത്.
 
 അന്തരീക്ഷ താപനില അനിയന്ത്രിതമായി ഉയരുന്നുണ്ടെന്നും ഇതോടെ വരണ്ട പ്രദേശങ്ങള്‍ എളുപ്പത്തില്‍ കാട്ടുതീ പടര്‍ത്തുമെന്നും കലിഫോര്‍ണിയയിലെ കാട്ടുതീയെ ഉദാഹരിച്ച് ശാസ്ത്രസംഘം പറയുന്നു. ചൂടുകാറ്റും വരള്‍ച്ചയും ഇതോടൊപ്പം ഉണ്ടാവാം. തണുപ്പ്കാലത്ത് മഞ്ഞുറയുന്നതിനും പെരുമഴയ്ക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യതകളെ തള്ളിക്കളയണ്ട. ഇതിനും പുറമേ സമുദ്രങ്ങളില്‍ വലിയ തിരമാലകള്‍ ഉണ്ടാകുമെന്നും ഇത് മത്സ്യബന്ധനത്തെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

 ഇത്തരം കാലാവസ്ഥാ മാറ്റങ്ങളുടെ ഉദാഹരമാണ് ഫ്‌ളോറിഡ. കഴിഞ്ഞ വര്‍ഷം മാത്രം കടുത്ത വരള്‍ച്ചയും ഉയര്‍ന്ന താപനിലയുമാണ് ഫ്‌ളോറിഡയില്‍ രേഖപ്പെടുത്തിയത്. 100 ലേറെത്തവണ ഈ പ്രദേശത്ത് കാട്ടുതീ പടരുകയും മിഷേല്‍ ചുഴലിക്കാറ്റ് നാശം വിതയ്ക്കുകയും ചെയ്തു.

 ഏതെങ്കിലും ഒരു പ്രകൃതിദുരന്തത്തെ മാത്രം കണക്കിലെടുത്ത് പ്രതിരോധിക്കാന്‍ തുടങ്ങിയാല്‍ അത് മറ്റുള്ള ദുരന്തങ്ങളുടെ കാഠിന്യം വര്‍ധിപ്പിക്കും. ആഗോളതാപനത്തെ പ്രതിരോധിക്കാനുള്ള ശേഷി മനുഷ്യന്‍ ആര്‍ജ്ജിക്കുകയാണെങ്കില്‍ പോലും ന്യൂയോര്‍ക്കിലുള്ളവര്‍ക്ക്  ഒരു പ്രകൃതി ദുരന്തമെങ്കിലും വര്‍ഷത്തില്‍ അഭിമുഖീകരിക്കേണ്ടി വരും. അല്ലാത്തപക്ഷം ഒരു വര്‍ഷം നാല് പ്രകൃതിദുരന്തങ്ങള്‍ വീതം കരുതിയിരുന്നോളൂവെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഇന്ത്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഉഷ്ണമേഖലാ തീരപ്രദേശങ്ങളെയാവും കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുക. ഗ്രീന്‍ലന്റിലാവും പ്രകൃതിക്ഷോഭം ഏറ്റവും കുറഞ്ഞ നിരക്കില്‍ അനുഭവപ്പെടുകയെന്നും അതുകൊണ്ട്  ഗ്രീന്‍ലന്റില്‍ ഭൂമി വാങ്ങുന്നതിനെ കുറിച്ച് ഇന്നേ ചിന്തിച്ച് തുടങ്ങാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com