എംഎസ്എന്‍ ഇല്ല, സാവിയും ഇനിയെസ്റ്റയുമില്ല; ബാഴ്‌സയില്‍ ഏകനായി മെസ്സി

ദൗര്‍ബല്യം മാത്രമുള്ള ടീമിനെ ഒരാളുടെ മികവുകൊണ്ട് മാത്രം എത്രത്തോളം കരകയറ്റാനാകും. റയലുമായുള്ള സൂപ്പര്‍കോപ്പ ഫൈനലില്‍ മെസ്സി.
ദൗര്‍ബല്യം മാത്രമുള്ള ടീമിനെ ഒരാളുടെ മികവുകൊണ്ട് മാത്രം എത്രത്തോളം കരകയറ്റാനാകും. റയലുമായുള്ള സൂപ്പര്‍കോപ്പ ഫൈനലില്‍ മെസ്സി.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു തമാശയുണ്ട്. യുവതാരമായിരുന്ന മെസ്സി ഒരു പെണ്‍കുട്ടിയുമായി കിടപ്പുമുറിയിലിരിക്കുകയായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെ ചൂടായി വരുന്ന സമയത്ത് പെട്ടെന്ന് മെസ്സി എഴുന്നേറ്റു പോകുന്നു. കുറച്ചു കഴിഞ്ഞതിനു ശേഷം രണ്ടു പേരെ കൂടെകൂട്ടി വരുന്ന മെസ്സിയോട് പെണ്‍കുട്ടി എന്തിനുള്ള പരിപാടിയാണെന്നു ചോദിച്ചപ്പോള്‍ സാവിയും ഇനിയെസ്റ്റയുമില്ലാതെ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു മെസ്സിയുടെ മറുപടി.

ബാഴ്‌സലോണയില്‍ മെസ്സിയുടെ ആദ്യ കാലത്ത് ഏകദേശം ഇതുപോലെയൊക്കെ ആയിരുന്നു സംഗതികളെന്നായിരുന്നു വിലയിരുത്തലുകള്‍. ലോകത്തിലെ എണ്ണം പറഞ്ഞ രണ്ട് മിഡ്ഫീല്‍ഡര്‍മാര്‍ മധ്യനിരവാഴുമ്പോള്‍ മുന്നേറ്റനിരയ്ക്കു ഗോളുകള്‍ കണ്ടെത്താന്‍ വിഷമമുണ്ടായിരുന്നില്ല. ഇത് തെളിയിക്കുന്ന തരത്തിലുള്ളതായിരുന്നു മെസ്സിയുടെ അര്‍ജന്റീനയ്ക്കു വേണ്ടിയുള്ള പ്രകടനങ്ങളും. ഒറ്റയ്ക്കു ഒരു ടീമിനെ നയിക്കാനുള്ള ശേഷി മെസ്സിയില്‍ നിന്നും ഫുട്‌ബോള്‍ ലോകം കണ്ടിരുന്നില്ല.

എന്നാല്‍, സാവിയും ഇനിയെസ്റ്റയുമില്ലാതെ തന്റെ കഴിവും പ്രതിഭയും എത്രത്തോളമുണ്ടെന്ന് പിന്നീട് പലയവസരത്തിലും മെസ്സി തെളിയിച്ചു തന്നു. എങ്കിലും വമ്പന്‍ മത്സരങ്ങളില്‍ തനിക്കു ചുറ്റുമുള്ള നെറ്റ്‌വര്‍ക്കിന്റെ പിന്തുണ മെസ്സിക്കു നിര്‍ബന്ധമായിരുന്നു.

ഡാനി ആല്‍വെസും മെസ്സിയും തമ്മിലുള്ള കെമിസ്ട്രിയായിരുന്നു പിന്നീട് ബാഴ്‌സയില്‍ കണ്ടിരുന്നത്. നെയ്മര്‍, സുവാരസ് പരിശീലകന്‍ ലൂയിസ് എന്റിക്വ എന്നിവരുമായുള്ള ഇഴയടുപ്പം ബാഴ്‌സയ്ക്കും മെസ്സിക്കും വലിയ മുതല്‍ക്കൂട്ടായി.

നെയ്മറില്ലാതെയാണ് ഈ സീസണിന്റെ തുടക്കം ബാഴ്‌സയാരംഭിച്ചത്. ഇതോടെ ബാഴ്‌സ മുന്നേറ്റത്തിന്റെ മൂര്‍ച്ചകുറഞ്ഞു. റയല്‍ മാഡ്രിഡിനെതിരേ നടന്ന സൂപ്പകോപ്പ ഫൈനലില്‍ ഇത് വ്യക്തമാവുകയും ചെയ്തു. രണ്ടാം പാദത്തില്‍ ഒരു മികച്ച പങ്കാളിയെ കിട്ടാതെ മെസ്സി വലഞ്ഞു.

സാവി 2015ല്‍ ക്ലബ്ബ് വിട്ടു. ഡാനി ആല്‍വെസിനെ കഴിഞ്ഞ വര്‍ഷം പറഞ്ഞയച്ചു. നെയ്മര്‍ പിഎസ്ജിയിലെത്തി. ഇനിയെസ്റ്റയ്ക്കും സുവാരസിനും പരിക്കും. മാഡ്രിഡുമായുള്ള കളിയില്‍ സുവാരസുണ്ടെങ്കിലും മെസ്സിയുടെ കണ്ണില്‍ നിസാഹയതയുണ്ടായിരുന്നു. 

പുതിയ വാര്‍ത്തകളനുസരിച്ചു സുവാരസിനു ഒരു മാസം വരെ കാല്‍മുട്ടിലെ പരിക്കുമൂലം പുറത്തിരിക്കേണ്ടി വരുമെന്നതാണ് അവസ്ഥ. ലാലീഗയില്‍ ബാഴ്‌സയുടെ ആദ്യ മത്സരം നാളെയാണെന്നതു കൂടി ഓര്‍ക്കണം. കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിന്റെ സൂചനകള്‍ കാറ്റലന്‍ ക്ലബ്ബില്‍ നിന്നും വരാന്‍ തുടങ്ങിയിട്ടുണ്ട്. ബദ്ധവൈരികളായ റയല്‍ മാഡ്രിഡ് ഈ സീസണില്‍ ഗംഭീര തുടക്കം കുറിച്ചത് റൊണാള്‍ഡോ ഇല്ലാതെയും കൂടിയാണെന്നത് ഇതോടൊപ്പം ചേര്‍ത്തു വായിക്കാം. 

കാംപ് ന്യൂവില്‍ പുതിയ താരങ്ങളെ എത്തിക്കാത്തതും മാനേജ്‌മെന്റുമായുള്ള ആശയക്കുഴപ്പവും മെസ്സിയെ ഇതിനു മുമ്പ് ചൊടിപ്പിച്ചിരുന്നു. അന്നു, പ്രതിഫലത്തുക വര്‍ധിപ്പിച്ചു മെസ്സിയെ തളയ്ക്കാനെയങ്കിലും ക്ലബ്ബിന്റെ പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. 

സൂപ്പര്‍കോപ്പയുടെ ആദ്യ പാദത്തില്‍ കാംപ്യന്യൂവില്‍ മെസ്സിയുടെ പ്രകടനം

സൂപ്പര്‍കോപ്പയുടെ രണ്ടാം പാദത്തില്‍ ബെര്‍ണാബ്യുവില്‍ മെസ്സിയുടെ പ്രകടനം

മധ്യനിരയില്ലാതെ മുന്നേറ്റനിരയെ മാത്രം ആശ്രയിച്ചാല്‍ കനത്ത തിരിച്ചടിയേല്‍ക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മുന്നേറ്റനിരയില്‍ മെസ്സി മാത്രമാണ് ഇപ്പോഴുള്ളത്. മെസ്സിക്കു എത്രകണ്ടു ബാഴ്‌സയെ ചുമലിലേറ്റാം എന്നതു കണ്ടറിയേണ്ട കാര്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com