ഇരട്ട ശതകവുമായി സ്റ്റീവ് സ്മിത്ത്;  ഒന്നാം സ്ഥാനത്തിനായി വിരാട് കോഹ് ലിക്ക് വിയര്‍ക്കേണ്ടി വരും

പെര്‍ത്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ സ്മിത്ത് സച്ചിന്റെ റെക്കോര്‍ഡും മറികടന്നിരുന്നു
ഇരട്ട ശതകവുമായി സ്റ്റീവ് സ്മിത്ത്;  ഒന്നാം സ്ഥാനത്തിനായി വിരാട് കോഹ് ലിക്ക് വിയര്‍ക്കേണ്ടി വരും

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റും പരിഗണിക്കുമ്പോള്‍ വിരാട് കോഹ് ലിയായിരിക്കും ഒന്നാമത്. എന്നാല്‍ ടെസ്റ്റില്‍ ഒന്നാമന്‍ സ്റ്റീവ് സ്മിത്ത തന്നെ എന്നായിരുന്നു മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം മൈക്കല്‍ വോ ട്വീറ്റ് ചെയ്തത്. വോയുടെ ട്വീറ്റെത്തി മണിക്കൂറുകള്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ സ്മിത്ത് അത് ഉറപ്പിച്ചു. ഒന്നാമതാവാന്‍ കുതിക്കുന്ന കോഹ് ലിക്ക് വെല്ലുവിളി താന്‍ തന്നെയെന്ന്. 

ആഷസിലെ  മൂന്നാം ടെസ്റ്റില്‍ 22ാം സെഞ്ചുറി നേടിയ സ്മിത്ത് സെഞ്ചുറിയില്‍ ഒതുക്കാന്‍ തയ്യാറായിരുന്നില്ല. ഇരട്ട സെഞ്ചുറിയിലേക്ക് കുതിച്ച സ്മിത്ത് മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിന്റെ  ജയ പ്രതീക്ഷകളെ തല്ലിക്കെടുത്തി. 

സ്മിത്തിന്റെ സ്‌കോര്‍ ബോര്‍ഡില്‍ 92 റണ്‍സ്  എന്ന നിലയിലായിരുന്നു മൂന്നാം ദിനം കളി ആരംഭിച്ചത്.  നായകനൊപ്പം മിച്ചല്‍ മാര്‍ഷും ഉറച്ചു നിന്നു  കളിച്ചതോടെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ കൂട്ടുകെട്ട് പൊളിക്കാന്‍ വിയര്‍ത്തു. 

2015ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു സ്മിത്തിന്റെ ആദ്യ  ഡബിള്‍ സെഞ്ചുറി. പെര്‍ത്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ സ്മിത്ത് സച്ചിന്റെ റെക്കോര്‍ഡും മറികടന്നിരുന്നു. വേഗത്തില്‍ 22 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോര്‍ഡാണ് സ്മിത്ത് സ്വന്തം പേരിലാക്കിയത്. സച്ചിന്‍ ഇതിനായി  114 ഇന്നിങ്‌സുകള്‍ എടുത്തപ്പോള്‍ സ്മിത്തിന് വേണ്ടി വന്നത് 108 ഇന്നിങ്‌സുകള്‍ മാത്രമാണ്. സുനില്‍ ഗാവസ്‌കര്‍(101), ബ്രാഡ്മാന്‍(58) എന്നിവര്‍ മാത്രമാണ് സ്മിത്തിന് മുന്നിലുള്ളത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com