ലയണല്‍ മെസി റയല്‍ മാഡ്രിഡില്‍; പണി നിര്‍ത്താതെ ഹാക്കര്‍മാര്‍

ലയണല്‍ മെസി റയല്‍ മാഡ്രിഡില്‍; പണി നിര്‍ത്താതെ ഹാക്കര്‍മാര്‍

ഹാക്കര്‍മാരുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. ആര്‍ക്ക് എപ്പോള്‍ എങ്ങിനെ പണി തരുമെന്നൊന്നും പറയാന്‍ പറ്റില്ല. കോടിക്കണക്കിനു ആരാധകരുള്ള ലോകത്തെ വമ്പന്‍ ക്ലബ്ബുകളാണ് ഹാക്കര്‍മാരുടെ പുതിയ ഇരകള്‍. ദശകലക്ഷക്കണിനു ഫോളോവേഴ്‌സുള്ള ക്ലബ്ബുകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു തോന്നിയത് പോസ്റ്റു ചെയ്യുകയാണ് വിരുതന്മാരുടെ ഇപ്പോഴത്തെ ഹോബി.

ഹാക്കര്‍മാര്‍ ആദ്യം പണികൊടുത്തത് ബാഴ്‌സലോണയ്ക്കായിരുന്നു. അക്കൗണ്ട് തങ്ങളുടെ കൈകളിലാണെന്നുള്ള ട്വീറ്റ് ആണ് ആദ്യം ഇവര്‍ പോസ്റ്റ് ചെയ്തത്. പിന്നീട്, അര്‍ജന്റീനയുടെ പാരിസ് സെന്റ്‌ജെര്‍മെയ്ന്‍ താരമായ എയ്ഞ്ചല്‍ ഡി മരിയയുമായി കരാറിലെത്തിയതായും ഹാക്കര്‍മാര്‍ പോസ്റ്റു ചെയ്തു. ഡി മരിയയുമായി ബാഴ്‌സ അധികൃതര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന റൂമറുകള്‍ക്കിടയില്‍ വന്ന ട്വീറ്റ് ആരാധകര്‍ സത്യമാണെന്നു തന്നെ വിചാരിച്ചു.

പിന്നീട്, ഹാക്കര്‍മാരില്‍ നിന്നും വീണ്ടെടുത്ത ബാഴ്‌സ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടയില്‍ ബ്രസീലിയന്‍ താരമായ പൊളീഞ്ഞോയെ ടീമിലെത്തിച്ച ട്വീറ്റും ബാഴ്‌സ പോസ്റ്റ് ചെയ്തിരുന്നു. ഹാക്കര്‍മാര്‍ പറ്റിച്ച പണിയാണിതെന്നാണ് ആരാധകര്‍ വിശ്വസിച്ചിരുന്നത്.

ഇതിനിടയില്‍ അഞ്ചു മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ കലിപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇട്ട ഇന്‍സ്റ്റാഗ്രാം ഫോട്ടോയെ ട്രോളി ബെല്‍ജിയത്തിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം കമന്റിട്ടതും വാര്‍ത്തയായി.

മെസ്സിയാണ് മികച്ചതെന്നായിരുന്നു ലുകാക്കുവിന്റെ അഭിപ്രായം. എന്നാല്‍, മറുപടിയായി ആരാണീ ലുകാക്കുവെന്ന് ക്രിസ്റ്റ്യാനോയും ചോദിച്ചു. പിന്നീടാണ് സംഗതി ഹാക്കര്‍മാര്‍ ഒപ്പിച്ച പണിയാണെന്നു മനസിലായത്. ലുകാക്കുവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പിന്നീട് ലുകാക്കു അറിയിച്ചു.

ഹാക്കര്‍മാരുടെ ഏറ്റവും അവസാനം പണികൊടുത്തത് റയല്‍ മാഡ്രിഡിനാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന കായിക ടീമിന്റെ അക്കൗണ്ടില്‍ കയറി ബദ്ധവൈരികളായ ബാഴ്‌സയുടെ സൂപ്പര്‍ താരം മെസിക്കു സ്വാഗതം എന്നാണ് പോസ്റ്റിട്ടത്.

കഴിഞ്ഞ സീസണിലെ സാന്റിയാഗോ ബെര്‍ണാബ്യൂ എല്‍ക്ലാസിക്കോയില്‍ മെസിയുടെ അവസാന നിമിഷ ഗോളിന്റെ വീഡിയോ അടക്കമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അവര്‍ മൈന്‍ എന്ന സെക്യൂരിറ്റി ഹാക്കര്‍ഗ്രൂപ്പാണ് ഇതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com