'അതൊരു സാധാരണ അടിവസ്ത്രം മാത്രമല്ലേ' ; മാന്യന്മാരുടെ മുഖംമൂടികൾ ഒന്നൊന്നായി അഴിഞ്ഞുവീഴുന്നു; ‘മി ടൂ’ ക്യാംപയിൻ ആളിക്കത്തുന്നു

ലോകമെങ്ങും പടർന്നുപിടിക്കുകയാണ് ‘മി ടൂ’ ക്യാംപയിൻ. ഇങ്ങ് മലയാള നടനും എംഎൽഎയുമായ മുകേഷിനെതിരെ വരെ ആരോപണം എത്തിക്കഴിഞ്ഞു
'അതൊരു സാധാരണ അടിവസ്ത്രം മാത്രമല്ലേ' ; മാന്യന്മാരുടെ മുഖംമൂടികൾ ഒന്നൊന്നായി അഴിഞ്ഞുവീഴുന്നു; ‘മി ടൂ’ ക്യാംപയിൻ ആളിക്കത്തുന്നു

ലോകമെങ്ങും പടർന്നുപിടിക്കുകയാണ് ‘മി ടൂ’ ക്യാംപയിൻ. ഇങ്ങ് മലയാള നടനും എംഎൽഎയുമായ മുകേഷിനെതിരെ വരെ ആരോപണം എത്തിക്കഴിഞ്ഞു. 2017 ഒക്ടോബര്‍ 15ന് ഹോളിവുഡ് നടി അലീസ മിലാനോ ഇട്ട ട്വീറ്റാണ് ഇപ്പോൾ തീപ്പൊരിയായി പടർന്നുപിടിക്കുന്നത്. ഹോളിവുഡും ബോളിവുഡും കടന്ന് കായിക, രാഷ്ട്രീയ, മാധ്യമ, സാഹിത്യ മേഖലകളിലൊക്കെ ഇപ്പോ അതിന്റെ പ്രതിധ്വനികൾ മുഴങ്ങുകയാണ്. 

‘എന്നെങ്കിലും നിങ്ങൾ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കിൽ ‘മി ടൂ’ എന്ന് സ്റ്റാറ്റസിടുക. എത്രമാത്രം വ്യാപിച്ചിരിക്കുകയാണ് ഈ പ്രശ്നമെന്ന് നമുക്കീ ലോകത്തെ അറിയിക്കണം ’. ഇതായിരുന്നു അലീസ മിലാനോയുടെ ട്വീറ്റ്. സമൂഹത്തിൽ മാന്യന്മാരെന്നു കരുതിയിരുന്ന പലരുടേയും മുഖംമൂടികൾ ഇപ്പോൾ അഴിഞ്ഞുവീഴുകയാണിപ്പോൾ. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും ശക്തമായ ക്യാമ്പയ്നായി സം​ഗതി ഇപ്പോൾ മാറിയിരിക്കുന്നു. 

ദിവസങ്ങൾക്ക് മുൻപ് ബോളിവുഡ് താരം തനുശ്രീ ദത്ത നടൻ നാനാപടേക്കറിൽ നിന്നേറ്റ അപമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞതോടെയാണ് ഇന്ത്യയിൽ ഇതിന്റെ തീപ്പൊരി പടർന്നത്. 2008ൽ ‘ഹോൺ ഒകെ പ്ലീസ്’ എന്ന സിനിമയുടെ ഡാൻസ് റിഹേഴ്സലിനിടെ നാനാ പടേക്കർ മോശമായി ശരീരഭാഗങ്ങളിൽ സ്പർശിച്ചെന്നും ചീത്ത രീതിയിൽ ഇടപെട്ടെന്നുമായിരുന്നു പരാതി. സംവിധായകനോടും നിർമാതാവിനോടും പരാതിപ്പെട്ടപ്പോൾ കള്ളക്കേസുണ്ടാക്കി അവർ തനിക്കെതിരെ പരാതി കൊടുത്തുവെന്നും തനുശ്രീ വെളിപ്പെടുത്തി. 

തനുശ്രീക്ക് പിന്തുണ പ്രഖ്യാപിച്ച്, നിനക്കൊപ്പം ‘ഞാനും’ എന്ന വെളിപ്പെടുത്തലുമായി ഒട്ടേറെ പേർ രംഗത്തു വന്നു, അതു തുടരുകയാണിപ്പോഴും. പ്രതിസ്ഥാനത്തുള്ളവരിൽ ചിലർ മാപ്പു പറഞ്ഞു, ചിലർ ഇനിയും തെറ്റേറ്റു പറയാതെയിരിക്കുന്നു, ഇനിയും ചിലർ അധികാരത്തിന്റെ കരുത്തിൽ പ്രതികാര നടപടികളുമായി മുന്നോട്ടു പോകുന്നു.

നടനും എംഎൽഎയുമായ മുകേഷിനെതിരെ പരാതിയുമായി ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് രംഗത്തെത്തിയതോടെയാണ് കേരളത്തിലും ‘മി ടൂ’ ക്യാമ്പയിനിന്റെ അലയൊലികൾ എത്തിയത്. 19 വർഷങ്ങൾക്ക് മുൻപ് ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെ ചെന്നൈയിലെ തന്റെ ഹോട്ടൽ മുറിയിലേക്ക് മുകേഷ് തുടരെ ഫോൺ ചെയ്തു. പിന്നീട് താൻ സുഹൃത്തിന്റെ മുറിയിലേക്കു മാറി. എന്നാൽ പിന്നീട് ചിത്രീകരണ സമയത്തു മുകേഷിന്റെ തൊട്ടപ്പുറത്തെ മുറിയിലേക്കു തന്നെ മാറ്റാൻ നിർദേശിച്ചെന്നും ടെസ് പറയുന്നു. എന്നാൽ സംഭവം മുകേഷ് നിഷേധിച്ചിട്ടുണ്ട്. 

കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്. വനിതാ മാധ്യമ പ്രവർത്തകരാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. മുതിർന്ന മാധ്യമപ്രവർത്തകന്‍ കൂടിയായ അക്ബർ എഡിറ്ററായിരിക്കെ നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചായിരുന്നു വെളിപ്പെടുത്തൽ. ജോലിക്ക് അഭിമുഖത്തിനെത്തിയപ്പോഴായിരുന്നു സംഭവം. ഇതിനെക്കുറിച്ച് അന്വേഷിച്ച വിദേശകാര്യ മന്ത്രാലയം റിപ്പോർട്ടും നൽകിയിട്ടുണ്ട്. അക്ബറിന്റെ മന്ത്രിസ്ഥാനം തെറിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

സംവിധായകൻ വിവേക് അഗ്നിഹോത്രി വസ്ത്രങ്ങളഴിച്ച് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടതായും തനുശ്രീ ദത്ത പരാതി പറഞ്ഞു. 2005ൽ ‘ചോക്ലേറ്റ്’ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ഇത്. നടൻ ഇർഫാന്റെ മുഖത്ത് ഭാവങ്ങൾ വരുന്നതിനായി സീനിൽ ഇല്ലാതിരുന്നിട്ടും തന്നോടു വസ്ത്രം അഴിക്കാൻ വിവേക് ആവശ്യപ്പെട്ടെന്നായിരുന്നു തനുശ്രീയുടെ പരാതി. എന്നാൽ ഇത് ഇർഫാൻ തന്നെ ഇടപെട്ടു തടയുകയും ചെയ്തു. നടൻ നാനാ പടേക്കർക്കെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു തനുശ്രീ ഇക്കാര്യവും ദേശീയമാധ്യമത്തോടു വെളിപ്പെടുത്തിയത്. 

എംഎൻഎസിന്റെ ഗുണ്ടകൾ സെറ്റിലെത്തി ഭീഷണിപ്പെടുത്തുകയും നടിയുടെ മാതാപിതാക്കൾ ഇരുന്ന കാർ തല്ലിത്തകർക്കുകയും ചെയ്തതോടെ സിനിമയിൽ നിന്നു പിന്മാറുകയായിരുന്നു. സെപ്റ്റംബർ അവസാനവാരമായിരുന്നു തനുശ്രീ ഇക്കാര്യം വെളിപ്പെടുത്തിയത്. പരാതി ലഭിച്ചിട്ടും ആ സമയത്തു നടപടിയെടുക്കാൻ സാധിക്കാത്തതിൽ സിനി ആൻഡ് ടിവി ആർടിസ്റ്റ്സ് അസോസിയേഷനും തനുശ്രീയോട് ക്ഷമാപണം നടത്തിയിരുന്നു. 

സംഭവത്തിൽ വിശദീകരണവുമായി നാനാ പടേക്കർ ഒക്ടോബർ ഒൻപതിനു വാർത്താസമ്മേളനം വിളിച്ചെങ്കിലും അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. തനുശ്രീക്ക് പിന്തുണ അറിയിച്ചു നടി കജോൾ, പൂജാഭട്ട്, രവീണ ഠണ്ഡൻ തുടങ്ങിയവർ വന്നതിനു പിന്നാലെയാണ് സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട വനിതകൾ തങ്ങൾക്കു നേരിട്ട ദുരനുഭവങ്ങളെപ്പറ്റി തുറന്നുപറച്ചിൽ നടത്തി രംഗത്തെത്തിയത്.

‘ക്വീൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനു 2014ൽ ദേശീയ പുരസ്കാരം നേടിയ കങ്കണ റണാവത്ത് സംവിധായകൻ വികാസ് ബാലിനെതിരെ രം​ഗത്തെത്തിയതും ബോളിവുഡിനെ ഞെട്ടിച്ചു. ‘പരസ്പരം ആശംസകൾ കൈമാറേണ്ട അവസരങ്ങളിൽ വികാസ് ഗാഢമായി ആലിംഗനം ചെയ്യും പിൻകഴുത്തിൽ മുഖം അമർത്തിപ്പിടിക്കും. മുടിയുടെ ഗന്ധം ആസ്വദിക്കും. എന്റെ ഗന്ധം ഇഷ്ടമാണെന്നു പറയും. അയാളുടെ പിടിത്തത്തിൽ നിന്നു വളരെ കഷ്ടപ്പെട്ടാണു മോചനം നേടിയിരുന്നത്. കങ്കണ തനിക്കേറ്റ അപമാനത്തെക്കുറിച്ച് പറയുന്നു. 

വികാസ് സ്ഥാപക പങ്കാളിയായ ഫാന്റം ഫിലിംസിലെ മുൻ ജീവനക്കാരി പീഡനാരോപണം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു കങ്കണയുടെയും പരാതി. ക്വീനിൽ അഭിനയിച്ച നടി നയനി ദീക്ഷിതും വികാസിനെതിരെ പരാതി നൽകിയിട്ടുണ്ട്. തനിക്കു നൽകിയ ഹോട്ടൽ മുറിയെപ്പറ്റി പരാതി നൽകിയപ്പോൾ തന്റെ മുറിയിലേക്കു കൂടെക്കിടക്കാൻ ക്ഷണിക്കുകയാണു വികാസ് ചെയ്തതെന്ന് നയനി പറയുന്നു.

ബോളിവുഡിന്റെ ചുവടുപിടിച്ച് ആരോപണങ്ങൾ മാധ്യമ രം​ഗത്തേക്കും പടർന്നു. പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ ഏഴോളം മാധ്യമ പ്രവർത്തകർക്കു നേരെയാണ് സഹപ്രവർത്തകർ ഉൾപ്പെടെ പരാതി നൽകിയത്. മോശം പെരുമാറ്റവും ചീത്ത ഇടപെടലും ഉൾപ്പെടെയാണ് ഇവർക്കെതിരെയുള്ള പരാതികൾ. പലരും സംഭവത്തെ തുടർന്നു രാജിവയ്ക്കുകയും സ്ഥാനത്തു നിന്നു തരംതാഴ്ത്തപ്പെടുകയും ചെയ്തിട്ടുണ്ട്. പരാതി നല്‍കിയ മാധ്യമപ്രവർത്തകർക്കു പിന്തുണയുമായി എഡിറ്റേഴ്സ് ഗിൽഡും രംഗത്തെത്തി.

നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് സന്ദേശങ്ങൾ അയച്ചതിന്റെ പേരിലായിരുന്നു സ്റ്റാൻഡ്അപ് കൊമേഡിയൻ ഉത്സവ് ചക്രവർത്തി കുടുങ്ങിയത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇയാൾ മുതിർന്ന വനിതകൾക്കും പെൺകുട്ടികൾക്കും വരെ ഇത്തരത്തിൽ സന്ദേശങ്ങളയച്ചിരുന്നു. സംഭവം ഉത്സവ് നിഷേധിച്ചിട്ടുമില്ല. ഇയാൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണിപ്പോൾ. സ്റ്റാൻഡ്അപ് കോമഡി പരിപാടിയായ എഐബിയിൽ നിന്ന് ഉത്സവിന്റെ സ്ഥാനവും തെറിച്ചു. ഇതേ പരിപാടിക്ക് തുടക്കം കുറിച്ച തന്മയ് ഭട്ടിനെതിരെയും പരിപാടിക്കൊപ്പം സഹകരിച്ചിരുന്ന ഗുർസിംറൻ ഖാംബെയ്ക്ക് എതിരെയും മോശം പെരുമാറ്റം സംബന്ധിച്ച ആരോപണം വന്നു. തന്മയ് പരിപാടിയിൽ നിന്നു പുറത്തായി, ഗുർസിംറൻ നിർബന്ധിത അവധിയിലും പ്രവേശിച്ചു.

രണ്ടു പതിറ്റാണ്ടിനു മുൻപ് തനിക്കു നേരെ നടൻ അലോക്നാഥിൽ നിന്ന് ലൈംഗിക പീഡനമേറ്റ അനുഭവമാണ് നിർമാതാവായ വിന്റ നന്ദ പങ്കുവച്ചത്. അലോകിന്റെ വീട്ടിലെ പാർട്ടിക്കു ശേഷം തിരികെ പോകുമ്പോഴായിരുന്നു സംഭവം. രാത്രി മദ്യത്തിൽ എന്തോ കലർത്തിയിരുന്നതായി സംശയമുണ്ടായിരുന്നു. ആരും തിരികെ വീട്ടിലേക്ക് കൊണ്ടു പോകാനും ഉണ്ടായിരുന്നില്ല. റോഡിലിറങ്ങി അൽപദൂരം നടന്നപ്പോൾ അലോക് കാറുമായെത്തി. അയാളുടെ ഭാര്യ വിന്റയുടെ അടുത്ത സുഹൃത്തായിരുന്നു. ആ ധൈര്യത്തിൽ കാറിൽ കയറി. പിന്നീടു ബോധം തിരികെക്കിട്ടിയപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. അക്കാലത്ത് വിന്റ നിർമിച്ച പ്രശസ്ത സീരിയൽ ‘താര’യിലെ നായികയ്ക്കു നേരെയും അലോക് അതിക്രമത്തിനു ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ അനുഭവങ്ങളും വിന്റ പങ്കുവച്ചു. 

എന്നാൽ പീഡനം നടന്നെന്നോ ഇല്ലെന്നോ അലോക് പ്രതികരിച്ചില്ല. പീഡനം നടന്നിരിക്കാം, അത് വേറെ ആരെങ്കിലുമാകാം. എല്ലാവരും സ്ത്രീകൾ പറയുന്നതു മാത്രമേ കേൾക്കുന്നുള്ളൂ അതിനാൽ തനിക്കു പറയാൻ ഒന്നുമില്ല എന്നായിരുന്നു മാധ്യമപ്രവർത്തകരോടുള്ള അലോകിന്റെ മറുപടി.

പുതിയ കാലത്തെ ഇന്ത്യൻ എഴുത്തുകാരിൽ ശ്രദ്ധേയനായ ചേതൻ ഭഗത്തും ‘മി ടൂ’ വിവാദത്തിൽപ്പെട്ടു. ചേതൻ തനിക്ക് വിവാഹാഭ്യർഥന അയച്ചതിന്റെ വാട്സാപ് സ്ക്രീൻഷോട്ടുകൾ സഹിതമായിരുന്നു യുവതിയുടെ ട്വീറ്റ്. യുവതിയോട് അടുപ്പം തോന്നുന്നെന്നു പറഞ്ഞ ചേതൻ തുടർന്നു വിവാഹാഭ്യർഥന നടത്തുകയായിരുന്നു. സംഭവം ശരിയാണെന്നു സ്ഥിരീകരിച്ച ചേതൻ ഫെയ്സ്ബുക് പോസ്റ്റിൽ യുവതിയോടും സ്വന്തം ഭാര്യ അനുഷയോടും ക്ഷമാപണം നടത്തി.

ബോളിവുഡ് നടൻ രജത് കപൂറിനെതിരെ രണ്ടു വനിതാ മാധ്യമ പ്രവർത്തകരാണ് പരാതിപ്പെട്ടത്. ഫോൺ ഇന്റർവ്യൂവിന്റെ വിവരങ്ങൾ സഹിതമായിരുന്നു പരാതി. ഇവരിൽ ഒരാളോട് രജത് കപൂർ ചോദിച്ചത് ഇങ്ങനെ: ‘നിങ്ങളുടെ ശബ്ദം പോലെത്തന്നെ സെക്സിയാണോ നിങ്ങളും...?’ മറ്റൊരു യുവതിയോട് ശരീര ഭാഗങ്ങളുടെ അളവുകളാണ് രജത് ചോദിച്ചത്. സംഭവത്തിൽ ട്വിറ്ററിലൂടെ നടൻ മാപ്പും പറഞ്ഞു. 

ഗായകൻ കൈലാഷ് ഖേറിനെതിരേ ഒരു വനിതാ മാധ്യമ പ്രവർത്തകയാണ് പരാതിയുമായി രംഗത്തെത്തിയത്. കൈലാഷിന്റെ വീട്ടിലേക്ക് വനിതാ ഫോട്ടോ ജേർണലിസ്റ്റുമായാണ് ഇവർ എത്തിയത്. എന്നാൽ ഇന്റർവ്യൂവിനിടെ അടുത്തിരുന്ന കൈലാഷ് കൈകള്‍ തന്റെ തുടയിൽ നിന്നു മാറ്റിയിട്ടില്ല. സ്കർട്ടിനു താഴെ വച്ച കൈ എടുത്തുമാറ്റാൻ തയാറാകാത്തതിനെത്തുടർന്ന് എത്രയും പെട്ടെന്ന് തിരികെ പോരുകയായിരുന്നു. ഇക്കാര്യം ഓഫീസിൽ പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് മാധ്യമപ്രവർത്തക പറയുന്നു. എന്നാൽ ഇതിനെ എതിർത്ത ഗായകൻ ഏതെങ്കിലും തരത്തിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു നൽകണമെന്നും ആവശ്യപ്പെട്ടു.

നടി സപ്ന പബ്ബിയും ബോളിവുഡിൽ നിന്നുള്ള മോശം പെരുമാറ്റത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇഷ്ടമില്ലാഞ്ഞിട്ടും ബിക്കിനി ധരിക്കാൻ നിർബന്ധിച്ചതിനെപ്പറ്റിയായിരുന്നു കുറിപ്പ്. അതിനു നിർബന്ധിച്ചതാകട്ടെ ഒരു വനിതാ ഡിസൈനറും. വസ്ത്രത്തിന്റെ പ്രത്യേകത കാരണം നെഞ്ചുവേദനയെടുക്കുന്നെന്നു പറഞ്ഞിട്ടും ആരും കേട്ടില്ല. പിറ്റേന്ന് ഏറെ ബുദ്ധിമുട്ടി സെറ്റിലെത്തി തന്റെ പ്രശ്നത്തെപ്പറ്റി പറഞ്ഞപ്പോഴും ‘അതൊരു സാധാരണ അടിവസ്ത്രം മാത്രമല്ലേ’ എന്നായിരുന്നു മറുപടി ലഭിച്ചതെന്നും സപ്ന പറയുന്നു.

മീ ടു വിവാദം കത്തിപ്പടരുകയാണ്. ഇത് ഇവിടെയൊന്നും അവസാനിക്കാൻ പോകുന്നില്ലെന്നതിന്റെ വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. ആരുടെയൊക്കെ പൊയ്മുഖങ്ങളാണ് വീഴാൻ പോകുന്നതെന്ന് കണ്ട് തന്നെ അറിയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com