അത് മണിക്കു മാത്രം നേടാനാവുന്ന ഗോളുകള്‍

1973ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗവും പിന്നീട് രാജ്യാന്തര താരവും പരിശീലകനുമായ വിക്ടര്‍ മഞ്ഞില ടികെഎസ് മണി എന്ന ക്യാപ്റ്റന്‍ മണിയെ ഓര്‍ക്കുന്നു
ക്യാപ്റ്റന്‍ മണിയുടെ നേതൃത്വത്തില്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീം (ഇന്‍സെറ്റില്‍ വിക്ടര്‍ മഞ്ഞില)
ക്യാപ്റ്റന്‍ മണിയുടെ നേതൃത്വത്തില്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീം (ഇന്‍സെറ്റില്‍ വിക്ടര്‍ മഞ്ഞില)

(1973ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗവും പിന്നീട് രാജ്യാന്തര താരവും പരിശീലകനുമായ വിക്ടര്‍ മഞ്ഞില ടികെഎസ് മണി എന്ന ക്യാപ്റ്റന്‍ മണിയെ ഓര്‍ക്കുന്നു)

ബുള്‍ഡോസര്‍ പോലെയായിരുന്നു കളിക്കളത്തില്‍ അദ്ദേഹം. എതിരാളികള്‍ക്കു തടഞ്ഞുനിറുത്താനാവാത്ത ഒരാള്‍. എത്ര ശക്തനായ ഡിഫന്ററേയും വെട്ടിച്ചുമുന്നേറാനാവുന്നയാള്‍. അങ്ങനെയൊരാള്‍ക്കു മാത്രം നേടാനാവുന്നവയായിരുന്നു ആ മൂന്നു ഗോളുകള്‍. ടികെഎസ് മണിക്കു മാത്രം സാധ്യമാവുന്ന ആ മൂന്നു ഗോളുകള്‍ കൊണ്ടാണ് കേരളം ഇന്ത്യന്‍ ഫുട്‌ബോളില്‍ മുദ്ര പതിപ്പിച്ചത്.

പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാത്ത കളിക്കാരനായിരുന്നു, 1973ലെ സന്തോഷ് ട്രോഫിയുടെ സെമി ഫൈനല്‍ വരെ ടികെഎസ് മണി. ക്യാംപിലെ മിന്നുന്ന പ്രകടനം എതിരാളികള്‍ക്കു മുന്നില്‍ പുറത്തെടുക്കാനായില്ല, അദ്ദേഹത്തിന്. മണിയെ മാറ്റണം എന്ന മുറുമുറുപ്പുകള്‍ അവിടെനിന്നും ഇവിടെ നിന്നും ഉയര്‍ന്നുതുടങ്ങിയിരുന്നു. ക്യാംപ് അംഗങ്ങളായ ഞങ്ങള്‍ക്കെല്ലാം വിഷമമുണ്ടായിരുന്നു അതില്‍. മണിയെ മാറ്റണം എന്ന് ഒഫിഷ്യല്‍സിന്റെ ഭാഗത്തുനിന്നു പോലും സമ്മര്‍ദമുണ്ടായിരുന്നതായി കേട്ടിരുന്നു. എന്നാല്‍ പരിശീലകന്‍ ഒളിംപ്യന്‍ സൈമണ്‍ സുന്ദര്‍രാജിന് മണി എന്ന കളിക്കാരനിലുള്ള വിശ്വാസം അചഞ്ചലമായിരുന്നു. ആ വിശ്വാസമാണ് കേരള ഫുട്‌ബോളിന്റെ തിളങ്ങുന്ന ചരിത്രമായത്.

വലിയ ആകാരമായിരുന്നു മണിയുടേത്. ആ ആകാരമാവണം കളിയുടെ തുടക്കത്തില്‍ മണിയെ ഡിഫന്റിങ് പൊസിഷനില്‍ എത്തിച്ചത്. സൈമണ്‍ സുന്ദര്‍രാജ് എന്ന പരിശീലകനാണ് മണിയെ മുന്നേറ്റനിരയില്‍ എത്തിച്ചത്. മുന്നേറ്റ നിരയില്‍ ബുള്‍ഡോസറിനെപ്പോലെ കുതിച്ചുനീങ്ങിയ ഈ കളിക്കാരനെ പിടിച്ചുനിര്‍ത്താന്‍ അന്ന് എതിരാളികള്‍ പാടുപെട്ടു. 

മൈതാനത്ത് എതിരാളികളെ വെള്ളംകുടിപ്പിച്ച മണി കളത്തിനു പുറത്ത് സൗമ്യനായിരുന്നു. തമിഴ് കലര്‍ന്ന മലയാളത്തില്‍ കുറച്ചു മാത്രം സംസാരിക്കുന്നയാള്‍. വളരെ അടുത്തുനിന്നാല്‍ മാത്രമേ ആ പതിഞ്ഞ ശബ്ദം കേള്‍ക്കാനാവുമായിരുന്നുള്ളൂ. 1971ലെ സന്തോഷ് ട്രോഫി ക്യാംപില്‍ വച്ചാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ജൂനിയര്‍ താരങ്ങളോടെല്ലാം ഒരു വലിപ്പച്ചെറുപ്പവുമില്ലാതെയായിരുന്നു ഇടപെടല്‍. പോരായ്മകള്‍ സൗമ്യതയോടെ ചൂണ്ടിക്കാട്ടും, ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കും. 73ലെ ഹാട്രിക്കോടെ വലിയ താരമായി മാറിയിട്ടും ഒരു മാറ്റവുമുണ്ടായില്ല, അതില്‍. 

നേട്ടത്തിന്റെ നെറുകയില്‍ വച്ചാണ് അദ്ദേഹം കളിക്കളം വിട്ടത്. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുക, അതും സ്വന്തം ഹാട്രിക് ഗോളിലൂടെ. വിരമിക്കലിന് അതൊരു നല്ല അവസരമായി അദ്ദേഹം കണ്ടിരിക്കാം. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുക എന്നു പറയുന്നതു പോലെ. എങ്കിലും അപ്രതീക്ഷിതമോ നേരത്തെയോ ഉള്ളതായിരുന്നില്ല, ആ വിടവാങ്ങല്‍. ആ വിധത്തില്‍ അദ്ദേഹം ഒരിക്കലും സംസാരിച്ചുകേട്ടിട്ടില്ല. 

എന്തെങ്കിലും വാര്‍ത്തകള്‍ വരുമ്പോള്‍ കളിയെ പ്രോത്സാഹിപ്പിക്കണം, കളിക്കാരെ ആദരിക്കണം എന്ന മട്ടിലുളള ചില പ്രതികരണങ്ങള്‍ വരുന്നതൊഴിച്ചാല്‍ നമ്മുടെ നാട്ടിലെ കായിക രംഗത്തിന് എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ടികെഎസ് മണി വേണ്ടത്ര ആദരിക്കപ്പെട്ടോ എന്നതില്‍ കാര്യമൊന്നുമില്ല. എല്ലാവര്‍ക്കും ഉള്ളപോലെ ചില പരിഭവങ്ങള്‍ അദ്ദേഹത്തിനും ഉണ്ടായിരുന്നിരിക്കാം. അറിയില്ല.

(വിക്ടര്‍ മഞ്ഞിലയുമായി ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയത്.)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com