സൂപ്പര്‍കോപ്പയില്‍ ഇന്ന് പൊടിപാറും; എല്‍ക്ലാസിക്കോ ആവേശത്തില്‍ ആരാധകര്‍

b5249e5e6890a4b4a7ada6a37f147094_(1)
b5249e5e6890a4b4a7ada6a37f147094_(1)

ബാഴ്‌സലോണ: ലാലീഗ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡും കോപ്പ ഡെല്‍റേ ചാംപ്യന്‍മാരായ ബാഴ്‌സലോണയും സ്പാനിഷ് സൂപ്പര്‍കോപ്പ ഫൈനലില്‍ ഇന്നു നേര്‍ക്കുനേര്‍. രണ്ടുപാദങ്ങളായി നടക്കുന്ന സൂപ്പര്‍ കോപ്പ ഫൈനലിന്റെ ആദ്യ പാദം ഇന്ന് ബാഴ്‌സയുടെ കാംപ് ന്യൂവില്‍ നടക്കും. രണ്ടാം പാദം റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ ഓഗസ്റ്റ് 16നാണ്.

നെയ്മറില്ലാത്ത ബാഴ്‌സ
ലോകറെക്കോഡ് തുകയ്ക്കു പിഎസ്ജിയിലേക്കു പോയ നെയ്മറിന്റെ വിടവ് ബാഴ്‌സ എങ്ങനെ നികത്തുമെന്നതായിരിക്കും ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ഉറ്റുനോക്കുന്നത്. എംഎസ്എന്‍ സഖ്യത്തില്‍ നെയ്മര്‍ ഇല്ലാത്ത പോരായ്മ നികത്താനായാല്‍ ഈ സീസണിലെ ആദ്യ എല്‍ക്ലാസിക്കോ ജയിച്ചു ബാഴ്‌സയ്ക്കു തുടങ്ങാം. 

അതേസമയം, മെസ്സിയും സുവാരസുമടങ്ങുന്ന മുന്നേറ്റനിര ഏതു ടീമിന്റെയും പേടിസ്വപ്‌നമാണെന്ന് പരിശീലകന്‍ ഏണസ്‌റ്റോ വാല്‍വാര്‍ഡെയ്ക്കറിയാം. അതുകൊണ്ടു തന്നെ ജയത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ബദ്ധവൈരികളായ റയലിനോട് എല്‍ക്ലാസിക്കോയില്‍ തോല്‍വി പിണഞ്ഞാല്‍ കാറ്റലന്‍സിനു സഹിക്കാവുന്നതിലുമപ്പുറമാകും. പ്രതീക്ഷിച്ച താരങ്ങളെ ഇത്തവണ ട്രാന്‍സ്ഫര്‍ വിപണിയില്‍ നിന്നും സ്വന്തമാക്കാന്‍ സാധിക്കാതിരുന്നെങ്കിലും നെല്‍സണ്‍ സെമോഡോ, ജെറാര്‍ഡ് ദെലഫൗ എന്നിവരെ എത്തിച്ച ബാഴ്‌സ സൂപ്പര്‍കോപ്പയില്‍ ഇവര്‍ക്കു അവസരം നല്‍കിയേക്കും.

പ്രതീക്ഷയോടെ റയല്‍
യുവേഫ സൂപ്പര്‍ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 2 -1 നു തോല്‍പിച്ച സീസണിലെ ആദ്യ ട്രോഫി സ്വന്തമാക്കിയാണ് റയല്‍ മാഡ്രിഡ് കാംപ് ന്യൂവിലേക്ക് വിമാനം കയറിയത്. കഴിഞ്ഞ സീസണില്‍ ലാലീഗയും ചാംപ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയ റയല്‍ ഇക്കുറി ട്രാന്‍സ്ഫര്‍ വിപണിയില്‍ നിന്ന് മികച്ച ഒരു പിടി യുവതാരങ്ങളെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

എല്‍ക്ലാസിക്കോയിലുള്ള പരാജയങ്ങള്‍ക്കു വിരാമം കുറിക്കാനാകും കോച്ച് സിനദിന്‍ സിദാന്‍ ശ്രമിക്കുക. സൂപ്പര്‍ കപ്പ് ഫൈനലില്‍ പകരക്കാരുടെ ബെഞ്ചില്‍ നിന്ന് മത്സരം തുടങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ പതിനൊന്നില്‍ തിരിച്ചെത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com