'ചാപ്പലുമായുള്ള പ്രശ്‌നത്തില്‍ പിന്തുണയായത് ഇമ്രാന്‍ ഖാന്‍'; ഗാംഗുലി  

ഗ്രേഗ് ചാപ്പല്‍ ഇന്ത്യന്‍ടീമിന്റെ കോച്ചായപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ക്ക് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് നായകന്‍ ഇമ്രാന്‍ ഖാന്‍ നല്‍കിയ പിന്തുണയാണ് ഗാംഗുലി  തുറന്നുപറഞ്ഞിരിക്കുന്നത്.
'ചാപ്പലുമായുള്ള പ്രശ്‌നത്തില്‍ പിന്തുണയായത് ഇമ്രാന്‍ ഖാന്‍'; ഗാംഗുലി  

ക്രിക്കറ്റില്‍ ഇന്ത്യ-പാകിസ്ഥാന്‍ കളിയോളം ആവേശം കൊണ്ടുവരുന്ന മറ്റൊന്നില്ല. ഇരു രാജ്യങ്ങളുടെ ചരിത്രവും അതിര്‍ത്തിയിലെ പോരാട്ടങ്ങളുമെല്ലാം ഈ മത്സരവീര്യത്തിന് കാരണമാകുമ്പോള്‍ കളിക്കാര്‍ക്കിടയില്‍ ഇതൊന്നുമില്ലെന്ന് പലരും തുറന്ന് സമ്മതിച്ചിട്ടുള്ളതാണ്. മത്സരം കഴിയുമ്പോള്‍ നല്ല സുഹൃത്തുക്കളാണെന്ന് ഇരു ടീമംഗങ്ങളും ഏറ്റുപറഞ്ഞ അവസരങ്ങള്‍ പലതുണ്ട്. അത്തരത്തില്‍ ഒരു തുറന്നുപറച്ചിലാണ് മുന്‍ ഇന്ത്യന്‍ ടീം നായകന്‍ സൗരവ് ഗാംഗുലിയും നടത്തിയിരിക്കുന്നത്. 

ഗ്രേഗ് ചാപ്പല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ കോച്ചായി വന്നപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ക്ക് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് നായകന്‍ ഇമ്രാന്‍ ഖാന്‍ നല്‍കിയ പിന്തുണയാണ് ഗാംഗുലി ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. തുറന്ന വിമര്‍ശനങ്ങള്‍ വിധേയനാകേണ്ടിവന്ന ഗാംഗുലിക്ക് അന്ന് നായക സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ടീമില്‍ നിന്നുപോലും പുറത്തുപോകേണ്ടിവന്ന ഗാംഗുലിയുടെ കരിയറിലെതന്നെ ഏറ്റവും വലിയ പതനത്തിനായിരുന്നു ആ കാലം സാക്ഷിയായത്. ഇക്കാലയളവില്‍ വളരെയധികം മാനസ്സിക സമ്മര്‍ദ്ദങ്ങളിലൂടെ മുന്നോട്ടുപോയ തന്നെ ഒരു മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിച്ചത് ഇമ്രാന്‍ ഖാന്‍ ആണെന്നാണ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍. 'എന്റെ ഉള്ളിലെ നിരാശ കൂടിവരുമ്പോള്‍ ഈഡന്‍ ഗാര്‍ഡനിലെ മൈതാനത്തിലൂടെ ഞാന്‍ ഒരുപാട് ഓടുമായിരുന്നു 21ലാപ്പുകളൊക്കെ ഒറ്റയടിക്ക് ഓടിയിട്ടുണ്ട്. അങ്ങനെ നീങ്ങുന്ന സാഹചര്യത്തിലാണ് ഞാന്‍ ഇമ്രാനെ കാണുന്നത്. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നു', ഇന്ത്യ ടുഡെ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുക്കവെയാണ് ഗാംഗുലി ഇമ്രാനെകുറിച്ച് വാചാലനായത്. 

ഉയരത്തില്‍ പറക്കുമ്പോള്‍ കാര്‍മേഘങ്ങള്‍ കണ്ടാല്‍, അതിനേക്കാള്‍ ഉയരത്തില്‍ പറക്കാന്‍ ഒരു വഴി കണ്ടെത്തണം, ഇതായിരുന്നു ഇമ്രാന്‍ ഗാംഗുലിയോട് പറഞ്ഞ വാക്കുകള്‍. 

ശക്തമായി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ഗാംഗുലിയെ പിന്നീട് ക്രിക്കറ്റ് പ്രേമികള്‍ക്ക് കാണാന്‍ സാധിച്ചു. ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് മത്സരത്തില്‍ പുറത്താകാതെനേടിയ അര്‍ദ്ധസെഞ്ച്വറിയോടെ ടീമില്‍ തിരിച്ചെത്തിയ ദാദ പിന്നീട് രണ്ടു വര്‍ഷം ഇന്ത്യന്‍ ടീമിനൊപ്പം തന്റെ ക്രിക്കറ്റ് യാത്ര തുടര്‍ന്നു. 2008 നവംബറിലാണ് അദ്ദേഹം ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനം അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com