അപ്പോള്‍ പീറ്റര്‍ ഷില്‍ട്ടന്റെ കണ്ണില്‍നിന്നും ഗോള്‍ഡന്‍ ഈച്ച പാറി; ഷഹബാസ് അമന്റെ ഈ കുറിപ്പു വായിക്കൂ..

ഡാ മോനെ ... കൈ കൊണ്ട് ഇനി എന്നെ അപമാനിക്കണമെങ്കില്‍ നീയൊക്കെ വേറെ ജനിക്കണം
അപ്പോള്‍ പീറ്റര്‍ ഷില്‍ട്ടന്റെ കണ്ണില്‍നിന്നും ഗോള്‍ഡന്‍ ഈച്ച പാറി; ഷഹബാസ് അമന്റെ ഈ കുറിപ്പു വായിക്കൂ..

പീറ്റര്‍ ഷില്‍ട്ടണ്‍ എന്ന മഹാനായ ഇംഗ്ലിഷ് ഗോള്‍ കീപ്പറോട് മറ്റാരും ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യമുന്നയിച്ച കഥ ഓര്‍ത്തെടുക്കുകയാണ് മനോഹരമായ ഈ കുറിപ്പില്‍ ഗായകന്‍ ഷഹബാസ് അമന്‍. താനൂരിലെ പഴയ മഞ്ഞ ജഴ്‌സിക്കാരന്‍ ഗോളിയും വെബ്ലിയിലും റോയല്‍ ആല്‍ബര്‍ട്‌സിലും കീബോര്‍ഡ് കൊണ്ടു മായാജാലം തീര്‍ത്ത കലാകാരനുമായ റോയി ജോര്‍ജ് ഷില്‍ട്ടനു മുന്നില്‍ ചോദ്യമുതിര്‍ത്തത് ഏതാനും വര്‍ഷം മുമ്പ് കോഴിക്കോട്ടു വന്നപ്പോള്‍. ഗാലറിയില്‍ യാദൃച്ഛികമായി അന്നത്തെ ചിത്രം കണ്ടപ്പോള്‍ തികട്ടിവന്ന ഓര്‍മയെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഗായകന്‍.

ഷഹബാസ് അമന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്: 

''താങ്കളുടെ ഗോള്‍ കിക്കുകള്‍ തൊണ്ണൂറു ശതമാനവും എതിര്‍ ത്രോ ലൈനില്‍ ചെന്ന് വീഴുന്നതായിട്ടാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്.ഇത് ബോധാപൂര്‍വ്വമാണോ അതോ കയ്യില്‍ നിന്ന് പോകുന്നതാണോ ?''

റോയിച്ചന്റെ ചോദ്യം കേട്ട് ആദ്യമൊന്ന് പതറുകയും പതുക്കെ നില വീണ്ടെടുത്ത് ചിരിക്കുകയും മാന്യമായി മറുപടി പറയുകയും ചെയ്ത ആ വെള്ളക്കാരനെ ഇതിനോടകം നിങ്ങള്‍ക്ക് മനസ്സിലായിക്കാണും.

ഇല്ലെങ്കില്‍ മാത്രം പറയാം.പീറ്റര്‍ ഷില്‍ട്ടണ്‍! ദൈവത്തിന്റെ കൈ എന്ന് ലോകം വാഴ്ത്തിയ 1986 ലെ ''ആ '' അര്‍ജന്തീനിയന്‍ കുറുങ്കയ്യിനെ ചെകുത്താന്റെത് എന്ന് വിശേഷിപ്പിച്ച ഒരേയൊരാള്‍ ! ''ഞാനേ കണ്ടുള്ളൂ '' എന്ന് ഗുരുവായൂരപ്പനെ സാക്ഷിയാക്കി ഞങ്ങളോടും ആവര്‍ത്തിച്ചു പറഞ്ഞു ! അത്രക്ക് അലട്ടുന്നുണ്ട് ആറടിക്കാരനെ അന്നത്തെ അപമാനം .രണ്ട് ബ്ലാക്ക് കാറ്റുകളാണ് ലണ്ടനില്‍ നിന്നും കൂടെ വന്നിരിക്കുന്നത് .പറഞ്ഞിട്ടെന്ത് .കാറ്റിനേക്കാള്‍ വേഗത്തിലല്ലേ മറഡോണപ്പാപ്പ ഇയാളെയടക്കം അഞ്ചാളെ വലിച്ച് പോസ്റ്ററൊട്ടിച്ച് രണ്ടാമത്തെ ഗോളിനെ ചരിത്രത്തിലേക്ക് പറഞ്ഞയച്ചത്.പീറ്റര്‍ ഷില്‍ട്ടണ്‍ കോഴിക്കോട്ട് വന്നത് ഒരു െ്രെപവറ്റ് മാച്ചിലെ വിഷിഷ്ട്ടാതിഥി ആയിട്ടായിരുന്നെങ്കിലും ബ്രിട്ടണ്‍ അദ്ദേഹത്തെ അയച്ചത് അവിടുത്തെ എന്തൊക്കെയോ ഒദ്യോഗിക ചുമതലകള്‍ വഹിക്കുന്ന ആള്‍ എന്ന നിലക്ക് സീരിയസ് ആയിട്ടായിരുന്നു . ഗ്രൗണ്ടിലും പവലിയനിലുമായി അദ്ദേഹം വെച്ച ഓരോ ചുവടും പഴയ ലോക കപ്പിന്റെ വലിപ്പത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലായിരുന്നു .കയ്യില്‍ ഗ്ലൌസ് ഉണ്ടെന്ന് വരെ തോന്നും . ഗാലറിയിലേക്ക് നോക്കുന്നത് തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തെ നോക്കും പോലെയായിരുന്നു .പക്ഷേ ആ നോട്ടം സബ്ജയിലിന്റെ മുകളിലെ ശൂന്യമായ ആകാശത്തു നിന്നും ഒരു കാക്ക ഷോക്കടിച്ച് താഴേക്ക് വീഴും പോലെ പാവമണി റോട്ടിലെവിടെയോ അനാഥമായി കിടന്നിരിക്കണം ...കൂടാതെ മറ്റൊരു അതിഥിയായി വന്ന് ചേര്‍ന്ന അന്നത്തെ കലക്ടര്‍ പ്രശാന്ത് ഇടതുകയ്യിലെ ഫോണില്‍ ആരോടോ വര്‍ത്തമാനം പറയുന്നത് തുടര്‍ന്ന് കൊണ്ട് തന്നെ ,വളരെ അബഹുമാനപൂര്‍വ്വവും അപ്രസക്തമായും തന്റെ വലതു കയ്യില്‍ ഉണ്ടായിരുന്ന ഔദ്യോഗിക ഹസ്തത്തിന്റെ ഒരു ചീള് ആ ലോക ഗോളിക്ക് നേരെ നീട്ടിയതോടെ കാര്യങ്ങള്‍ ഏകദേശം തീരുമാനമായി ! അന്നേരവും അദ്ദേഹം ഓര്‍ത്തിരിക്കുക ' മറ്റേ ഹാന്‍ഡ്' ആയിരിക്കണം . ഡാ മോനെ ... കൈ കൊണ്ട് ഇനി എന്നെ അപമാനിക്കണമെങ്കില്‍ നീയൊക്കെ വേറെ ജനിക്കണം എന്ന മട്ടില്‍ അയാള്‍ തനിക്ക് മുഖം പോലും തരാതിരുന്ന കളക്ടറുടെ നേറെ ഒന്ന് ചിരിച്ചു . ചുരുക്കിപ്പറഞ്ഞാല്‍ തെക്കേ അമേരിക്കയിലെ ഏതോ തെരുവില്‍ വഴി തെറ്റി എത്തിയ പോലെയായി സാക്ഷാല്‍ പീറ്റര്‍ ഷില്‍ട്ടന്റെ അവസ്ഥ ! അപ്പോഴാണ് ഇന്ത്യയിലെ തന്റെ ഒരേയൊരു ആരാധകനെ മുഖാമുഖം കാണാന്‍ അദ്ധേഹത്തിന് ഭാഗ്യമുണ്ടായത് . താനൂരിലെ പഴയ മഞ്ഞ ജഴ്‌സിക്കാരന്‍ ഗോളി തരിമ്പും കുറയാത്ത സ്‌നേഹാരാധനയോടെ മുന്നില്‍ വന്ന് നിന്നപ്പോള്‍ ഏതോ ഒരുത്തന്‍ എന്നാണ് അദ്ദേഹം ആദ്യം കരുതിയത് ! അവിടെയായിരുന്നു എന്റെ ഊഴം ! ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തിലും റോയല്‍ ആല്‍ബര്‍ട്ട് ഹാളിലും കീബോര്‍ഡ്‌സ് കൊണ്ട് മായാജാലം തീര്‍ത്ത വിരലില്‍ എണ്ണാവുന്ന ഇന്ത്യക്കാരില്‍ ഒരാളാണു റോയി ജോര്‍ജ് എന്ന് പരിചയപ്പെടുത്തിയപ്പോള്‍ പീറ്റര്‍ ഷില്‍ട്ടണ്ടെ കണ്ണില്‍ നിന്നും ഗോള്‍ഡനീച്ച പാറി ! മറഡോണ നാലാളെ വെട്ടിച്ച് തന്റെ നേര്‍ക്ക് വരുന്നതിന്റെ ഓര്‍മ്മയിലെന്നോണം അയാള്‍ റോയിച്ചനെ ശരിക്കൊന്ന് നോക്കി ! അപ്പോഴേക്കും ആദ്യം പറഞ്ഞ ചോദ്യം റോയി ജി യുടെ കാലില്‍ നിന്നും നെറ്റിനെ ലക്ഷ്യമാക്കി നീങ്ങിക്കഴിഞ്ഞിരുന്നു .എന്നാല്‍ അതിനുള്ള മറുപടി വളരെ രസകരവും അപ്രതീക്ഷിതമായ ഒരു ഗോള്‍ കിക്ക് എതിര്‍ വലയില്‍ ഊര്ന്നിറങ്ങും പോലെയും തോന്നിച്ചു.അയാള്‍ പറഞ്ഞു;

''ഗാരി ലിനേക്കര്‍ ആണ് ഞങ്ങളുടെ കുന്തമുന എന്നറിയാമല്ലോ . നഷ്ടപ്പെട്ടു എന്ന് ലൈന്‍ റഫറിക്കടക്കം തോന്നുന്ന ഒരു ബോളിനെപ്പോലും ഗോള്‍വല കടത്താന്‍ അയാള്‍ക്ക് തന്റെ ബൂട്ടിന്റെ ഒരു തുംബ് മതി .അതില്‍ വിശ്വാസമര്‍പ്പിച്ച് കൊണ്ട് എല്ലായ്‌പോഴും ഞാന്‍ എന്റെ സ്വന്തം കിക്കുകള്‍ ഇരു എക്‌സ്ട്രീമുകളിലേക്കും ഒരു നിക്ഷേപം എന്ന നിലക്ക് അയക്കുന്നു .പോയാല്‍ പോട്ടെ ! പക്ഷേ ,കിട്ടിയാല്‍ ഒരു ഗോളാണെന്നോര്‍ക്കണം ! ''

ഈ ചോദ്യം ലോകത്ത് ആരും എന്നോട് ഇതേ വരെ ചോദിച്ചിട്ടില്ലെന്നു റോയിജിയെ ഒരു ഹസ്തദാനത്തിലൂടെ നന്ദിസൂചകമായി അറിയിക്കാന്‍ കളിക്കളത്തിലെ എക്കാലത്തെയും മാന്യനായ ആ മനുഷ്യ താരം മടിച്ചതോ മറന്നതോ ഇല്ല !
റോയ് ജോര്‍ജ്ജ് ആണ് സോള്‍ ഓഫ് അനാമിക മുതല്‍ ഇങ്ങോട്ടുള്ള എന്റെ എല്ലാ മ്യൂസിക്കല്‍ തോട്ടിന്റെയും പിന്നിലെ പ്രായോഗിക ശക്തി !! സിനിമയിലും സിനിമക്ക് പുറത്തും അതെ !ലൈവില്‍ ഒഴികെ! ഇപ്പോള്‍ റോയ് ജി യെപ്പറ്റി ഇവിടെ പറയാന്‍ കാരണം കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നിന്നുമുള്ള ഈ മുന്‍ ചിത്രം 'ഗാലറിയില്‍' യാദൃശ്ച്ചികായി കണ്ടതുകൊണ്ടാണു!സ്വാഭാവികമായും 1986 മനസ്സിലേക്ക് ഇരമ്പി വന്നു !ജീവിതല്ലേ..ഒരു രസല്ലേ..

നീല ടീഷര്‍ട്ട് ഇട്ട് മുന്നില്‍ പുഞ്ചിരിച്ചു നില്‍ക്കുന്നതാണ് ഞങ്ങളുടെ പ്രിയ റോയ് ജി !

എല്ലാവരോടും സ്‌നേഹം.....
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com