ഇവരാണ് ട്രാന്‍സ്ഫര്‍ വിപണിയിലെ ചൂടുള്ള ചര്‍ച്ചകള്‍ 

ഇവരാണ് ട്രാന്‍സ്ഫര്‍ വിപണിയിലെ ചൂടുള്ള ചര്‍ച്ചകള്‍ 

ഫുട്‌ബോളില്‍ ആദ്യ കൈമാറ്റ കാലം ഏകദേശം അവസാനിക്കാറായി. ആരാധകരെ നിരാശരാക്കി ചില താരങ്ങള്‍ പുതിയ കൂടാരം തേടി പോയി. മറ്റു ചിലരുമായി ചര്‍ച്ചകള്‍ കൊഴുക്കുന്നു. ആരാണ് ഇത്തവണത്തെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്, ആര്‍ക്കാണ് ഏറ്റവും തിരിച്ചടി തുടങ്ങിയ വിവരങ്ങള്‍ വരാനിരിക്കുന്നതേയൊള്ളൂ. ഇവിടെ പറയുന്നത് കരാറുപ്പിച്ച താരങ്ങളുടെ കാര്യമല്ല. ഏതൊക്കെ ക്ലബ്ബുകള്‍ ഏതൊക്കെ താരങ്ങളെ നോട്ടമിടുന്നുണ്ട് എന്നാണ്. വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കളിക്കാരുടെ ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.


നെയ്മര്‍
ബ്രസീലിയന്‍ സൂപ്പര്‍ താരം ബാഴ്‌സലോണ വിടുമെന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് കൂടുതലും. 222 മില്ല്യന്‍ യൂറോ റിലീസ് ക്ലോസ് നല്‍കി പിഎസ്ജി നെയ്മറുമായി  കരാറിലെത്തിയിട്ടുണ്ടെന്ന് വരെ വിശ്വാസ്യ റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, താരമോ, ക്ലബ്ബോ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും നടത്തിയിട്ടില്ല.

നെയ്മര്‍ എവിടെയും പോകുന്നില്ലെന്ന് ടീമംഗങ്ങള്‍ തന്നെ പ്രതികരണം നടത്തിയിട്ടും റൂമറുകള്‍ക്കു കുറവില്ല. ആര്‍ക്കു വേണമെങ്കിലും പോകാം പണം കിട്ടിയാല്‍ മതിയെന്ന സ്‌കീമാണ് ക്ലബ്ബ് പ്രസിഡന്റിന്. എന്തായാലും ഇതുമായി ബന്ധപ്പെട്ട് ഇതുവരെ (1-8-2017) ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.


അന്റോണിയോ ഗ്രീസ്മാന്‍
ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇടപെടാന്‍ അത്‌ലറ്റിക്കോയ്ക്ക് ഇടപെടാന്‍ സാധിക്കില്ലെന്നായതോടെ ടീമിനെ വിട്ട് എവിടെയും പോകുന്നില്ലെന്ന് പറഞ്ഞ അന്റോണിയോ ഗ്രീസ്മാനെ ലക്ഷ്യമിടുന്നത് മറ്റാരുമല്ല. ബാഴ്‌സലോണയാണ്. സൂപ്പര്‍ താരം നെയ്മര്‍ പിഎസ്ജിയിലേക്കു കൂടുമാറിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് നെയ്മറിനു പകരക്കാനായി ഗ്രീസ്മാനെ ബാഴ്‌സ കാണുന്നത്.

ബൊറൂസിയ താരം ഡെംബലയെയും പരിഗണിക്കുന്നുണ്ടെങ്കിലും സ്പാനിഷ് ലീഗില്‍ തന്നെയുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മുന്നേറ്റ താരമായ ഗ്രീസ്മാനു തന്നെയാണ് കൂടുതല്‍ സാധ്യത. അതേസമയം, റിലീസ് ക്ലോസ് ആയി 200 മില്ല്യന്‍ യൂറോ നല്‍കേണ്ടി വരും. ഏകദേശം 1500 കോടി രൂപയ്ക്കു മുകളില്‍.


കുട്ടീഞ്ഞോ
നെയ്മറെ ടീമില്‍ നിലനിര്‍ത്തുന്നതിനുള്ള 'സോപ്പ്' ആണ് കുട്ടീഞ്ഞോ എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഴ്‌സലോണയില്‍ നെയ്മര്‍ തൃപ്തനല്ലാത്തതിനു കാരണം ബ്രസീല്‍ താരങ്ങളില്ലാത്തതെന്നാണ് സൂചന. കുട്ടീഞ്ഞോയെ പോലുള്ള താരത്തെ എത്തിച്ചാല്‍ ഒരു വെടിക്കു രണ്ടു പക്ഷി എന്നാണ് ബാഴ്‌സ കരുതുന്നത്. ഇതിനായി 100 മില്ല്യന്‍ യൂറോ ഓഫര്‍ ലിവര്‍പൂളിന് നല്‍കിയെങ്കിലും തള്ളിയിട്ടുണ്ട്.

കൂടുതല്‍ മികച്ച ഓഫര്‍ ബാഴ്‌സലോണ ആന്‍ഫീല്‍ഡിലേക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ മുന്‍പരിശീലകനായിരുന്ന യോര്‍ഗന്‍ ക്ലോപ്പ് നിലവില്‍ പരിശീലിപ്പിക്കുന്ന ലിവര്‍പൂള്‍ കുട്ടീഞ്ഞോയെ വില്‍ക്കില്ലെന്ന നിലപാടിലാണ്. ഈ നിലപാട് ബാഴ്‌സയുടെ അടുത്ത ഓഫര്‍ അനുസരിച്ചിരിക്കും.

മെസൂത് ഓസില്‍
കുട്ടീഞ്ഞോയെ കിട്ടിയില്ലെങ്കില്‍ ബാഴ്‌സലോണ നോട്ടമിടുന്നത് ആഴ്‌സണലിന്റെ ജര്‍മന്‍ പ്ലേമേക്കര്‍ മെസൂത് ഓസിലിനെയാണ്. 60 മില്ല്യന്‍ യൂറോ നല്‍കി ഓസിലിനെ എമിറേറ്റ്‌സില്‍ നിന്നും ചാടിക്കാമെന്നാണ് ബാഴ്‌സ കരുതുന്നത്.

ഈ സീസണില്‍ കാര്യമായ ട്രാന്‍സ്ഫര്‍ നേട്ടമൊന്നുമുണ്ടാക്കാന്‍ ബാഴ്‌സലോണയ്ക്കു സാധിച്ചിട്ടില്ല എന്നതു ഓസിലിനെ എത്തിക്കാന്‍ സാധ്യത കൂടുതലാണ്. അതേസമയം, ആഴ്‌സണ്‍ വെങ്കര്‍ ഓസിലിനെ വിട്ടു തരാനുള്ള സാധ്യത കുറവുമാണ്. 

കൈലിയന്‍ എംബപെ
റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളാണ് ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയുടെ വണ്ടര്‍കിഡ് കൈലിയന്‍ എംബപെയ്ക്കു പിന്നിലുള്ളത്. ഏത് ക്ലബ്ബു വന്നിട്ടും കാര്യമില്ല അവനെ വില്‍പ്പനയ്ക്കില്ലെന്നായിരുന്ന മൊണോക്കോയുടെ നിലപാട്.

എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മൊണോക്കോയുടെ നിലപാടില്‍ അയവു വന്നിട്ടുണ്ട്. 178 മില്ല്യന്‍ പൗണ്ട് നല്‍കുന്നവര്‍ക്ക് താരത്തെ സ്വന്തമാക്കാമെന്നാണ് സൂചന. റയല്‍ മാഡ്രിഡും ബാഴ്‌സലോണയുമാണ് എംബപെയെ സ്വന്തമാക്കാനായി ഏറ്റവും മുമ്പിലുള്ളത്. അതേസമയം, റയലിനു എംബപെയെ വേണ്ടെന്നാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നിലപാടെന്നും റിപ്പോര്‍ട്ടുണ്ട്.

ഗരെത് ബെയ്ല്‍
90 മില്ല്യന്‍ പൗണ്ട് നല്‍കാന്‍ റയല്‍ മാഡ്രിഡ് വിങ്ങര്‍ക്കു തയാറാണെന്ന് അറിയിച്ചിരിക്കുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണ്. വെയില്‍സ് താരമായ ബെയ്ല്‍ ദീര്‍ഘകാലമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ലിസ്റ്റില്‍ ഉള്ള താരമാണ്. അതേസമയം, ബിബിസി സഖ്യത്തെ കൊണ്ട് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദീന്‍ സിദാനു പല ലക്ഷ്യങ്ങളുണ്ടെന്നതാണ് ട്രാന്‍സ്ഫര്‍ ഇതുവരെ സാധ്യമാകാതിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com