നായകപദവിയില്‍ ധോനിയേക്കാളും മുകളിലാണോ കോഹ് ലി? ധോനി കീഴടക്കിയതെല്ലാം കോഹ് ലി മറികടക്കുമെന്ന് രവിശാസ്ത്രി

ക്രിസീല്‍ ഗര്‍ജിച്ചും ബാറ്റ് കൊണ്ട് ക്ലാസിക് ഇന്നിങ്‌സുകള്‍ കളിച്ചും 2014ല്‍ ടെസ്റ്റ് ടീമിന്റെ നായകപദവി ഏറ്റെടുത്തത് മുതല്‍ വിരാട് കോഹ് ലി തിളങ്ങി നില്‍ക്കുകയാണ്
നായകപദവിയില്‍ ധോനിയേക്കാളും മുകളിലാണോ കോഹ് ലി? ധോനി കീഴടക്കിയതെല്ലാം കോഹ് ലി മറികടക്കുമെന്ന് രവിശാസ്ത്രി

ലോക ക്രിക്കറ്റിലെ മറ്റൊരു നായകനും അവകാശപ്പെടാനാകാത്ത റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയാണ് ധോനി നായകപദവി ഒഴിഞ്ഞത്. വേള്‍ഡ് കപ്പ്, ട്വിന്റി20 വേള്‍ഡ് കപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിങ്ങനെ മൂന്ന് ഐസിസി ട്രോഫികളും സ്വന്തം രാജ്യത്തിലേക്ക് എത്തിച്ചിരിക്കുന്ന മറ്റൊരു നായകനില്ല. 

ക്രിസീല്‍ ഗര്‍ജിച്ചും ബാറ്റ് കൊണ്ട് ക്ലാസിക് ഇന്നിങ്‌സുകള്‍ കളിച്ചും 2014ല്‍ ടെസ്റ്റ് ടീമിന്റെ നായകപദവി ഏറ്റെടുത്തത് മുതല്‍ വിരാട് കോഹ് ലി തിളങ്ങി നില്‍ക്കുകയാണ്. എന്നാല്‍ ടെസ്റ്റ്, ഏകദിന, ട്വിന്റി20 ടീമികളുടെ നായകപദവി കോഹ് ലിയുടെ കൈകളിലേക്ക് എത്തി അധികം കഴിയുന്നതിന് മുന്‍പ് തന്നെ ധോനി കീഴടക്കിയ പടവുകളെല്ലാം കോഹ് ലിക്കും സാധ്യമാകുമെന്ന വാദമുയര്‍ത്തിയിരിക്കുകയാണ് പുതിയ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. 

ലോക കപ്പും, ട്വിന്റി20 വേള്‍ഡ് കപ്പ് കിരീടവും, ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയ്ക്ക് നേടിത്തന്നതിന് പുറമെ, ഇന്ത്യന്‍ ടീം ടെസ്റ്റ് റാങ്കില്‍ ഒന്നാം സ്ഥാനത്തും എത്തിയിരുന്നു ധോനിയുടെ കാലത്ത്. 

പുതിയ ചലനങ്ങള്‍ സൃഷ്ടിച്ചാണ് നായകനായുള്ള കോഹ് ലിയുടെ തുടക്കവും. 20ല്‍ കൂടുതല്‍ ടെസ്റ്റുകളില്‍ ടീമിനെ നയിച്ച ഇന്ത്യന്‍ നായകരില്‍ കോഹ്ലിയാണ് വിജയശതമാനത്തില്‍ മുന്നില്‍. ഇന്ത്യയെ നയിച്ച 27 ടെസ്റ്റുകളില്‍ 17ലും കോഹ് ലി ഇന്ത്യയെ വിജയിപ്പിച്ചു. 62.96 ആണ് കോഹ്ലിയുടെ വിജയശതമാനം. 60 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ധോനിക്ക് ടീമിനെ ജയിപ്പിക്കാനായത് 27 ടെസ്റ്റുകളിലാണ്. വിജയശതമാനം 45.

49 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച സൗരവ് ഗാംഗുലിയാണ് കൂടുതല്‍ ടെസ്റ്റുകളില്‍ ഇന്ത്യയെ ജയിപ്പിച്ച നായകരില്‍ മൂന്നാം സ്ഥാനത്തുള്ളത്. 21 ടെസ്റ്റുകളില്‍ ഗാംഗുലി ഇന്ത്യയെ ജയിപ്പിച്ചു. 

ഇതുപോലെയാണ് കോഹ്ലി മുന്നോട്ട് പോകുന്നതെങ്കില്‍, ധോനിയുടെ റെക്കോര്‍ഡുകള്‍ കോഹ്ലി മറികടക്കുമെന്ന് രവിശാസ്ത്രി പറയുന്നു. കളിക്കാരനും, കമന്റേറ്ററും, പരിശീലകനുമൊക്കെയായി 35 വര്‍ഷമായി താന്‍ ക്രിക്കറ്റിനൊപ്പം നില്‍ക്കുന്നു. എന്നാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ മാറ്റി നിര്‍ത്തിയാല്‍, റെക്കോര്‍ഡുകള്‍ ഓരോന്നായി മറികടക്കുന്ന കോഹ് ലിയല്ലാതെ മറ്റൊരാളെ താന്‍ കണ്ടിട്ടില്ലെന്ന് രവിശാസ്ത്രി. 

വളരെ കുറച്ച് മത്സരങ്ങള്‍ കളിച്ച് തന്നെ വലിയ റെക്കോര്‍ഡുകള്‍ മറികടക്കാന്‍ കോഹ് ലിക്ക് സാധിക്കും. എതറ്റത്തായിരിക്കും കോഹ്ലി നിര്‍ത്തുക എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതാണെന്നും ശാസ്ത്രി പറയുന്നു. എന്നാല്‍  കോഹ്ലിയെ വാനോളം ഉയര്‍ത്തുമ്പോഴും നിലവില്‍ ധോനിയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച നായകനെന്നും ശാസ്ത്രി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com