ധോനിക്കും ഇന്ത്യയ്ക്കും കയ്യടിക്കാനൊരുങ്ങി ആരാധകര്‍: നെഞ്ചിടിപ്പോടെ ശ്രീലങ്ക

ധോനിക്കും ഇന്ത്യയ്ക്കും കയ്യടിക്കാനൊരുങ്ങി ആരാധകര്‍: നെഞ്ചിടിപ്പോടെ ശ്രീലങ്ക

കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും സ്വന്തമാക്കിയ ഇന്ത്യയ്ക്കും 300മത് ഏകദിന മത്സരത്തിനിറങ്ങുന്ന മഹേന്ദ്ര സിങ് ധോനിക്കും കയ്യടിക്കാനൊരുങ്ങി ആരാധകര്‍. അഞ്ച് ഏകദിന മത്സരങ്ങളുള്ള പരമ്പരയില്‍ മൂന്നിലും ജയിച്ചാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

2004ല്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച മഹേന്ദ്ര സിങ് ധോനി 13 വര്‍ഷത്തിനു ശേഷം ഇന്ത്യയുടെ പ്രിയ താരമായി മാറിയിരിക്കുന്നു. നിര്‍ണായക മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിട്ടും ആരാധകരുടെ ഇഷ്ടതാരമാണ്. 300 ഏകദിനം കളിച്ച ചുരുക്കം ചില താരങ്ങളുടെ പട്ടികയിലേക്ക് ഇന്നത്തെ മത്സരത്തോടെ ധോനിയുടെ പേരും എഴുതിച്ചേര്‍ക്കും.

ഇതുവരെയുള്ള ഏകദിനങ്ങളില്‍ നിന്നായി 65 അര്‍ധസെഞ്ച്വറിയും 10 സെഞ്ച്വറികളുമടക്കം ധോണി നേടിയത് 9608 റണ്‍സ് ആണ്. ഇന്ത്യക്ക് ഒരു ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും നേടിക്കൊടുത്ത ക്യാപ്റ്റനെന്ന ബഹുമതിയും ധോനിക്കൊപ്പമാണ്.

ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിങ്ങ് നടത്തുന്ന താരമെന്ന പദവിയും ഈ മത്സരത്തോടെ ധോനിക്കു വന്നു ചേരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായിരുന്ന കുമാര്‍ സംഗക്കാരയുടെ 99 സ്റ്റംപിങ്ങിനൊപ്പമാണ് നിലവില്‍ ധോനി. ഇന്നത്തെ മത്സരത്തില്‍ ഒരു സ്റ്റംപിങ്ങ് നടത്തിയാല്‍ തന്നെ സംഗക്കാരയുടെ റെക്കോര്‍ഡ് ധോനി മറികടക്കും. സംഗക്കാരക്ക് 360 മത്സരങ്ങളില്‍ നിന്നാണ് ഇത് നേടിയതെങ്കില്‍ ധോണി 200 മത്സരങ്ങളില്‍ നിന്നാണ് ഇത് നേടിയതെന്ന വ്യത്യാസമുണ്ട്.

നോട്ട്ഔട്ടിന്റെ കാര്യത്തിലാണ് മറ്റൊരു റെക്കോഡ്. നിലവില്‍ ശ്രീലങ്കയുടെ മുന്‍ പേസ് ബൗളര്‍ ചാമിന്ദ വാസ്, ദക്ഷിണാഫ്രിന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷോണ്‍ പൊള്ളോക്ക് എന്നിവര്‍ക്കൊപ്പം 72 നോട്ട് ഔട്ടുകളുമായി ധോനിയുണ്ട്. ഇന്നത്തെ മത്സരത്തില്‍ ധോനി ഔട്ടാകാതിരുന്നാല്‍ ഈ റെക്കോഡും കൂള്‍ ധോനിക്കൊപ്പം ചേരും.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ മൂന്നിലും തോറ്റതോടെ ശക്തമായ തിരിച്ചുവരവിനാണ് ശ്രീലങ്ക ഇന്ന് ഇന്ത്യയെ നേരിടുന്നത്. കൊളംബോയില്‍ ഇന്ന് 2.30നു മത്സരം ആരംഭിക്കും. ലോകകപ്പ് മുന്നില്‍ കണ്ടുള്ള തയാറെടുപ്പായതിനാല്‍ ടീമിലെ യുവതാരങ്ങള്‍ക്കു അവസരം നല്‍കിയാകും ഇന്ത്യ ഇറങ്ങുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com