ഇഎംഐ അടയ്ക്കാതെ കാര്‍ ഒളിപ്പിച്ചു വയ്‌ക്കേണ്ടി വന്നിട്ടുണ്ട്; പിന്നിട്ട വഴികളെ കുറിച്ച് ഹര്‍ദിക് പറയുന്നു

മൂന്ന് മാസം മുന്‍പ് വരെ പണത്തിനായി നട്ടം തിരഞ്ഞ എന്റെ  അക്കൗണ്ടിലേക്ക് അന്‍പത് ലക്ഷം രൂപ എത്തി എന്നതിനെ കുറിച്ച് ചിന്തിച്ചു നോക്കൂ
ഇഎംഐ അടയ്ക്കാതെ കാര്‍ ഒളിപ്പിച്ചു വയ്‌ക്കേണ്ടി വന്നിട്ടുണ്ട്; പിന്നിട്ട വഴികളെ കുറിച്ച് ഹര്‍ദിക് പറയുന്നു

ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ് ഹര്‍ദിക് പണ്ഡ്യ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച് ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നതിന് മുന്‍പുള്ള ജീവിതത്തെ കുറിച്ച് ഹര്‍ദിക് പാണ്ഡ്യ മുന്‍പേ തന്നെ തുറന്നു പറച്ചിലുകള്‍ നടത്തിയിരുന്നു. സാമ്പത്തികമായി അനുഭവിച്ച ബുദ്ധിമുട്ടലുകളെ കുറിച്ച് ആരാധകരുമായി വീണ്ടും തന്റെ ജീവിതം പങ്കുവയ്ക്കുകയാണ് ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍. 

എനിക്ക് 17, ക്രുനാലിന് 19 വയസും പ്രായമുള്ള സമയമായിരുന്നു അത്.  ആരുടേയും സിംപതി തങ്ങള്‍ക്ക് വേണ്ട എന്നായിരുന്നു പിതാവിനോട് ഞങ്ങള്‍ പറഞ്ഞിരുന്നത്. മക്കളെ കളിക്കായി എത്തിക്കാനും, തിരിച്ചവരെ കൂട്ടാനും ആരോടും അച്ഛന്‍ ആവശ്യപ്പെടുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമില്ലായിരുന്നു. 

ഞങ്ങള്‍ ഒരു അവസരം കൊടുത്തത് കൊണ്ടാണ് ഈ കുട്ടികള്‍ വളര്‍ന്നത് എന്ന് ആരും പറയാന്‍ ഇടവരരുത് എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഒരു രൂപ പോലും ഇല്ലാതെ രണ്ട് മൂന്ന് വര്‍ഷം ഞങ്ങള്‍ കഷ്ടപ്പെട്ടിട്ടുണ്ട്. അഞ്ച് മുതല്‍ പത്ത് രൂപവരെ സേവ് ചെയ്യുക എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. 

രണ്ട് വര്‍ഷം കാറിന്റെ ഇഎംഐ അടയ്ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. കാര്‍ നഷ്ടമാകാതിരിക്കാന്‍ അത് ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു ഞങ്ങള്‍. ഭക്ഷണത്തിനായും കാറിന്റെ ഇഎംഐ അടയ്ക്കുന്നതിനായുമാണ് ആ മൂന്ന് വര്‍ഷങ്ങളിലെല്ലാം ഞങ്ങള്‍ അധ്വാനിച്ചിരുന്നത്. 

ദൈവം കരുണയുള്ളവനാണ്. എന്റെ ആദ്യ ഐപിഎല്‍ കരിയറില്‍ മുംബൈ കിരീടം നേടി. 50 ലക്ഷത്തിന്റെ  ചെക്കാണ് അന്ന് എന്റെ കൈകളിലേക്ക് എത്തിയത്. കാറിന്റെ ഇഎംഐ അടച്ച് തീര്‍ത്ത് പുതിയ കാര്‍ ഞങ്ങള്‍ വാങ്ങി.  മൂന്ന് മാസം മുന്‍പ് വരെ പണത്തിനായി നട്ടം തിരഞ്ഞ എന്റെ  അക്കൗണ്ടിലേക്ക് അന്‍പത് ലക്ഷം രൂപ എത്തി എന്നതിനെ കുറിച്ച് ചിന്തിച്ചു നോക്കൂ എന്ന് ഹര്‍ദിക് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com