'ആദ്യമുണ്ടായത് മുട്ട തന്നെ, ഇട്ടത് കോഴിയല്ലെന്ന് മാത്രം'

ശാസ്ത്രം ഒരിക്കലും ആത്മീയതയും ആയി ചേരില്ല. ശാസ്ത്രവും, ആത്മീയതയും അന്യോന്യം നിഷേധകമായ പ്രമാണങ്ങള്‍ ആണ് 
'ആദ്യമുണ്ടായത് മുട്ട തന്നെ, ഇട്ടത് കോഴിയല്ലെന്ന് മാത്രം'

ശാസ്ത്രത്തെ ആത്മീയതയുമായി കൂട്ടിക്കെട്ടുന്നത് ദുഷ്പ്രവര്‍ത്തി ആണെന്ന് പ്രശസ്ത ശാസ്ത്രജ്ഞന്‍ സുരേഷ് സി പിള്ള. ശാസ്ത്രം ഒരിക്കലും ആത്മീയതയുമായി ചേരില്ല. ശാസ്ത്രവും, ആത്മീയതയും അന്യോന്യം നിഷേധകമായ പ്രമാണങ്ങള്‍ ആണെന്ന് സുരേഷ് സി പിള്ള തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. 

മത സ്ഥാപനങ്ങള്‍ നടത്തുന്ന സ്‌കൂളുകളില്‍ പലതിലും 'പരിണാമ സിദ്ധാന്തം' പഠിപ്പിക്കാറില്ലെന്ന് വളരെ വിഷമത്തോടെയാണ് ഒരു സുഹൃത്തില്‍ നിന്നും കേട്ടത്. ശാസ്ത്രപഠനവും ആത്മീയതയും ഒരിക്കലും കൂട്ടിക്കുഴയ്ക്കരുത്; അത് പുതു തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ പാതകം ആണ്. 

ഹിന്ദു മതത്തിലും, ഇസ്ലാം മതത്തിലും വിശ്വസിക്കുന്നവരും പരിണാമ സിദ്ധാന്തം സ്വീകാര്യമായി എടുത്തിട്ടില്ല. മണ്ണ് കുഴച്ചു, കാറ്റൂതി മനുഷ്യനെ ഉണ്ടാക്കി എന്ന് വിശ്വസിക്കുന്നവരില്‍ ഉന്നത വിദ്യാഭ്യാസം ഉള്ളവരും കാണും. ചിലരെങ്കിലും തെറ്റായി കുരങ്ങില്‍ നിന്നും മനുഷ്യന്‍ ഉണ്ടായി എന്ന് വിചാരിക്കുന്നുണ്ടാവുമെന്നും സുരേഷ് സി പിള്ള പറയുന്നു. വളരെ ലളിതമായി പരിണാമ സിദ്ധാന്തവും അദ്ദേഹം തന്റെ പോസ്റ്റില്‍ അവതരിപ്പിക്കുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


മത സ്ഥാപനങ്ങള്‍ നടത്തുന്ന സ്‌കൂളുകളില്‍ പലതിലും 'പരിണാമ സിദ്ധാന്തം' പഠിപ്പിക്കാറില്ലെന്ന് വളരെ വിഷമത്തോടെയാണ് ഒരു സുഹൃത്തില്‍ നിന്നും കേട്ടത്. ശാസ്ത്രപഠനവും ആത്മീയതയും ഒരിക്കലും കൂട്ടിക്കുഴയ്ക്കരുത്; അത് പുതു തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ പാതകം ആണ്.

ദയവായി ഓര്‍ക്കണം 2014 ല്‍ Pope Francis പറഞ്ഞത് 'The theories of evolution and the Big Bang are real' എന്നാണ്. അതായത് പരിണാമ സിദ്ധാന്തവും, ബിഗ് ബാംഗ് തിയറിയും സത്യം ആണ് എന്ന് (കൂടുതല്‍ അറിയാനായി 'ദ ഗാര്‍ഡിയന്‍ ന്യൂസ് പേപ്പര്‍ Tuesday 28 October 2014 നോക്കുക). സൂര്യനു ചുറ്റും ഭൂമി ഉരുളുന്നു എന്ന് പറഞ്ഞതിന് കത്തോലിക്കാ സഭയില്‍ നിന്നും ഗലീലിയോ വിചാരണ നേരിട്ടിടത്തു നിന്നും സഭാ നേതൃത്വം എത്ര വളര്‍ന്നു എന്നത് എടുത്തു പറയേണ്ട കാര്യം തന്നെ.

പോപ്പ് ഇങ്ങനെ പറഞ്ഞെങ്കിലും, വിശ്വാസികള്‍ എത്രത്തോളം സ്വീകരിച്ചു എന്നത് അന്വേഷിക്കേണ്ട കാര്യം തന്നെയാണ്. ഹിന്ദു മതത്തിലും, ഇസ്ലാം മതത്തിലും വിശ്വസിക്കുന്നവരും പരിണാമ സിദ്ധാന്തം സ്വീകാര്യമായി എടുത്തിട്ടില്ല. മണ്ണ് കുഴച്ചു, കാറ്റൂതി മനുഷ്യനെ ഉണ്ടാക്കി എന്ന് വിശ്വസിക്കുന്നവരില്‍ ഉന്നത വിദ്യാഭ്യാസം ഉള്ളവരും കാണും. ചിലരെങ്കിലും തെറ്റായി കുരങ്ങില്‍ നിന്നും മനുഷ്യന്‍ ഉണ്ടായി എന്ന് വിചാരിക്കുന്നുണ്ടാവും. വളരെ ലളിതമായി പരിണാമ സിദ്ധാന്തം അവതരിപ്പിക്കാനുള്ള ഒരു ശ്രമം ആണ് താഴെ.

എന്താണ് പരിണാമ സിദ്ധാന്തം?

പരിണാമ സിദ്ധാന്ധത്തില്‍ ഏറ്റവും പ്രചാരത്തില്‍ ഉള്ളത് പ്രകൃതിശാസ്ത്രജ്ഞനായ ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്റെ സിദ്ധാന്തം ആണ്. 
ജീവജാലങ്ങള്‍ എല്ലാം പൊതുപൂര്‍വികന്മാരില്‍ നിന്ന് കാലക്രമേണ സ്വാഭാവികമായ തിരഞ്ഞെടുപ്പ് (natural selection) അല്ലെങ്കില്‍ പ്രകൃതി നിര്‍ദ്ധാരണം പ്രക്രിയവഴി ഉണ്ടായി എന്നാണ് ഡാര്‍വിന്‍ അവകാശപ്പെട്ടത്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തില്‍, വളരെ പ്രധാനപ്പെട്ടതും അടിസ്ഥാന പരമായതുമായ ഒരു തത്വം ആണ് Natural selection അഥവാ പ്രകൃതി നിര്‍ദ്ധാരണം. ഇതു കൂടാതെ mutation (ഉല്‍ പ്പരിവര്ത്തനം), migration (ജീനുകളുടെ ഒഴുക്ക്), genetic drift (പാരന്പര്യ വ്യതിയാനം) ഇവയും പ്രധാനമാണ്. നമ്മള്‍ ഇപ്പോള്‍ കാണുന്ന ജീവ പരിണാമങ്ങള്‍ ഉണ്ടായത് മുകളില്‍ പറഞ്ഞ നാലു പ്രക്രിയകള്‍ വഴിയാണ് എന്ന് ഡാര്‍വിന്‍ തന്റെ പരിണാമ സിദ്ധാന്തത്തില്‍ വാദിച്ചു. അതായത് ഒരു തലമുറയില്‍ നിന്നും വരുന്ന തലമുറകളിലേക്ക് വരുന്ന മാറ്റത്തെ പൊതുവായി പരിണാമം എന്ന് പറയാം.

ഭൂമിയുടെ പ്രായം 4.5 billion (4,500,000,000) ആണ്, അതായത് 450 കോടി വര്ഷം. ഒറ്റ കോശജീവികള്‍ (ഉദാഹരണം ബാക്ടീരിയ) ആദ്യമായി ഉണ്ടായത്, 380 കോടി (3.8 billion) വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ബഹുകോശ (Multicellular) ജീവികള്‍ ഉണ്ടായത് അതും കഴിഞ്ഞു വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അതായത് ഏകദേശം, 570000000 (570 million) വര്‍ഷങ്ങളെ ആയുള്ളൂ, ബഹുകോശ ജീവികള്‍ ഉണ്ടായിട്ട്. അതിനു ശേഷമാണ് arthropods (ആന്ത്രപ്പോടുകള്‍ അഥവാ ക്ലിപ്ത ചേര്പ്പുകളോടു (exoskeleton) കൂടിയ ശരീരമുള്ള ജന്തുക്കള്) ഉണ്ടായത്. ഭൗമോപരിതലത്തില്‍ ഉള്ള സസ്യങ്ങള്‍ ഉണ്ടായത്, 475000000 (475 million) വര്‍ഷങ്ങളെ ആയുള്ളൂ. കാടുകള്‍ ഉണ്ടായത്, 385000000 (385 million- അതായത് 38 കോടി വര്‍ഷം). സസ്തിനികള്‍ ഉണ്ടായിട്ട് 200000000 (200 million- അതായത് 20 കോടി അല്ലെങ്കില്‍ 200 ദശ ലക്ഷം) വര്‍ഷമേ ആയുള്ളൂ.

അപ്പോള്‍ ദിനോസറുകള്‍ (dinosaurs) ഒക്കെ അപ്പോള്‍ ഏതു കാലത്താണ് ജീവിച്ചിരുന്നത്?

200 ദശ ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പല രീതിയില്‍ ഉള്ള പരിണാമങ്ങല്‍ മൂലം ഉണ്ടായ ജീവികള്‍ ആണ് ഭീമാകാര രൂപമുള്ള ദിനോസറുകള്‍. ഇവ ഭൂമുഖത്ത്, താരതമ്യേന കുറച്ചു കാലമേ ഉണ്ടായിരുന്നുളളൂ, ഏകദേശം 66 ദശലക്ഷം (66 million) വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇവ ഭൂമുഖത്തു നിന്നും പൂര്‍ണ്ണമായി തുടച്ചു നീക്കപ്പെട്ടു.

മനുഷ്യര്‍ എന്നാണ് ഉണ്ടായത്?

ഇത്രയും നേരം പറഞ്ഞ കാര്യങ്ങള്‍ താരതമ്യമായി എടുത്താല്‍, മനുഷ്യര്‍ (Homo sapiens) ഉണ്ടായിട്ട് വളരെ കുറച്ചു കാലമേ ആയുള്ളു, അതായത് ഏകദേശം 200,000 രണ്ടു ലക്ഷം വര്‍ഷം മാത്രം. അപ്പോള്‍ ഭൂമിയുടെ പ്രായം വച്ച് നോക്കുമ്പോള്‍ നമ്മള്‍ വെറും 0.004% കാലമേ ഇവിടെ ഉണ്ടായിട്ടുള്ളൂ.

അപ്പോള്‍ ആദ്യത്തെ ജീവതന്മാത്ര എന്താണ് ?

ജീവശരീരത്തിനു വേണ്ട എല്ലാ മൂലകങ്ങളും ഭൂമിയില്‍ ഉണ്ട്. അല്ലെങ്കില്‍ ഭൂമിയില്‍ ഉണ്ടായിരുന്ന മൂലകങ്ങളില്‍ ചിലതില്‍ നിന്നും ആണ് ജീവ കോശങ്ങള്‍ ഉണ്ടായത്. അതായത് ബയോളജിക്കും മുന്‍പേ കെമിസ്ട്രി ആണ് ജീവന്‍ തുടങ്ങാന്‍ കാരണം എന്ന്.

'ബയോളജിക്കും മുന്‍പേ കെമിസ്ട്രിയോ?......... കൊള്ളാമല്ലോ?'

അതെ, ഭൂമിയിലെ പ്രകൃതിദത്തമായ ചില പ്രക്രിയകള്‍ (ശക്തായ ഇടിമിന്നല്‍) കൊണ്ടാവാം ഇനോര്‍ഗാനിക് മൂലകങ്ങള്‍ ചേര്‍ന്ന് ഓര്‍ഗാനിക് ജീവതന്മാത്രകള്‍ ഉണ്ടായത്. അന്തരീക്ഷത്തില്‍ ഉള്ള വാതകങ്ങള്‍ ആയ അമോണിയ, മീഥേന്‍, ജലബാഷ്പം, കാര്‍ബണ്‍ ഡൈ oxide തുടങ്ങിയവ പ്രത്യേക അനുപാതത്തില്‍ യാദൃശ്ചികമായി ചേര്‍ന്നാവാം ആദ്യ ജീവ കണിക ഉണ്ടായത് എന്ന് അനുമാനിക്കുന്ന ശാസ്ത്രജ്ഞന്‍ന്മാരുണ്ട്. ഇങ്ങനെ അമിനോ ആസിഡുകളും, DNA യും RNA യും ഒക്കെ പല സംവത്സരങ്ങള്‍ കൊണ്ട് ഉണ്ടായി. അങ്ങിനെ പലതരം രാസപ്രവര്‍ത്തനങ്ങള്‍ കൊണ്ട് സ്വന്തം കോപ്പികള്‍ നിര്‍മ്മിക്കാന്‍ പ്രാപ്തമായ ജീവതന്മാത്രകളെ സൃഷ്ടിച്ചതാണ് ജീവോത്പത്തിക്ക് കാരണം. അങ്ങിനെ മുകളില്‍ പറഞ്ഞ പോലെ ഏക കോശ ജീവികള്‍ ഉണ്ടായി, പിന്നെ ബഹുകോശ ജീവികള്‍ അങ്ങിനെ കാലക്രമേണ പരിണാമം സംഭവിച്ചു ജീവ വൈവിദ്ധ്യം ഉണ്ടായി. അതു കൂടാതെ ഓരോ ജീവിയും പാരമ്പര്യമായ ജനിതക വിവരങ്ങള്‍ ഉചഅ തന്മാത്രകള്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്നു. DNA തന്മാത്ര എന്നാല്‍ നാലുതരം ബേസുകള്‍ അടങ്ങിയ ഒരു ബയോപോളിമര്‍ ആണ്. ഇവ അ (adenine), ഇ (cytosine), ഏ (guanine), ഠ (thymine) എന്ന് പറയും. വാക്കുകള്‍ ബന്ധിച്ചു കഥയും, കവിതയും ഉണ്ടാകുന്ന പോലെ ഈ നാലുതരം നാലുതരം ബേസുകളൂടെ പ്രത്യേക വിന്യാസം കൊണ്ട് അതില്‍ ജനിതക വിവരങ്ങള്‍ ശേഖരിക്കപ്പെടും. ഇങ്ങനെയുള്ള ബേസുകളുടെ പ്രത്യേകമായുള്ള വിന്യാസം ആണ് അടുത്ത തലമുറയിലേക്ക് പാരമ്പര്യ സ്വഭാവങ്ങള്‍ കൈമാറുന്നത്. ഇതിനാണ് ജീന്‍ എന്ന് പറയുന്നത്. ഓരോ സ്വഭാവത്തിനും ഓരോ തരം ബേസ് വിന്യാസങ്ങള്‍ (ജീന്‍) കാണും. വിഭജിക്കപ്പെടുന്ന കോശങ്ങളിലെ ഉചഅ അതിന്റെ തനി പകര്‍പ്പ് ഉണ്ടാക്കി അടുത്ത തലമുറകളിലേക്ക് കൈമാറുന്നു. ഇങ്ങനെയുള്ള ഡി.എന്‍.ഏ ഉള്‍പ്പെട്ടിരിക്കുന്ന ജനറ്റിക് മെറ്റീരിയലുകള്‍ ഉള്‍പ്പെട്ട ന്യൂക്ലിയോപ്രോട്ടീന്‍ തന്മാത്രകളെയാണ് ക്രോമസോമുകള്‍ എന്ന് വിളിക്കുന്നത്. നമ്മുടെ (മനുഷ്യന്റെ) ഓരോ കോശത്തിലും 46 ക്രോമസോമുകളുണ്ട് (അഥവാ 23 ജോഡി ). ജീവികളില്‍ ഉള്ള വിഭിന്നമായ ക്രോമസോം ആണ് പല തരത്തില്‍ ഉള്ള ജീവികള്‍ ഉണ്ടാവുന്നതിന്റെ കാരണം. ഉദാഹരണത്തിന് കുരങ്ങനില്‍ 42 ക്രോമസോമുകളുണ്ട്, കുതിരയില്‍ 64, പശുവില്‍ 60, കോഴികളില്‍ 78 എണ്ണം. ഇപ്പോള്‍ മനസ്സിലായില്ലേ നമ്മള്‍ ക്രോമസോമുകളുടെ എണ്ണത്തിലാണ് മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നത്, അതായത് 42 ക്രോമസോമുകള്‍ ആണെകില്‍ കുരങ്ങന്‍ ആകും. ചുരുക്കി പറഞ്ഞാല്‍ ഭൂമുഖത്തുള്ള എല്ലാ ജീവികളും ബന്ധപ്പെട്ടവര്‍ തന്നെ. തന്നെയുമല്ല നമ്മളൊക്കെ ഏതോ ഒരേ പൊതുവായ പൂര്‍വികന്റെ അല്ലെങ്കില്‍ പൊതുവായ പൂര്‍വിക ജീന്‍ പൂളിന്റെ പിന്‍ തലമുറക്കാരാണ്. അപ്പോള്‍ കുരങ്ങനും, കോഴിയും, കുതിരയും ഒക്കെ ഒരു വാദത്തിനായി നമ്മുടെ വളരെ, വളരെ, വളരെ അകന്ന കസിന്‍സ് ആയി പറയാം. അപ്പോള്‍ മനുഷ്യന്‍ ചിമ്പാന്‍സികളില്‍ നിന്നും രൂപാന്തരം പ്രാപിച്ചതാണോ? അല്ല. ഏകദേശം അറുപതു ലക്ഷം വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ഒരു പൊതു പൂര്‍വ്വികനില്‍ നിന്നും ആണ് ചിമ്പാന്‍സികളും, മനുഷ്യനും ഉണ്ടായത് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

അങ്ങിനെയെങ്കില്‍ മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്?.

കാലങ്ങള്‍ കൊണ്ട്, mutation (ഉല്‍ പ്പരിവര്ത്തനം), migration (ജീനുകളുടെ ഒഴുക്ക്), genetic drift (പാരന്പര്യ വ്യതിയാനം) ഇവയൊക്കെ കൊണ്ട് ജീവികളില്‍ പ്രകടമായ മാറ്റങ്ങള്‍ കാലാ കാലങ്ങളായി വരാറുണ്ട് എന്ന് പറഞ്ഞല്ലോ. അതുപോലെ വിഭിന്നമായ ക്രോമസോം എണ്ണം ആണ് പല തരത്തില്‍ ഉള്ള ജീവികള്‍ ഉണ്ടാവുന്നതിന്റെ കാരണം എന്നും പറഞ്ഞല്ലോ. അപ്പോള്‍ ഇപ്പോള്‍ നമ്മള്‍ കാണുന്ന കോഴി ക്ക് സമാനമായ ഏതോ ഒരു ജീവി ഇട്ട മുട്ടകളില്‍ ഈ പറയുന്ന മൂന്നു വസ്തുക്കളായ, അമ്മയുടെ അണ്ഡം (ovum), അച്ഛന്റെ ബീജം (sperm), അല്ലെങ്കില്‍ സിക്താണ്ഡം (zygote) ഇവയില്‍ ഏതിലെങ്കിലും mutation (ഉല്‍ പ്പരിവര്ത്തനം) സംഭവിച്ചു വിരിഞ്ഞ കുട്ടികള്‍ ആണ് നമ്മള്‍ ഇപ്പോള്‍ കാണുന്ന കോഴികള്‍. ചുരുക്കി പറഞ്ഞാല്‍ മുട്ട തന്നെ ആദ്യം വന്നത്. അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ആയ Neil deGrasse Tyson വളരെ രസകരമായി ഇതിനെ പറഞ്ഞത് 'എന്താണ് ആദ്യം വന്നത് കോഴിയോ, മുട്ടയോ എന്ന് ചോദിച്ചാല്‍, ഉത്തരം മുട്ട തന്നെ, പക്ഷെ ഇട്ടത് കോഴി അല്ല എന്ന് മാത്രം.

അവസാനമായി ഒരപേക്ഷയുള്ളത് ടീച്ചര്‍മാരോടാണ്, ശാസ്ത്ര ക്ലാസ്സുകളില്‍ ഒരിക്കലും 'ആത്മീയത' കലര്‍ത്തരുത്. ശാസ്ത്രം ഒരിക്കലും ആത്മീയതയും ആയി ചേരില്ല. ശാസ്ത്രവും, ആത്മീയതയും അന്യോന്യം നിഷേധകമായ പ്രമാണങ്ങള്‍ ആണ്, ശാസ്ത്രത്തെ ആത്മീയതയും ആയി കൂട്ടിക്കെട്ടുന്നത് തീര്‍ച്ചയായും ഒരു ദുഷ്പ്രവര്ത്തി ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com