അന്ന് ഇളയച്ഛന്റെ കൊലപാതകി, ഇന്ന് 20കാരിയുടെ രക്ഷകന്‍; ഈ പട്ടാമ്പിക്കാരന്‍ ഇപ്പോള്‍ നാടിന് അഭിമാനമാണ്

വൃക്ക ദാനം ചെയ്ത് 20 കാരിയായ പെണ്‍കുട്ടിക്ക് ജീവന്‍ തിരിച്ചു നല്‍കിയിരിക്കുകയാണ് സുകുമാരന്‍
അന്ന് ഇളയച്ഛന്റെ കൊലപാതകി, ഇന്ന് 20കാരിയുടെ രക്ഷകന്‍; ഈ പട്ടാമ്പിക്കാരന്‍ ഇപ്പോള്‍ നാടിന് അഭിമാനമാണ്

കൊച്ചി: കുടുംബത്തിന് അവകാശപ്പെട്ട സ്ഥലത്ത് മൊബൈല്‍ ടവര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പട്ടാമ്പിക്കാരനായ എ. സുകുമാരനെ കൊലപാതകിയാക്കിയത്. വാക്ക് തര്‍ക്കത്തിനൊടുവിന്‍ സുകുമാരന്‍ ഇളയച്ഛനെ ക്രൂരമായി കൊലപ്പെടുത്തുന്നത്. ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് സുകുമാരന്‍ ജയില്‍ മോചിതനായി. എന്നാല്‍ ഇപ്പോള്‍ കൊലയാളി എന്ന പേരില്‍ അല്ല സുകുമാരന്‍ അറിയപ്പെടുന്നത്. 20 കാരി പെണ്‍കുട്ടിയ്ക്ക് ജീവന്‍ നല്‍കിയ രക്ഷകനായിട്ടാണ്. 

പാലക്കാട് പട്ടാമ്പി സ്വദേശിയാണ് തന്റെ പ്രവൃത്തിയിലൂടെ നാടിന് തന്നെ അഭിമാനമായി മാറിയിരിക്കുന്നത്. തന്റെ കിഡ്‌നി ദാനം ചെയ്ത് 20 കാരിയായ പെണ്‍കുട്ടിക്ക് ജീവന്‍ തിരിച്ചു നല്‍കിയിരിക്കുകയാണ് സുകുമാരന്‍. തന്റെ തെറ്റിന് പ്രായശ്ചിത്തമായാണ് സുകുമാരന്‍ വൃക്ക ദാനം ചെയ്തത്. കൊല ചെയ്തതിന് ശേഷം തന്റെ ഇളയച്ഛന്റെ കുടുംബത്തെ അനാഥമാക്കിയല്ലോ എന്ന ദുഃഖത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം. 2010 ഒക്‌റ്റോബര്‍ 28 നാണ് കൊലപാതകം നടക്കുന്നത്. ജയില്‍ ശിക്ഷ അനുഭവിക്കുന്ന സമയത്ത് അറിഞ്ഞ ഒരു വാര്‍ത്തയിലൂടെയാണ് വൃക്കദാനം ചെയ്യുന്ന ആശയത്തിലേക്ക് സുകുമാരന്‍ എത്തുന്നത്. ആര്യ മഹാരഷിയും ഭാര്യയും സൗജന്യമായി വൃക്കദാനം ചെയ്തു എന്ന വാര്‍ത്ത. 

2015 ല്‍ 26 വയസുകാരനായ ശ്രീകുമാര്‍ എന്ന യുവാവിന് വൃക്ക ആവശ്യമുണ്ടെന്ന് സുകുമാരന്‍ അറിഞ്ഞു. എന്നാല്‍ തടവുകാര്‍ അവയവദാനം ചെയ്യാന്‍ നിയമമില്ലെന്ന് സംസ്ഥാന ജയില്‍ വിഭാഗം അറിയിച്ചതോടെ അന്ന് സാധിച്ചില്ല. ശ്രീകുമാര്‍ മരിച്ചു എന്ന വാര്‍ത്തയാണ് പിന്നീട് സുകുമാരനെ തേടിയെത്തിയത്. ഇതിനെതുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയ്ക്കും സുകുമാരന്‍ കത്തെഴുതി. ഇതിന്റെ ഭാഗമായി 2016 ല്‍ തടവുകാര്‍ക്ക് അവയവം ധാനം ചെയ്യാം എന്ന് പുതിയ നിയമം വന്നും. 

2017 ല്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ടും അവയവദാനം എന്ന ചിന്തയില്‍ അദ്ദേഹം ഉറച്ചുനിന്നു. ഗുരുവായൂര്‍ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ എത്തി അവയവം ദാനം ചെയ്യാനുള്ള താല്‍പ്പര്യം അറിയിച്ചു. പാവപ്പെട്ട വീട്ടില്‍ നിന്നുള്ളവരാണെങ്കില്‍ നല്ലതായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് അഞ്ച് വര്‍ഷമായി ഡയാലിസിസ് ചെയ്യുന്ന പ്രിന്‍സി തങ്കച്ചനെക്കുറിച്ച് അറിയുന്നത്. സുകുമാരന്‍ അവയവം ദാനം ചെയ്യുക മാത്രമല്ല നിരവധി കാര്യങ്ങളില്‍ സഹായിച്ചു എന്നാണ് പ്രിന്‍സിയുടെ അച്ഛന്‍ പറഞ്ഞത്. ഇതു മാത്രമല്ല തനിക്ക് പറ്റാവുന്ന രീതിയില്‍ മറ്റുള്ളവരെ സഹായിക്കാന്‍ സുകുമാരന്‍ എപ്പോഴും ശ്രമിക്കുന്നുണ്ട്. 47 കാരനായ അദ്ദേഹം ഇപ്പോള്‍ ലോട്ടറി ടിക്കറ്റ് വിറ്റാണ് ജീവിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com