പിന്നിലുള്ളവര്‍ പിന്നില്‍ തന്നെയാണ്, ചുമ്മാ പറയുന്നതല്ല, കാരണങ്ങള്‍ എണ്ണിയെണ്ണി നിരത്താം

മെസി എല്ലാവരേക്കാളും മുന്‍പിലെന്ന് ആണയിടാന്‍ ബാഴ്‌സ സ്‌ട്രൈക്കറുടെ ആരാധകര്‍ക്ക് പറയാനേറെയുണ്ട്
പിന്നിലുള്ളവര്‍ പിന്നില്‍ തന്നെയാണ്, ചുമ്മാ പറയുന്നതല്ല, കാരണങ്ങള്‍ എണ്ണിയെണ്ണി നിരത്താം

പന്ത് കാലില്‍ ഒട്ടിച്ചിട്ടെന്ന പോലെ കുതിച്ച് തെന്നിമാറുന്ന ഫുട്‌ബോള്‍ മിശിഹ, ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോളറായാണ് പലരും വിശേഷിപ്പിക്കുന്നത്. അഞ്ച് തവണ കൈകളിലേക്കെത്തിയ ബാലന്‍ ഡി ഓര്‍ അവരതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. 

ഫുട്‌ബോള്‍ മൈതനത്തിറങ്ങിയ കാലുകളില്‍ മെസിയോളം പോകുന്ന മറ്റൊന്നുണ്ടായിട്ടില്ല. തൊട്ടുപിന്നാലെ റൊണാള്‍ഡോ കുതിക്കുന്നുണ്ടെങ്കിലും, മെസിക്ക് പിന്നില്‍ മാത്രമായിരിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്ഥാനമെന്ന് പലരും ഉറപ്പിക്കുന്നു. മെസി എല്ലാവരേക്കാളും മുന്‍പിലെന്ന് ആണയിടാന്‍ ബാഴ്‌സ സ്‌ട്രൈക്കറുടെ ആരാധകര്‍ക്ക് പറയാനേറെയുണ്ട്. മെസിയെ മുന്നില്‍ നിര്‍ത്തുന്ന അഞ്ച് ഘടകങ്ങള്‍.

കാലുകള്‍ കൊണ്ട് നൃത്തം വയ്ക്കും

മൈതാനത്ത് പന്ത് കൊണ്ട് നൃത്തം വയ്ക്കുകയാണ് മെസിയെന്ന് ചിലപ്പോള്‍ തോന്നും. ഡ്രിബ്ലിങ്ങിലൂടെ അപകടകാരിയാകാന്‍ മെസിക്ക് നിമിഷ നേരം മതി. മാര്‍ക്ക് ചെയ്ത് നില്‍ക്കുന്ന എതിര്‍താരങ്ങളെ പറ്റിച്ച് ഗോള്‍ വല കുലുക്കാനോ, ഗോളാകാന്‍ പാകത്തില്‍ അളന്നു മുറിച്ച് പാസ് കൊടുക്കാനോ മെസി ഒന്നാമന്‍ തന്നെ. 

മെസിക്കൊപ്പം നെയ്മറും ഡ്രിബ്ലിങ്ങില്‍ അരങ്ങ് വാണതോടെ എതിര്‍ താരങ്ങളെ കബളിപ്പിച്ച് ഇവര്‍ അടിച്ചു പറത്തിയ ഗോളുകളെ കുറിച്ച് പറഞ്ഞാല്‍ ബാഴ്‌സ ആരാധകര്‍ക്ക് നിര്‍ത്താനാകില്ല. 

എതിരാളികളെ തകര്‍ക്കുന്ന ചങ്കൂറ്റം

നെയ്മര്‍ ഉള്‍പ്പെടെയുള്ള യുവ താരങ്ങളില്‍ നിന്നും മെസിയെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളില്‍ ഒന്നാണ് അര്‍ജന്റീനിയന്‍ താരത്തിന്റെ മാനസീകമായ മുന്‍തൂക്കം. ഒരു ഫുട്‌ബോളറുടെ മുന്നിലേക്കെത്തുന്ന എല്ലാ പ്രതിരോധങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നു പോയതിന്റെ അനുഭവ സമ്പത്ത് മെസിക്ക് മൈതാനത്ത് നല്‍കുന്ന മുന്‍തൂക്കം ചില്ലറയല്ല. 

ബാഴ്‌സയ്ക്കായി 500ല്‍ അധികം മത്സരങ്ങള്‍ക്കും, അര്‍ജന്റീനയ്ക്കായി 118 മത്സരങ്ങളിലും മെസി കുപ്പായമിട്ടു കഴിഞ്ഞു. ബൂട്ടണിഞ്ഞാല്‍ ഇരുപതുകാരന്റെ വിശപ്പുമായാണ് മെസി മൈതാനത്ത് പായുക. മൈതാനത്തെ സാഹചര്യങ്ങളെ പക്വതയോടെ തന്റെ വരുതിയിലാക്കാനുള്ള കഴിവ് മെസിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. 

കഴിവ് മാത്രം കൊണ്ട് കാര്യമില്ല, മൈതാനത്ത് പടം വരയ്ക്കുന്നത് പോലെ തെറ്റാത്ത ചുവടുകളിലേക്കെത്തിക്കുന്ന മൂര്‍ച്ഛയുള്ള ചിന്തകളും, ഫുട്‌ബോളിന്റെ സാങ്കേതികളും ചേരുമ്പോള്‍ ബാഴ്‌സയാക്കായി പത്താം നമ്പറിലിറങ്ങുന്ന താരം ഇതിഹാസമാകും.

പാസിങ്ങുകള്‍ കിറു കൃത്യം 

ഗോളടിക്കുന്നതിനേക്കാള്‍ കൂടുതല്‍ മെസിയെ കൂടുതല്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നത് അളന്നു മുറിച്ച പാസുകള്‍ നല്‍കി മറ്റ് താരങ്ങളെ കൊണ്ട് ഗോളടിപ്പിക്കുന്നതിലാണ്. കളി മെനയാനും, ബില്‍ഡ് അപ്പുകള്‍ വഴി ഗോള്‍ പോസ്റ്റിനടുത്തേക്ക് ഗോളെത്തിക്കാനും, ഗോള്‍ കീപ്പര്‍ക്ക് മുന്നില്‍ നിന്ന് സഹതാരങ്ങള്‍ക്ക് വല കുലുക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാനുമെല്ലാം മെസി മിടുക്കന്‍ തന്നെ. 

അതുകൊണ്ട് തന്നെയാണ് ലോകത്തിലെ മികച്ച് അസിസ്റ്റ് പ്രൊവൈഡേഴ്‌സില്‍ മെസി മുന്നില്‍ നില്‍ക്കുന്നത്. ലാ ലിഗയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ചതിന് പുറമെ, ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്തതിന്റെ റെക്കോര്‍ഡും മെസിയുടെ പേരിലാണ്. 

എപ്പോള്‍ എന്ത് ചെയ്യണമെന്ന് നന്നായറിയാം

എപ്പോള്‍ ഡ്രിബ്ലിള്‍ ചെയ്യണം, എപ്പോള്‍ പാസ് ചെയ്യണം, ഗോള്‍ പോസ്റ്റ് ലകഷ്യമാക്കിയുള്ള ഷോട്ട് എപ്പോള്‍ ഉതിര്‍ക്കണം ഇതൊക്കെ കിറു കൃത്യമായി കണക്കുകൂട്ടി എക്‌സിക്യൂട്ട് ചെയ്യും മെസി. മറ്റ് ലോകോത്തര താരങ്ങളില്‍ നിന്നും തന്റെ ഈ ഡിസിഷന്‍ മേക്കിങ് മെസിയെ വ്യത്യസ്തനാക്കുന്നു. 

ഇടംകാലില്‍ നിന്നും ജനിക്കുന്ന ഗോളുകള്‍

കഴിവുകള്‍ ഗോള്‍ വല ചലിപ്പിച്ചില്ലെങ്കില്‍ ഇതിഹാസം എന്ന പദവിയിലേക്ക് എത്തില്ല. കഴിവും, സാങ്കേതിക തികവുമെല്ലാം നിറഞ്ഞതിനൊപ്പം കൃത്യമായി വല കുലുക്കാന്‍ സാധിക്കുന്നതാണ് മെസിയെ ആരാധകര്‍ അത്രമേല്‍ സ്‌നേഹിക്കുന്നതിന് ഇടയാക്കുന്നത്. 

കഴിഞ്ഞ ലാ ലീഗ സീസണില്‍ 37 ഗോളുകള്‍ നേടിയാണ് മെസി ടോപ് സ്‌കോററായത്. 9 ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്യുകയും ചെയ്തു. യുവേഫ ചാമ്പ്യന്‍സ് ലീഗിലാകട്ടെ 11 തവണ അര്‍ജന്റീനിയന്‍ നായകന് വല കുലുക്കാനായി. എന്നാലിവിടെ റൊണാള്‍ഡോയ്ക്ക് പിന്നിലാണ് മെസി. 12 ഗോളുകളാണ് റോണാള്‍ഡോ യുവേഫാ ചാമ്പ്യന്‍സ് ലീജില്‍ നേടിയത്. 

ലീഗ് മത്സരങ്ങള്‍ എല്ലാം കണക്കിലെടുക്കുമ്പോള്‍ മെസി തന്നെയാണ് മുന്നില്‍. കഴിഞ്ഞ സീസണില്‍ 46 ഗോളുകളാണ് മെസി നേടിയത്. പിന്നിലുള്ളതാകട്ടെ സുവാരിസും. 42 തവണയാണ് ലീഗ് മത്സരങ്ങളിലായി സുവാരസ് ബാഴ്‌സയ്ക്കായി വല കുലുക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com