ഈ മൃഗശാല സൂക്ഷിപ്പുകാരന്റെ മകള്‍ക്ക് ചെറിയ കളിപ്പാട്ടമൊന്നും പറ്റില്ല: ചുരുങ്ങിയത് ഒരു കടുവക്കുഞ്ഞെങ്കിലും വേണം

എന്നിട്ട് അതിനോട് സദാസമയവും അടുത്തിടപെഴകി പരിയാനാവാത്ത വിധം ബന്ധമുണ്ടാക്കിയെടുക്കുകയും കൂടി ചെയ്താല്‍ എന്ത് ചെയ്യും.
ഈ മൃഗശാല സൂക്ഷിപ്പുകാരന്റെ മകള്‍ക്ക് ചെറിയ കളിപ്പാട്ടമൊന്നും പറ്റില്ല: ചുരുങ്ങിയത് ഒരു കടുവക്കുഞ്ഞെങ്കിലും വേണം

ളര്‍ത്തുമൃഗങ്ങളോട് വളരെയധികം ആത്മബന്ധം സൂക്ഷിക്കുന്നവരുണ്ട്. ഒന്നിച്ച് ഉണ്ടും ഉറങ്ങിയും വിമാനയാത്രയില്‍ വരെ ഒപ്പം കൂട്ടിയും വളര്‍ത്തുമൃഗവുമായി ഇവര്‍ക്ക് ഇഴപിരിയാത്ത ബന്ധമുണ്ടാകും. സാധാരണ പട്ടിയേയും പൂച്ചയേയും പക്ഷികളെയുമൊക്കെയാണ് ഇങ്ങനെ വളര്‍ത്തുക. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഏറെ മാറി ഒരു കടുവക്കുഞ്ഞിനെ വളര്‍ത്തിയാലോ...

എന്നിട്ട് അതിനോട് സദാസമയവും അടുത്തിടപെഴകി പരിയാനാവാത്ത വിധം ബന്ധമുണ്ടാക്കിയെടുക്കുകയും കൂടി ചെയ്താല്‍ എന്ത് ചെയ്യും. മറ്റാരുമല്ല, ഒരു ഒന്‍പതു വയസുകാരി മിടുക്കിയാണ് കടുവയോട് കൂട്ടുകൂടി പ്രശസ്തയായത്. മൂന്നുമാസം പ്രായമുള്ള കടുവക്കൊപ്പം കളിക്കുന്ന ഒമ്പതുവയസുകാരി സണ്‍ ഷിയോജിങ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്. ഫ്യൂജിയാന്‍ പ്രവിശ്യയിലുള്ള ച്വാന്‍ഷൂവിലെ ഡോങ്കൂ മൃഗശാല സൂക്ഷിപ്പുകാരന്റെ മകളാണ് സണ്‍. മൃഗശാലയിലെ കടുവക്കുട്ടിക്കൊപ്പമാണ് സണ്ണിന്റെ കളികള്‍. 

കടുവക്കുട്ടിയെ മികച്ച രീതിയില്‍ പരിപാലിക്കുകയും ചെയ്യുന്നുണ്ട് ഈ കൊച്ചുമിടുക്കി. ബോട്ടിലില്‍ പാല്‍ കൊടുക്കാനും കുളിപ്പിക്കാനുമെല്ലാം സണ്ണിന് വലിയ ആവേശമാണ്. ടൈഗര്‍ ഗേള്‍ എന്ന അര്‍ഥം വരുന്ന ഹുന്യൂ എന്ന പേരാണ് കടുവക്കുട്ടിക്ക് സണ്‍ നല്‍കിയിരിക്കുന്നത്. സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

'എന്റെ മകളുടെ സഹപാഠികള്‍ കടുവയെ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. പക്ഷേ പേടിക്കേണ്ട കാര്യമൊന്നുമില്ല. വളരെ വികൃതിയാണ് കടുവക്കുട്ടി. വയറില്‍ ചൊറിഞ്ഞുകൊടുക്കുന്നത് വലിയ ഇഷ്ടമാണ്. സണ്‍ സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തുന്നത് കാത്ത് നില്‍ക്കും, മകളെ കണ്ടാല്‍ അവള്‍ക്കരികിലേക്ക് ഓടിയെത്തുകയും ചെയ്യും.' സണ്ണിന്റെ അച്ഛന്‍ പറയുന്നു. 

രണ്ടുപേരും കൂടി ഉല്ലസിക്കുന്ന നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ദശലക്ഷക്കണക്കിന് ലൈക്കുകളാണ് ഓരോ ചിത്രത്തിനും ലഭിച്ചിരിക്കുന്നത്. അടുത്തമാസത്തോടെ കടുവക്കുട്ടിയെ കൂട്ടിലേക്ക് മാറ്റാനാണ് മൃഗശാല അധികൃതരുടെ തീരുമാനം. സണ്ണിന് പിന്നീട് കടുവക്കുട്ടിക്കൊപ്പം കളിക്കാന്‍ സാധിക്കില്ല.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com