കളി മറന്ന് കേരളം, വിദര്‍ഭയോട് കനത്ത തോല്‍വി ; രഞ്ജിയില്‍ സെമി കാണാതെ പുറത്ത്

578 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം രണ്ടാമിന്നിംഗ്‌സില്‍ വെറും 165 റണ്‍സിന് പുറത്തായി
കളി മറന്ന് കേരളം, വിദര്‍ഭയോട് കനത്ത തോല്‍വി ; രഞ്ജിയില്‍ സെമി കാണാതെ പുറത്ത്

സൂറത്ത് : രഞ്ജി ട്രോഫിയിലെ നിര്‍ണായക ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ കളി മറന്ന കേരളം വിദര്‍ഭയോട് കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങി. 412 റണ്‍സിന്റെ തോല്‍വിയാണ് കേരളം വഴങ്ങിയത്. തോല്‍വിയോടെ ചരിത്രത്തിലാദ്യമായി സെമിയില്‍ കടക്കുകയെന്ന സ്വപ്‌നം സഫലമാകാതെ കേരളം പുറത്തായി. വിദര്‍ഭ മുന്നോട്ടുവെച്ച 578 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം രണ്ടാമിന്നിംഗ്‌സില്‍ വെറും 165 റണ്‍സിനാണ് ബാറ്റ് താഴ്ത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ സല്‍മാന്‍ നിസാര്‍ ഒഴികെ മറ്റാരും കേരള നിരയില്‍ തിളങ്ങിയില്ല.
 
104 പന്തുകള്‍ നേരിട്ട സല്‍മാന്‍ നിസാര്‍ 64 റണ്‍സെടുത്ത് പുറത്തായി. നാലു വീതം ബൗണ്ടറിയും സിക്‌സും ഉള്‍പ്പെടുന്നതാണ് സല്‍മാന്റെ ഇന്നിംഗ്‌സ്. 16.2 ഓവറില്‍ 41 റണ്‍സിന് ആറു വീക്കറ്റ് വീഴ്ത്തിയ സര്‍വതൈയാണ് കേരളത്തെ തകര്‍ത്തത്. 20 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റുകളാണ് കേരളം കളഞ്ഞുകുളിച്ചത്. 

ഈ സീസണില്‍ കേരളത്തിന്റെ കുതിപ്പിന് ചുക്കാന്‍ പിടിച്ച ജലജ് സക്‌സേനയുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. രജനീഷ് ഗുര്‍ബാനിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് സക്‌സേന റണ്‍സൊന്നുമെടുക്കാതെ പുറത്തായത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ 28 റണ്‍സും, സഞ്ജു സാംസണ്‍ 18 റണ്‍സും എടുത്ത് പുറത്തായി. നായകന്‍ സച്ചിന്‍ബേബി 26 റണ്‍സെടുത്തു. 13 റണ്‍സുമായി പുറത്താകാതെ നിന്ന രോഹന്‍ പ്രേമാണ് രണ്ടക്കം കണ്ട മറ്റൊരു കേരള ബാറ്റ്‌സ്മാന്‍. 

ആദ്യ ഇന്നിംഗ്‌സില്‍ കേരള ബൗളിംഗിന് മുന്നില്‍ പകച്ചുപോയ വിദര്‍ഭ രണ്ടാം ഇന്നിംഗ്‌സില്‍ തനിസ്വരൂപം പുറത്തെടുത്തു. സെഞ്ച്വറി നേടിയ ഫായിസ് ഫസലിന്റെയും അപൂര്‍വ വാംങ്കഡെയുടെയും മികവില്‍ വിദര്‍ഭ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 507 റണ്‍സിന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വസിംജാഫര്‍ 58 ഉം, ഗണേഷ് സതീഷ് 65 ഉം, അക്ഷയ് വാഡ്കര്‍ 67 ഉം റണ്‍സെടുത്തു. കേരളത്തിന് വേണ്ടി അക്ഷയ് നാലും, ജലജ് സക്‌സേന മൂന്നും വിക്കറ്റെടുത്തു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com