തീപ്പിടിപ്പിച്ച കാലുകളിലെ തീയണയുമ്പോള്‍

തീപ്പിടിപ്പിച്ച കാലുകളിലെ തീയണയുമ്പോള്‍

വേഗം അയാള്‍ക്കൊരു പ്രശ്‌നമല്ലായിരുന്നു. റബറും മണ്ണും ചേര്‍ത്തു നിറം ചാര്‍ത്തിയൊരുക്കിയ ട്രാക്കുകളെ തന്റെ വേഗം കൊണ്ടു തീപ്പിടിപ്പിക്കുമ്പോഴും അയാള്‍ അതിനെ പ്രണയിച്ചുകൊണ്ടിരിന്നു. സ്റ്റാര്‍ട്ടിങ് ബ്ലോക്കില്‍ സഹതാരങ്ങള്‍ മസിലു പിടിച്ചിരിക്കുമ്പോള്‍ ജമൈക്കന്‍ നക്ഷത്രം നൃത്തം ചെയ്യും. അയാള്‍ക്കറിയാമായിരിക്കാം ട്രാക്ക് തന്നെ ചതിക്കുകയില്ലെന്ന്. കാലുകളില്‍ കരുത്താവാഹിച്ചു ആദ്യ മുപ്പതു മീറ്റര്‍ തലതാഴ്ത്തി കുതിക്കുകയാണെങ്കിലും അയാള്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു.

അതുകൊണ്ടാണ് ലോക അത്‌ലറ്റിക്‌സ് താരങ്ങള്‍ക്കിടയില്‍ ഉസൈന്‍ ബോള്‍ട്ട് എന്ന ജമൈക്കക്കാരനെ ആരാധകര്‍ ഇത്രയേറെ നെഞ്ചിലേറ്റാന്‍ കാരണവും. അലസനായിരുന്നു അയാള്‍. അമ്മയുടെ വാക്കുകള്‍ കേള്‍ക്കുന്ന മടിയനായ ഒരു അമ്മക്കുട്ടി. ക്രിക്കറ്റിലായിരുന്നു ബോള്‍ട്ടിനു കമ്പം. ആറടിയിലധികം ഉയരമുള്ള ബോള്‍ട്ടിനു കോട്‌നി വാല്‍ഷിനെപ്പോലെയോ ആംബ്രോസിനെ പോലെയോ ആകാമായിരുന്നു.

എന്നാല്‍, ഓടിത്തെളിയാനായിരുന്നു ബോള്‍ട്ടിനു ഭൂമിയില്‍ ദൈവം നല്‍കിയ നിയോഗം. അതയാള്‍ കൃത്യമായി ചെയ്യുകയും ചെയ്തു. ടീം ഗെയിമായ ക്രിക്കറ്റില്‍ നിന്നും മികവുണ്ടെങ്കിലും അവസരം ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ല. മറിച്ചു അത്‌ലറ്റിക്‌സാവട്ടെ, നിങ്ങളാണ് രാജാവ്. നിങ്ങള്‍ക്കു കഴിവുണ്ടെങ്കില്‍ ട്രാക്കില്‍ നിന്നും നിങ്ങളെ ആരു പുറത്താക്കും. ചോദിക്കുന്നത് ബോള്‍ട്ടാണ്.

12മത്തെ വയസില്‍ വേഗതയുടെ കാര്യത്തില്‍ ബോള്‍ട്ടിനെ സ്‌കൂളില്‍ തോല്‍പ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. 1986 ഓഗസ്റ്റ് 21നു ജനിച്ച ബോള്‍ട്ടിന്റെ ട്രാക്കിലെ തേരോട്ടത്തിനുള്ള തുടക്കമായിരുന്നത്. 15മത് വയസില്‍ ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലെ 200 മീറ്റര്‍ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ കഴുത്തിലണിയുമ്പോള്‍ അത്‌ലറ്റിക്‌സ് ലോകം ജമൈക്കക്കാരനെ ശ്രദ്ധിക്കാന്‍ തുടങ്ങി.

ട്രാക്കിലെ അതിവേഗ ഇനങ്ങളില്‍ ബോള്‍ട്ട് തന്നെ ജേതാവാകുമെന്ന് ആരാധകരുടെ മനസില്‍ നെട്ടും ബോള്‍ട്ടും മുറുക്കാന്‍ ബോള്‍ട്ടിനു വേണ്ടി വന്നത് 2008ലെ ബീജിങ് ഒളിംപിക്‌സാണ്. 100 മീറ്റര്‍, 200 മീറ്റര്‍ എന്നീ വ്യക്തിഗത വിഭാഗങ്ങളിലും, 4x100 റിലേയിലും സ്വര്‍ണം നേടി ട്രാക്കിലെ വേഗതയുടെ രാജകുമാരന്‍ എന്ന പദവിയിലേക്കു ബോള്‍ട്ട് സിംഹാസനമിട്ടിരുന്നു. 2012ല്‍ ലണ്ടനിലും, കഴിഞ്ഞ വര്‍ഷം റിയോയിലും നടന്ന ഒളിംപിക്‌സുകളിലും ആ സിംഹാസനത്തിനു ഇളക്കം തട്ടിയില്ല. ഇതോടൊപ്പം ലോക ചാംപ്യന്‍ഷിപ്പുകളില്‍ പതിനൊന്ന് സ്വര്‍ണവും വാരിക്കൂട്ടി ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് താനെന്ന് ബോള്‍ട്ട് പറഞ്ഞാല്‍ അതു കുറഞ്ഞു പോയില്ലേ എന്ന് ആരാധകര്‍ക്കു തോന്നും.

കഠിന പ്രയത്‌നം കൊണ്ടും ഇച്ഛാശക്തി കോണ്ടും ട്രാക്കുകള്‍ കാല്‍ച്ചുവട്ടിലാക്കിയ ബോള്‍ട്ട് ഓട്ടം നിര്‍ത്തുകയാണ്. ട്രാക്കുകളില്‍ തീപ്പിടിപ്പിച്ച കാലുകളില്‍ തീയണയുകയാണ് ഈ ലോക ചാംപ്യന്‍ഷിപ്പോടെ. ലണ്ടന്‍ ഒരുങ്ങിക്കഴിഞ്ഞു, ട്രാക്കും ഒരുങ്ങിക്കഴിഞ്ഞു. വേഗതയുടെ രാജകുമാരന് സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും കൊടുക്കാന്‍ ട്രാക്ക് പോലും വിസമ്മതിച്ചേക്കും. ട്രാക്കുകളില്‍ ഇനി ഇത്തരത്തിലുള്ളൊരു അവതാരപ്പിറവിക്കായി കാലം എത്ര കാത്തിരിക്കേണ്ടി വരും. നന്ദി ബോള്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com