യൂറോപ്പില്‍ ചരിത്രം കുറിഞ്ഞ സന്ദു ഇന്ത്യയിലേക്കു മടങ്ങുന്നു; ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും രംഗത്ത്?

യൂറോപ്പില്‍ ചരിത്രം കുറിഞ്ഞ സന്ദു ഇന്ത്യയിലേക്കു മടങ്ങുന്നു; ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും രംഗത്ത്?

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നു യൂറോപ്പ ലീഗില്‍ അരങ്ങേറുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ദു ഇന്ത്യയിലേക്കു തന്നെ മടങ്ങുന്നു. നോര്‍വീജിയന്‍ ചാമ്പ്യന്‍മാരായ സ്റ്റബെക്കിന്റെ രണ്ടാം നമ്പര്‍ ഗോള്‍കീപ്പറായ സന്ദു യൂറോപ്പില്‍ കൂടുതല്‍ അവസരമില്ലാത്തതാണ് ക്ലബ് വിടാനുള്ള കാരണം.

സ്റ്റബെക്കുമായി നാല് മാസം കൂടി കരാറുണ്ടെങ്കിലും നാട്ടിലേക്കു തിരിക്കാന്‍ താരം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റബെക്കിനു വേണ്ടി പത്ത് മത്സരങ്ങളില്‍ മാത്രമാണ് സന്ദു ഗ്ലൗ അണിഞ്ഞത്. അതേസമയം, നാട്ടിലേക്കു തിരിക്കുന്ന താരവുമായി ബെംഗളൂരു എഫ്‌സി കരാറിലെത്തിയെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഒരു കോടി രൂപ ശമ്പളത്തിനു സന്ദു കരാറിലെത്തയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ സന്ദു കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കെന്ന സൂചനകള്‍ നല്‍കി സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. ക്ലബ്ബ് വിടുന്നതില്‍ ദുഃഖമുണ്ടെന്ന് സ്റ്റബെക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വ്യക്തമാക്കിയ താരം അടുത്ത ക്ലബ്ബ് ഏതെന്ന് വ്യക്തമാക്കിയിട്ടില്ല.

2014ലാണ് ഈസ്റ്റ് ബംഗാളില്‍ നിന്ന് മൂന്ന് വര്‍ഷത്തെ കരാറില്‍ സന്ദു സ്റ്റബെക്കിലെത്തുന്നത്. ഈ നീക്കം പ്രതീക്ഷിച്ചത്ര ഫലം ചെയ്തില്ല. ക്ലബ്ബിന്റെ ഒന്നാം ഗോളി ഐവറി കോസ്റ്റിന്റെ സയുബ മാന്‍ഡെയ്ക്കു കീഴില്‍ രണ്ടാം സ്ഥാനത്തായിരുന്നു സന്ദു  കൂടുതലും. ഇതോടെ ക്ലബ്ബ് വിടാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം തന്നെ ക്ലബ്ബ് വിടാന്‍ തീരുമാനിച്ച സന്ദുവിനെ സ്റ്റബെക്ക് ഗോള്‍കീപ്പിങ് കോച്ച് എസ്പാന്‍ ഗ്രാന്‍ലിയുടെ സമ്മര്‍ദ്ദമാണ് ഒരു വര്‍ഷം കൂടി നീട്ടിയത്. തുടര്‍ന്ന് യൂറോപ്പ ചാംപ്യന്‍ഷ്പ്പില്‍ ഒന്നാം ഗോളിയായ സന്ദുവിനു പരിക്കേറ്റു കളം വിടേണ്ടി വന്നു. 

ഏന്തായാലും താരത്തിന്റെ തീരുമാനം മികച്ചതാണെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളാണ് സന്ദു. അതുകൊണ്ടു തന്നെ ഐഎസ്എല്‍ പോലുള്ള മത്സരങ്ങളില്‍ സന്ദുവിന്റെ സേവനം ഉപയോഗപ്പെടുത്താമെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com