#metoo; ​ഗ്ലാമർ രം​ഗങ്ങളിൽ മാത്രമല്ല, ​​നമ്മുടെയെല്ലാം ചുറ്റിലും ഇതുണ്ട്

മീടൂ ക്യാമ്പയ്നിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കുകയാണിപ്പോൾ മുരളി തുമ്മാരുകുടി
#metoo; ​ഗ്ലാമർ രം​ഗങ്ങളിൽ മാത്രമല്ല, ​​നമ്മുടെയെല്ലാം ചുറ്റിലും ഇതുണ്ട്

സ്ത്രീകളുടെ തുറന്നു പറച്ചിലുകളാൽ ശ്രദ്ധ നേടിയ മീടൂ ക്യാമ്പയ്ൻ ഇന്ത്യൻ സമൂഹത്തിൽ വലിയ കോളിളക്കം തീർക്കുകയാണിപ്പോൾ. സമൂ​ഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രസിദ്ധരായ പലരുടേയും ഉറക്കം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ദിനംപ്രതി ഉയരുന്നത്. മാന്യൻമാരെന്ന് സമൂഹം കരുതിയ പല പ്രമുഖരുടേയും മുഖംമൂടി അഴിഞ്ഞുവീഴുന്നു. 

മീടൂ ക്യാമ്പയ്നിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കുകയാണിപ്പോൾ മുരളി തുമ്മാരുകുടി. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് പ്രതിഷേധ ക്യാമ്പയ്നെക്കുറിച്ചുള്ള നിലപാട് അദ്ദേഹം രേഖപ്പെടുത്തിയത്. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രതികരിക്കേണ്ട ഏറെ വിഷയങ്ങള്‍ നിലവിലുണ്ടെങ്കിലും ഔദ്യോഗികമായും വ്യക്തിപരമായും ഏറെ തിരക്കുള്ളതിനാല്‍ വിശദമായി എഴുതാന്‍ സാധിക്കുന്നില്ല. എന്നാലും #metoo മൂവ്‌മെന്റിനെപ്പറ്റി രണ്ടു വാക്ക് പറയാതെ വയ്യ.

ഒരു വര്‍ഷത്തിന് ശേഷമാണെങ്കിലും ഇന്ത്യയിലും #metoo പ്രസ്ഥാനം കത്തിക്കയറാന്‍ തുടങ്ങുകയാണ്, നല്ലത്. വിഷമിപ്പിക്കുന്നത് പക്ഷെ ഏറെ ആണുങ്ങളുടെ പ്രതികരണമാണ്. 'എന്തുകൊണ്ടാണ് ഇത്ര നാള്‍ പറയാതിരുന്നത്?', 'എന്തുകൊണ്ടാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത്?' എന്നിങ്ങനെ തികച്ചും സ്വാഭാവികമായ ചോദ്യങ്ങള്‍ ഉയരുന്നു. അത് അമേരിക്കന്‍ പ്രസിഡന്റ് മുതല്‍ ഇന്നിപ്പോള്‍ WCC പത്രസമ്മേളനത്തിന് താഴെ വന്ന് കമന്റിടുന്നവര്‍ വരെ ഇത് തന്നെയാണ് ചോദിക്കുന്നത്.

ഈ ചോദ്യത്തിനൊക്കെ ഉത്തരങ്ങള്‍ ഇത്തരം അനുഭവങ്ങളില്‍ നിന്നും കരകയറിയവരും മനഃശാസ്ത്രഞ്ജരും ഒക്കെ പലവട്ടം പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഞാനും എഴുതാം. സഹോദരനും സുഹൃത്തും അധ്യാപകനും മെന്ററും എഴുത്തുകാരനും ഒക്കെയായി ആയിരക്കണക്കിന് സ്ത്രീകളുമായി ഇടപെട്ട പരിചയത്തില്‍ നിന്ന് ഒരു കാര്യം ഞാന്‍ ഇപ്പോള്‍ പറയാം.

ഈ #metoo എന്നത് സിനിമാരംഗത്തോ, രാഷ്ട്രീയ രംഗത്തോ, പത്രപ്രവര്‍ത്തന രംഗത്തോ കായിക രംഗത്തോ, മറ്റു ഗ്ലാമര്‍ രംഗങ്ങളിലോ മാത്രമുള്ള പ്രശ്‌നമല്ല. ഇപ്പോള്‍ പുറത്തു വരുന്ന പത്തോ അതിന്റെ പത്തിരട്ടിയോ ആളുകളുടെ പ്രശ്‌നവുമല്ല. നമ്മുടെയെല്ലാം ചുറ്റിലും ഇതുണ്ട്, അത് മനസ്സിലാക്കാനുള്ള മനസ്സുണ്ടെന്ന് സ്ത്രീകള്‍ക്ക് തോന്നിയിട്ടുള്ള എല്ലാ പുരുഷന്മാരും ഇത്തരം അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്.

നിങ്ങള്‍ നിങ്ങളുടെ തൊട്ടടുത്തുള്ള ആരില്‍ നിന്നും ഇനിയും ഇത്തരം ഒരു കഥ കേട്ടിട്ടില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം, നിങ്ങളുടെ തൊട്ടടുത്തുള്ളവര്‍ക്ക് നിങ്ങളോട് അത്തരം അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള 'സ്‌പേസ്' നിങ്ങള്‍ കൊടുത്തിട്ടില്ല എന്നത് മാത്രമാണ്. അതായത് നിങ്ങള്‍ നിങ്ങളുടെ 'ഏറ്റവും അടുത്തത്', 'ആത്മാര്‍ത്ഥ സുഹൃത്ത്' എന്നൊക്കെ കരുതുന്നവര്‍ നിങ്ങളെ അങ്ങനെ കരുതുന്നില്ല. നിങ്ങളുടെ ചിന്തയും വിചാരവും ഇത്തരത്തില്‍ ആണെങ്കില്‍ എനിക്കതില്‍ അത്ഭുതം തോന്നേണ്ട കാര്യമില്ലല്ലോ.

ഈ #metoo ഒഒന്നും വലിയൊരു പ്രശ്‌നമല്ലെന്നും സ്ത്രീകള്‍ക്ക് മോശമായ അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ കുടുംബത്തോട് നടന്നയുടനെ തുറന്നു പറയും എന്നുമൊക്കെയുള്ള ചിന്താഗതിയില്‍ നിങ്ങള്‍ ഞെളിഞ്ഞിരിക്കുമ്പോള്‍, അനുഭവങ്ങള്‍ പറയാനാകാതെ വീര്‍പ്പുമുട്ടുന്നത് അമേരിക്കയിലെ സിനിമാതാരങ്ങളോ ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകരോ മാത്രമല്ല. നിങ്ങള്‍ക്ക് തൊട്ടു ചുറ്റുമുള്ള, നിങ്ങള്‍ സ്‌നേഹിക്കുന്ന, നിങ്ങളെ സ്‌നേഹിക്കുന്ന നിങ്ങളുടെ ഭാര്യയോ, സഹോദരിയോ മകളോ സുഹൃത്തുക്കളോ കൂടിയാണ്. അക്കാര്യം മനസ്സിലാകുന്ന കാലത്ത് നിങ്ങള്‍ക്ക് #metoo വിന്റെ ചരിത്ര പ്രാധാന്യം മനസ്സിലാകും. അതുവരെ ചെവിയില്‍ പഞ്ഞിവെച്ച് അടച്ചിരുന്നിട്ട് 'ചെണ്ടമേളത്തിന് ഒച്ചയൊന്നും ഇല്ലല്ലോ' എന്ന് ചിന്തിക്കുന്ന മൂഢന്റെ അവസ്ഥയിലാണ് നിങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com