അമ്മ പകുത്തു നല്‍കിയ കരളുമായി അവള്‍ യാത്രയായി; ജീവന്റെ ജീവന്‍ പോയതറിയാതെ പാതി കരളുമായി അമ്മ ആശുപത്രി കിടക്കയില്‍

കരള്‍ രോഗം സ്ഥിരീകരിക്കപ്പെട്ടതോടെ ദേവനന്ദയെ രക്ഷപ്പെടുത്താനുള്ള ഓട്ടത്തിലായിരുന്നു വീട്ടുകാരും നാട്ടുകാരും
അമ്മ പകുത്തു നല്‍കിയ കരളുമായി അവള്‍ യാത്രയായി; ജീവന്റെ ജീവന്‍ പോയതറിയാതെ പാതി കരളുമായി അമ്മ ആശുപത്രി കിടക്കയില്‍

കൊച്ചി: കരള്‍ പകുത്തുനല്‍കുമ്പോള്‍ ആ അമ്മയുടെ ഉള്ളില്‍ മകളെക്കുറിച്ചുള്ള സ്വപ്‌നങ്ങളായിരുന്നു. തന്റെ കരളിന്റെ പാതിയുമായി മകള്‍ ജീവിക്കുന്നത് അവര്‍ സ്വപ്‌നം കണ്ടു. എന്നാല്‍ സ്വപ്‌നങ്ങള്‍ക്ക് മഞ്ഞുതുള്ളിയുടെ അത്രയും ജീവനെയുണ്ടായിരുന്നുള്ളൂ. അമ്മയുടെ കരളിന്റെ സ്‌നേഹം അറിയാന്‍ നില്‍ക്കാതെ ദേവനന്ദ യാത്രയായി. ഒരു നാടിനെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ് ഈ പതിമൂന്ന് കാരിയുടെ മരണം. 

കുട്ടനാട് ചമ്പക്കുളം ഒന്നാംകര മൂലേച്ചിറ ഷൈജുവിന്റേയും അനുമോളുടേയും മകള്‍ ദേവനന്ദയാണ് അമ്മയുടെ കരള്‍ പകുത്തുവാങ്ങിക്കൊണ്ട് വിടവാങ്ങിയത്. കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഒരാഴ്ച മുന്‍പ് വരെ എല്ലാ കുട്ടികളേയും പോലെയായിരുന്നു അവള്‍. കൂട്ടുകാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും അവള്‍ നടന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് ആശുപത്രിയിലെ മടുപ്പിക്കുന്ന ഗന്ധത്തിലേക്ക് അവള്‍ പറിച്ചുനടപ്പെട്ടത്. 

കരള്‍ രോഗം സ്ഥിരീകരിക്കപ്പെട്ടതോടെ ദേവനന്ദയെ രക്ഷപ്പെടുത്താനുള്ള ഓട്ടത്തിലായിരുന്നു വീട്ടുകാരും നാട്ടുകാരും. അമ്മ അനിമോളുടെ കരള്‍ ചേരുമെന്ന് അറിഞ്ഞതോടെ ഓപ്പറേഷനുള്ള പണം സ്വരുക്കൂട്ടാന്‍ നാടു മുഴുവന്‍ ഒന്നിച്ചു നിന്നു. ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതുമാണ്. ദേവനന്ദയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. തുടര്‍ചികിത്സക്ക് ആവശ്യമായ പണം സ്വരൂപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിന് ഇടയിലാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് കുഞ്ഞിനെ മരണം തട്ടിയെടുത്തത്. 

ഓപ്പറേഷന്‍ കഴിഞ്ഞ അമ്മ ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. പുളിങ്കുന്ന് ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ദേവനന്ദ. ചെറിയ അസ്വസ്ഥതകള്‍ കുട്ടിക്ക് ഉണ്ടായിരുന്നു. അപ്പോഴെല്ലാം നാട്ടിലെ ആശുപത്രിയില്‍ കാണിക്കുകയാണ് പതിവ്. എന്നാല്‍ ഇത് മാറാതായതോടെയാണ് എറണാകുളത്തെ ആശുപത്രിയില്‍ എത്തിക്കുന്നത്. അവിടെവെച്ചാണ് കരളാണ് വില്ലനെന്ന് അറിയുന്നത്. കുട്ടിയെ രക്ഷിക്കാന്‍ കരള്‍ മാറ്റിവെക്കുക എന്ന ഒറ്റ മാര്‍ഗമെ മുന്നിലുണ്ടായിരുന്നുള്ളൂ. തുടര്‍ന്നാണ് അമ്മയുടെ കരള്‍ ചേരുമെന്ന് കണ്ടെത്തിയത്. ഉടന്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും ഇന്നവെ രാവിലെ ദേവനന്ദ വിടപറയുകയായിരുന്നു. അമ്മയെ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തില്‍ നിന്ന് മാറ്റിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com