ഡല്‍ഹി ടെസ്റ്റ് സമനിലയില്‍ ; ടെസ്റ്റില്‍ ചരിത്രനേട്ടം കുറിച്ച് കോഹ്‌ലിപ്പട

തുടര്‍ച്ചയായ ഒമ്പത് പരമ്പര നേട്ടമെന്ന റെക്കോഡിനൊപ്പം ഇന്ത്യ എത്തി. ഓസ്‌ട്രേലിയയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ടീം
ഡല്‍ഹി ടെസ്റ്റ് സമനിലയില്‍ ; ടെസ്റ്റില്‍ ചരിത്രനേട്ടം കുറിച്ച് കോഹ്‌ലിപ്പട

ന്യൂഡല്‍ഹി : ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ടെസ്റ്റില്‍ തുടര്‍ച്ചയായ ഒമ്പത് പരമ്പര നേട്ടമെന്ന റെക്കോഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ശ്രീലങ്കക്കെതിരായ
ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചതോടെയാണ് ഇന്ത്യ ചരിത്രനേട്ടത്തിനൊപ്പമെത്തിയത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ടീമാണ് കോഹ്‌ലിപ്പട. ഡല്‍ഹി ടെസ്റ്റ് സമനിലയില്‍ കലാശിച്ചതോടെ, ലങ്കയ്‌ക്കെതിരായ പരമ്പര ഇന്ത്യ 1-0 ന് സ്വന്തമാക്കി.  2005-08 കാലഘട്ടത്തില്‍ റിക്കി പോണ്ടിംഗിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയ തുടര്‍ച്ചയായി ഒമ്പത് ടെസ്റ്റ് പരമ്പരകള്‍ വിജയിച്ചിരുന്നു. ഈ റെക്കോഡിനൊപ്പമാണ് കോഹ്‌ലിപ്പട എത്തിയത്. 

ഇന്ത്യ മുന്നോട്ടുവെച്ച 410 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെടുത്തതിന് പിന്നാലെ, കളി സമനിലയില്‍ പിരിയാന്‍ ഇരു ക്യാപ്റ്റന്മാരും തയ്യാറാകുകയായിരുന്നു. ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് വിജയിക്കാന്‍ ലങ്കയ്ക്ക് ഏഴു വിക്കറ്റ് ശേഷിക്കെ 379 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച ലങ്കയെ, സെഞ്ച്വറി നേടിയ ധനഞ്ജയ ഡിസില്‍വയും, അര്‍ധ സെഞ്ച്വറി നേടിയ റോഷന്‍ സില്‍വയുമാണ് തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. 

ഡിസില്‍വ 119 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ട് ആയപ്പോള്‍, 74 റണ്‍സെടുത്ത് റോഷന്‍ സില്‍വ പുറത്താകാതെ നിന്നു. 44 റണ്‍സെടുത്ത ഡിക്ക്‌വെല്ലയായിരുന്നു കളി അവസാനിപ്പിക്കുമ്പോള്‍ സില്‍വയ്ക്ക് കൂട്ടായി ക്രീസിലുണ്ടായിരുന്നത്. അവസാന ദിനം ഏഞ്ചലേ മാത്യൂസിന്റെയും ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമലിന്റെയും വിക്കറ്റുകള്‍ മാത്രമാണ്  ഇന്ത്യയ്ക്ക് വീഴ്ത്താനായത്. മാത്യൂസിനെ ജഡേജയും, ചാണ്ഡിമലിനെ അശ്വിനും പുറത്താക്കി. 

സ്‌കോര്‍ : ഇന്ത്യ :  536/7ഡിക്ലയേര്‍ഡ് & 246/5 ഡിക്ലയേര്‍ഡ്
ശ്രീലങ്ക : 373 & 299/5
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com