ഈ ധോനി എന്താണ് വിരമിക്കാത്തത്? ബ്ലാസ്‌റ്റേഴ്‌സിന്റെ കറിവേപ്പില എന്നൊക്കെ പറയാമോ?

ഈ ധോനി എന്താണ് വിരമിക്കാത്തത്? ബ്ലാസ്‌റ്റേഴ്‌സിന്റെ കറിവേപ്പില എന്നൊക്കെ പറയാമോ?
ഈ ധോനി എന്താണ് വിരമിക്കാത്തത്? ബ്ലാസ്‌റ്റേഴ്‌സിന്റെ കറിവേപ്പില എന്നൊക്കെ പറയാമോ?

തുവരെ കണ്ടത് ധോനിയുടെ ട്രെയിലര്‍ മാത്രമാണ്, യഥാര്‍ഥ ധോനി വരാനിരിക്കുന്നതേയുള്ളൂ''  മഹേന്ദ്ര സിങ് ധോനിയുടെ രക്തത്തിനായി മുറവിളികള്‍ ഉയര്‍ന്നപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞ വാക്കുകളാണിവ. ഒരുപക്ഷേ ഇന്ത്യന്‍ കായിക രംഗത്തെ ഈ വര്‍ഷത്തെ മാസ് ഡയലോഗുകളില്‍ ഒന്ന്. സ്‌പോര്‍ട്‌സ് അങ്ങനെയാണ്, അവിടെ വലിയ വാചകങ്ങളും കൈയടികളും ആര്‍പ്പുവിളികളുമെല്ലാമുണ്ടാവും. ഇത് പോരിന്റെയും വീറിന്റെയും ഏരിയയാണ്‌. ആ പോരിന്റേയും വീറിന്റേയും ഒരു വര്‍ഷത്തെ കഥയാണ് പറയാന്‍ പോകുന്നത്.

ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, അഗാര്‍ക്കര്‍ എന്നിവര്‍ ധോനിക്ക് നേരെ വാളോങ്ങി എത്തിയത് തീര്‍ത്ത അലയൊലികള്‍ ചില്ലറയായിരുന്നില്ല. ധോനിയെ അനുകൂലിച്ചും എതിര്‍ത്തും ക്രിക്കറ്റ് ലോകം  രണ്ട് പക്ഷത്തേക്ക് തിരിഞ്ഞു. വേട്ടയാടലുകളില്‍ വലഞ്ഞ റാഞ്ചിക്കാരന് കവചം തീര്‍ത്ത് നിന്നതാകട്ടെ ഇന്ത്യന്‍ നായകനും, കോച്ചും. നിങ്ങള്‍ അദ്ദേഹത്തെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത് എന്നായിരുന്നു ഇന്ത്യന്‍ നായകന്‍ കോഹ് ലിയുടെ  ചോദ്യം. 

എപ്പോള്‍ വിരമിക്കണമെന്ന് എനിക്കറിയാം. കുറ്റിതെറിപ്പിക്കാനെത്തുന്ന യോര്‍ക്കറെ ഹെലികോപ്ടര്‍ കണക്കെ പായിക്കുന്ന അതേ ലാഘവത്തോടെയായിരുന്നു തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളുടെ മുന ധോനി ഒടിച്ചത്. പക്ഷേ രവി ശാസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗാംഗുലിയോടും ധോനിയുടെ വിരമിക്കല്‍ ആവശ്യപ്പെട്ടവരോടും ഒരു ദയയുമുണ്ടായിരുന്നില്ല. ഒരു സംശയവും വേണ്ട, ധോനിയുടെ വിരമിക്കലിനായി ഹാലിളകി നടക്കുന്നവര്‍ അദ്ദേഹത്തോട് അസൂയ ഉള്ളവരാണെന്ന് പറഞ്ഞായിരുന്നു ശാസ്ത്രി അത്തരക്കാരെ അതിര്‍ത്തി കടത്തിയത്.

അവിടം കൊണ്ടും തീര്‍ന്നില്ല ക്രിക്കറ്റ് ലോകത്തെ വീറിന്റേയും വാശിയുടേയും കളികള്‍.

കളിക്കളത്തിലെ കോഹ് ലിയുടെ ശൗര്യം എന്താണെന്നറിയണമെങ്കില്‍ മറ്റ് ടീമുകള്‍ സ്മിത്തിനോടും ഓസീസ് സംഘത്തോടും ചോദിച്ചാല്‍ മതിയാവും. ഡ്രസിങ്ങില്‍ റൂമില്‍ നിന്നും ഡിആര്‍എസ് നിര്‍ദേശം ആരാഞ്ഞ സ്മിത്തിന് നേര്‍ക്ക് പാഞ്ഞടുക്കുന്ന കോഹ് ലിയെ ഓര്‍മയില്ലേ? ആ കണ്ടത് രാജ്യത്തിന്റെ യുവത്വത്തിന്റെ  ചടുലത മാത്രമായിരുന്നില്ല. ഓസീസ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ പൊരുതാന്‍ പോലും നില്‍ക്കാതെ തകര്‍ന്നടിഞ്ഞിരുന്ന മുന്‍ഗാമികളുടെ വഴി ഞങ്ങളങ്ങ് വിട്ടു, ഇനി പേടിച്ച് പ്രതിരോധം തീര്‍ക്കലല്ല, നെഞ്ചൂക്കിന്റെ കോട്ടകെട്ടിയുറപ്പിച്ച് ആക്രമണം അഴിച്ചുവിടുന്ന ഞങ്ങളെ ഇനി പ്രതീക്ഷിച്ചാല്‍ മതിയെന്ന് കോഹ് ലി പറയുകയായിരുന്നു അവിടെ. 

കളിക്കളത്തിന് അകത്തും പുറത്തും ഓസീസ് താരങ്ങളോട് ഇനി സൗഹൃദമുണ്ടായിരിക്കില്ല എന്ന് പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല ഇന്ത്യന്‍ നായകന്. ഒരിക്കല്‍ അജയ്യരായി മുന്നേറിയിരുന്ന ഓസീസ് എന്ന വന്‍ പടയിലെ താരങ്ങളോട് ഇനി സൗഹൃദത്തിനില്ല എന്ന് പറയുന്നിടത്തേക്ക് വളര്‍ന്നു ഇന്ത്യന്‍ ക്രിക്കറ്റ് ലോകം.

രണ്ടാം ടെസ്റ്റിലെ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഉമേഷ് യാദവിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ഔട്ട് വിധിച്ചതിനെതിരെ ഡിആര്‍എസ് അപ്പീല്‍ നല്‍കണമോ വേണ്ടയോ എന്ന് ഡ്രസിങ് റൂമിലേക്ക് തിരിഞ്ഞ് സ്മിത്ത് ചോദ്യം ഉന്നയിച്ചതോടെയായിരുന്നു  ക്രിക്കറ്റ് ലോകത്തെ മാന്യത പിന്നിലേക്ക് മറയാന്‍ തുടങ്ങിയത്.

ന്യായീകരണങ്ങള്‍ നിരത്തി പിടിച്ചു നില്‍ക്കാന്‍ സ്മിത്തിന് സാധിക്കുമായിരുന്നില്ല. കോഹ് ലിയും സംഘവും രാജ്യത്തെ മാധ്യമ പടയും തീര്‍ത്ത ആക്രോഷങ്ങള്‍ക്ക് മുന്നില്‍ പേരുകേട്ട ഓസീസ് പട നിലയുറപ്പിക്കാനാവാതെ നിന്നു വിയര്‍ത്തു. ബുദ്ധി ശൂന്യമായ നടപടിയായിരുന്നു തന്റേതെന്ന് സ്മിത്ത് പിന്നാലെ കുറ്റസമ്മതം നടത്തി. ബ്രെയിന്‍ ഫേഡ് എന്ന വാക്ക് ക്രിക്കറ്റ് ലോകത്തെ കറുത്ത അധ്യായങ്ങളില്‍ രേഖപ്പെടുത്തുകയായിരുന്നു. 

വീറിന്റേയും വാശിയുടേയും കാര്യത്തില്‍ ഒന്നാമത് തന്നെയുണ്ട് അവര്‍, ഒപ്പം അവരുടെ ആരാധകരും. ഫുട്‌ബോള്‍ മൈതാനത്ത് അവര്‍ നൃത്തം വെച്ചു. ലോങ് റേഞ്ചുകളിലൂടെ ഫുട്‌ബോള്‍ പ്രേമികളെ വിസ്മയിപ്പിച്ചും, എതിരാളികളുടെ കാലുകളെ ഒന്നൊന്നായി കബളിപ്പിച്ച് ഗോള്‍ വല കുലുക്കിയും ആ രണ്ടു പേര്‍ നൃത്തം തുടര്‍ന്നു കൊണ്ടിരുന്നു, തുടര്‍ന്നു കൊണ്ടേയിരിക്കുകയുമാണ്. 

അതിനിടയിലും ആരാധകര്‍ തല പുകയ്ക്കുകയാണ്. ആരാണ് ഒന്നാമന്‍ എന്ന് കണ്ടെത്താന്‍. മെസിയും ക്രിസ്റ്റ്യാനോയും ഒപ്പത്തിനൊപ്പമെത്തി നില്‍ക്കുമ്പോഴും ആരാധകര്‍ക്ക് അറിയണം. ആരാണ് ഒന്നാമന്‍ എന്ന്. അഞ്ച് ബാലന്‍ ദി ഓര്‍ വീതം സ്വന്തമാക്കി കഴിഞ്ഞു ഫുട്‌ബോള്‍ ലോകത്തെ അടക്കി വാഴുന്ന രണ്ട് നര്‍ത്തകര്‍. ഇനി അവര്‍ തന്നെയാണ് തെളിയിക്കേണ്ടത്, ആരാണ് ഒന്നാമന്‍ എന്ന്‌.

ക്ലബ് വേള്‍ഡ് കപ്പ ഉള്‍പ്പെടെയുള്ള കിരീടങ്ങളിലേക്കെല്ലാം റയല്‍ എത്തുമ്പോള്‍ ക്രിസ്റ്റിയാനോയുണ്ട് ഒപ്പം. നെയ്മറിന്റെ പോക്കിന് ശേഷം ബാഴ്‌സയെ സ്വന്തം ചുമലിലേറ്റി പോയിന്റ് ടേബിളുകളില്‍ ഒന്നാമതെത്തിക്കുകയാണ് മെസി. അര്‍ജന്റീനിയെ റഷ്യയിലേക്ക് അയക്കാന്‍ മെസി കളിച്ച കളി മാത്രം മതി ആരാധകര്‍ അദ്ദേഹത്തെ നെഞ്ചോട് ചേര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍. 

ഇങ്ങനെ ഒപ്പത്തിനൊപ്പം അവര്‍ നിന്നു കളിക്കുകയാണ്, ആരാണ് ഒന്നാമന്‍ എന്ന് കണ്ടെത്താന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒരു അവസരവും തരാതെ. ലോകം ആ രണ്ട് പേരുടെ ബൂട്ടുകളിലേക്ക് ചുരുങ്ങുമ്പോള്‍ ഇവിടെ തളരാതെ കുതിക്കുന്ന രണ്ട് കാലുകള്‍ക്കൊപ്പമാണ് മലയാളികള്‍.

ഒരൊറ്റ രാത്രി മതിയായിരുന്നു പി.ടി. ഉഷ റോഡ് പി.യു.ചിത്ര റോഡാകാന്‍.
നിശ്ചയദാര്‍ഡ്യത്തിന്റെ കരുത്ത് മാത്രം കൈമുതലാക്കി കുതിക്കുന്ന അവളെ തഴയാന്‍ വന്നവര്‍ക്ക് മുന്നില്‍ പ്രതിരോധം തീര്‍ത്ത് മലയാളികള്‍  നല്‍കിയ മറുപടിയായിരുന്നു ആ പേരുമാറ്റം.  ആര്‍ക്കെല്ലാം ഒപ്പമാണ് നില്‍ക്കേണ്ടതെന്ന് മലയാളികള്‍ക്ക് നന്നായി അറിയാം. നിലപാടുകളില്‍ നട്ടെല്ല് വളയ്ക്കാത്ത കേരളത്തിന്, അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും, അവഗണനകള്‍ തേടിയെത്തുകയും ചെയ്ത പി.യു.ചിത്രയ്‌ക്കൊപ്പം നില്‍ക്കാതിരിക്കാന്‍ സാധിക്കില്ല. എന്ത് താന്തോന്നിത്തരവും കാണിക്കാവുന്ന ലൈസന്‍സാണ് പേരിന്റെ വലിപ്പവും, ചരിത്രത്തില്‍ തങ്ങളുടേതായി രേഖപ്പെടുത്തിയിരിക്കുന്ന ഏടും എന്ന ചിന്ത വെച്ച് മുന്നോട്ട് പോയവരെ തള്ളിക്കളയാന്‍ ഒരേ മനസായിരുന്നു മലയാളിക്ക്.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന 1500 മീറ്റര്‍ ഓട്ടത്തില്‍ പിന്നില്‍ നിന്നും കുതിച്ച് ഒന്നാമതേക്ക് എത്തുന്ന മുണ്ടൂരുകാരിയെ കണ്ട് മലയാളികള്‍ കോരിത്തരിച്ചിരിക്കുന്ന സമയത്തായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയെ മത്സരിപ്പിക്കേണ്ടെന്ന അത്‌ലറ്റിക് ഫെഡറേഷന്റെ തീരുമാനം വരുന്നത്. യോഗ്യരായ താരങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ചട്ടലംഘനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ട  നിരീക്ഷക പദവിയിലുണ്ടായിരുന്ന ഉഷയെ ഒരു ദയയുമില്ലാതെ മലയാളി സമൂഹം തള്ളിക്കളഞ്ഞു. 

 മലയാളികളെ പൊട്ടന്മാരാക്കാമെന്ന് ഉഷ കരുതേണ്ടെന്ന കേരള അത്‌ലറ്റിക്  ഫെഡറേഷന്റെ വാക്കുകളിലുണ്ട് ഈ കളി മലയാളികളുടെ അടുത്ത് വിലപ്പോവില്ലെന്ന മുന്നറിയിപ്പ്. ദൃശ്യമാധ്യമങ്ങളുടെ രീതിയെ പഴിച്ച ഉഷ, ഇനി താന്‍ സ്വയം ദൃശ്യമാധ്യമങ്ങളുമായി സഹകരിക്കില്ലെന്ന പ്രഖ്യാപനവുമായി എത്തി. 

ചിത്രത്തില്‍ നിന്നും മായ്ച്ചു കളയാന്‍ നോക്കിയവര്‍ക്ക് ചരിത്രത്തില്‍ നിന്നും  കാലുകൊണ്ട് വരച്ച മറുപടിയായിട്ടായിരുന്നു പി.യു.ചിത്ര ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണത്തിലേക്ക് കുതിച്ചെത്തിയത്. 

കലിപ്പടക്കാനും കപ്പടിക്കാനും വേണ്ടി മഞ്ഞപ്പട കച്ചകെട്ടി ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഗ്യാലറിക്കുള്ളില്‍ ബ്ലാസ്റ്റേഴ്‌സിനെ എതിരാളികള്‍ വളഞ്ഞു. വിനീതും റിനോയും എന്നും നെഞ്ചോട് ചേര്‍ത്തു വെച്ചതായിരുന്നു ബംഗളൂരു എഫ്‌സിയെ, അതിന്റെ ആരാധകരെ. പക്ഷേ ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകത്തിലേക്ക് അവരെത്തിയതോടെ ബംഗളൂരു ഫാന്‍സിന് അവര്‍ എതിരാളികള്‍ മാത്രമായി. 

കാണ്ഡിവര സ്റ്റേഡിയത്തില്‍ വിനീതിനേയും റിനോയേയും ബ്ലാസ്‌റ്റേഴ്‌സിനേയും അപമാനിച്ചതോടെ കളി മാറി. തങ്ങളുടെ താരങ്ങളെ സംരക്ഷിക്കാന്‍ ഏതറ്റം വരേയും പോകുന്ന മഞ്ഞപ്പടയ്ക്ക് ക്ഷമിച്ചിരിക്കാനാവില്ലല്ലോ? നോര്‍ത്ത് കൊറിയന്‍ ടീമിനെതിരായ ബംഗളൂരു എഫ്‌സിയുടെ ഇന്റര്‍ സോണല്‍ സെമി കാണാന്‍ എത്തിയ മുന്‍ ബംഗളൂരു താരങ്ങളായ വിനീത്, റിനോ എന്നിവര്‍ക്ക് നേരെയുണ്ടായ ബംഗളൂരു ആരാധകരുടെ ചാന്റ്‌സുകളാണ് ആരാധകര്‍ തമ്മിലുള്ള കൊമ്പു കോര്‍ക്കലിലേക്ക്‌ എത്തിച്ചത്. 

ബംഗളൂരുവില്‍ ബ്ലാസ്‌റ്റേഴ്‌സ് കളിക്കാനിറങ്ങുമ്പോള്‍ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ കോട്ട പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പായിരുന്നു ബംഗളൂരു ആരാധകര്‍ക്ക് വെല്ലുവിളിയായി മഞ്ഞപ്പട ഉയര്‍ത്തിയത്. 

അതിനിടയില്‍ സ്മിത്ത് വീണ്ടും വന്നു. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ കിട്ടിയതൊന്നും കൊണ്ട് സ്മിത്തിന് തൃപ്തിയായതേയില്ല. എന്തു ചെയ്യാനാ, നാലാം ടെസ്റ്റില്‍ സ്മിത്തിന് ആ വിഷമം തീര്‍ന്നു കിട്ടിയിട്ടുണ്ടാകണം. അല്ല, ക്രിക്കറ്റ് ആരാധകര്‍ അതങ്ങ് തീര്‍ത്തു കൊടുത്തു.

സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ പരിധികള്‍ കടന്ന് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും ഇരു ടീമുകളും തമ്മിലുള്ള ബന്ധം വഷളാവുന്നതിലേക്കും നയിക്കുന്നതായിരുന്നു ബോര്‍ഡര്‍ ഗവാസ്‌കര്‍ സീരീസ്. ഡ്രസിങ് റൂമിലിരുന്ന് സ്മിത്ത് മുരളി വിജയ്ക്ക് നേരെ ആക്രോഷിക്കുന്നത് വ്യക്തമായി തന്നെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു. പിന്നെ പറയേണ്ടല്ലോ കഥ.

ജോഷ് ഹസില്‍വുഡിനെ കൈപ്പിടിയില്‍ ഒതുക്കിയ മുരളി വിജയിയും ഇന്ത്യന്‍ ടീമും വിക്കറ്റ് വീഴ്ത്തിയത് ആഘോഷിക്കാന്‍ തുടങ്ങിയെങ്കിലും അമ്പയര്‍മാര്‍ തീരുമാനം തേഡ് അമ്പയര്‍ക്ക് വിട്ടു. ഹസില്‍വുഡിന് അനുകൂലമായിട്ടായിരുന്നു തേഡ് അമ്പയറുടെ വിധി. മുരളി വിജയ്ക്ക് നേരെ ഫക്കിങ് ചീറ്റ് എന്ന് സ്മിത്ത അലറുന്നത് കേട്ട് പ്രതികരിക്കാതിരിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് കഴിയില്ലല്ലോ. 

കാരിരുമ്പിന്റെ കരുത്തായിരിക്കും, പക്ഷേ ബുദ്ധിയോ? സുശീല്‍ കുമാര്‍ ഗുസ്തിയില്‍ ദേശീയ ചാമ്പ്യന്‍പട്ടം നേടിയ വാര്‍ത്ത കേട്ടവര്‍ക്ക് മുന്നിലേക്ക് വന്ന ചോദ്യം ഇതാകും. കരുത്തിന്റെ തീ പാറുന്ന ഇടത്ത് നടന്ന അസ്വഭാവികതയായിരുന്നു അത്. എതിരാളിയുടെ കാലില്‍ തൊട്ട് വണങ്ങി മത്സരിക്കാതെ ഇറങ്ങി പോവുക.

പൊരുതാന്‍ എതിരാളികള്‍ തയ്യാറല്ലെങ്കില്‍ പിന്നെ എനിക്കെന്ത് ചെയ്യാനാവും? മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഗോദയിലേക്ക് തിരിച്ചെത്തി ദേശീയ ചാമ്പ്യന്‍ പട്ടം നേടിയതിന് ശേഷം സുശീര്‍ കുമാറിന്റെ ചോദ്യം ഇങ്ങനെയായിരുന്നു. എന്നാല്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നിവയില്‍ സുശീലിനോട് പൊരുതാന്‍ നില്‍ക്കാതെ എതിരാളികള്‍ പിന്‍വാങ്ങിയത്‌ സുശിലിനോടുള്ള ബഹുമാനം എന്ന വാദത്തില്‍ പൊതിഞ്ഞ് അവരത് അവതരിപ്പിച്ചുവെങ്കിലും സംശയ മുനകള്‍ ഒടിക്കാന്‍ ്ശക്തമായിരുന്നില്ല അത്.

സുശീല്‍ ദേശീയ ചാമ്പ്യനായതിന് പിന്നാലെ അതൃപ്തി അറിയിച്ചെത്തിയവരില്‍ ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറുമുണ്ടായിരുന്നു. ട്വിറ്ററില്‍ ഫര്‍ഹാന്‍ ഇങ്ങനെ കുറിച്ചു, ചോരയും നീരും ഒഴുക്കി സുശീല്‍ കൈപ്പിടിയില്‍ ഒതുക്കിയ നേട്ടങ്ങളെയെല്ലാം ഞാന്‍ ബഹുമാനിക്കുന്നു. കഠിനാധ്വാനം കൈമുതലാക്കിയ അദ്ദേഹം ഇങ്ങനെ ഒരു രീതിയില്‍ ലഭിച്ച സ്വര്‍ണ മെഡല്‍ സ്വീകരിക്കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പ്രവീണ്‍, സച്ചിന്‍ രതി,  പ്രവീന്‍ റാണ എന്നിവര്‍ ഗോദയിലേക്ക് കയറി, സുശീലിന്റെ കാല്‍ തൊട്ട് വണങ്ങി, മത്സരിക്കാതെ  തിരിച്ചിറങ്ങി. ഇത് മത്സരത്തിന്റെ മാന്യതയല്ല. 


.

ലോകോത്തര ബാറ്റ്‌സ്മാന്‍ ആയിരിക്കും. പക്ഷേ കോഹ് ലിക്ക മൂക്കു കയറിടാന്‍ ബിസിസിഐയ്ക്ക് ഇറങ്ങേണ്ടി വന്നു. പരിശീലകനായിരുന്ന കുബ്ലേയുമായി ഉടലെടുത്ത ശീതയുദ്ധം കോഹ് ലിയെന്ന നായകന് നേര്‍ക്ക വിമര്‍ശന മുനകള്‍ ഉയര്‍ത്തി. നായകനും കോച്ചും മിണ്ടാതായതായുള്ള വാര്‍ത്തകള്‍ വന്നു പോയെങ്കിലും ആരായിരുന്നു വില്ലന്‍ എന്ന് കണ്ടെത്താന്‍ ആരാധകര്‍ക്ക ഇതുവരെ സാധിച്ചിട്ടില്ല.

ഇന്ത്യയ്ക്ക് നേട്ടങ്ങള്‍ നേടിത്തന്നിട്ടുള്ള, കളിക്കളത്തിനകത്തും പുറത്തും എന്നും മാന്യതയുടെ പര്യായമായി മാത്രം നിന്നിട്ടുള്ള കുബ്ലേയെ കുറ്റം പറഞ്ഞ് തള്ളിക്കളയാന്‍ നമുക്കായില്ല. കോഹ് ലിയുടെ പക്വതയില്ലായ്മ തന്നെയായിരുന്നു അവിടെ വിമര്‍ശിക്കപ്പെട്ടത്.

25 ദിവസമായിരുന്നു ഇന്ത്യന്‍ ക്യാമ്പിലെ ശീതയുദ്ധം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി മെയ്  25ന് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് പുതിയ വ്യക്തിയെ ക്ഷണിച്ചു കൊണ്ട് ബിസിസിഐ അപേക്ഷ ക്ഷണിച്ചു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മെയ് 29ന്, ഇന്ത്യന്‍ താരങ്ങളുടെ പരാതിയെ തുടര്‍ന്നാണ് ബിസിസിഐ പുതിയ പരിശീലകനെ തിരയുന്നതെന്ന വാര്‍ത്തകള്‍ വന്നു തുടങ്ങി. 

എന്നാല്‍ ഇരുവര്‍ക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തിയത് കുല്‍ദീപ് യാദവായിരുന്നു. ഓസീസിനെതിരായ മൂന്നാം ടെസ്റ്റില്‍ കുല്‍ദീപിനെ ഇറക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കോഹ് ലിയും കുബ്ലേയും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കുല്‍ദീപിനെ ഇറക്കണമെന്ന നിലപാട് കുബ്ലേ എതിര്‍ത്തപ്പോള്‍ വേണ്ടെന്നായിരുന്നു നയകന്റെ തീരുമാനം. മൂന്നാം ടെസ്റ്റില്‍ അങ്ങിനെ കുല്‍ദീപിന് തന്റെ കന്നി മത്സരം കളിക്കാന്‍ ഇറങ്ങാനായില്ല.  

ജൂണ്‍ രണ്ടിന് ബിസിസിഐ സെക്രട്ടറിയായ അജയ് ശിര്‍ക്കേയുടെ വെളിപ്പെടുത്തലുമായി എത്തി. തുടക്കം മുതലേ കുബ്ലേയെ പരിശീലകനാക്കുന്നതിന് കോഹ് ലിക്ക് യോജിപ്പുണ്ടായിരുന്നില്ല എന്ന്. എന്നാല്‍ കുബ്ലേ പരിശീലക സ്ഥാനത്ത് തുടരണം എന്ന  ബിസിസിഐയുടെ തീരുമാനം ജൂണ്‍ എട്ടിന് പുറത്തുവന്നു. 

എന്നാല്‍ ജൂണ്‍ 20ന്, പാക്കിസ്ഥാനോട് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം കുബ്ലേ തന്റെ രാജി പ്രഖ്യാപിച്ചു. താന്‍ തുടരുന്നതില്‍ നായകനുള്ള അതൃപ്തി ബിസിസിഐ തന്നെ അറിയിച്ചതിനെ തുടര്‍ന്നാണ് രാജി എന്നായിരുന്നു രാജി പ്രഖ്യാപിച്ചുള്ള കുറിപ്പില്‍ കുബ്ലേ എഴുതിയത്.

കാറ്റലോണിയന്‍ തീരത്ത് നിന്നും വീശിയ ആ കാറ്റുണ്ടല്ലോ, ഓഖിയേക്കാളും ഫുട്‌ബോള്‍ പ്രേമികളെ ഉലച്ചത് അതായിരുന്നു. ഇനി ഞങ്ങള്‍ നോക്കിക്കോളാം ഞങ്ങളുടെ കാര്യം. കാറ്റലോണിയന്‍ ജനത മുന്‍പെങ്ങും ഇല്ലാത്ത വിധം ശക്തമായി ഈ വാക്കുകള്‍ പറഞ്ഞതോടെ കാറ്റിലോണിയയില്‍ നിന്നുമുള്ള സ്വാതന്ത്ര്യത്തിന്റെ കാറ്റ് ലോകത്തെമ്പാടും വീശിയടിക്കാന്‍ തുടങ്ങി. പക്ഷേയത് ബാഴ്‌സലോണ ഏഫ്‌സിയുടെ ആരാധകര്‍ക്ക് തീര്‍ത്ത നെഞ്ചിടിപ്പ ചില്ലറയായിരുന്നില്ല.

കാറ്റലോണിയന്‍ ജനതയെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. എന്നാല്‍ സ്‌പെയിനിന്റെ ദേശീയ ടീമില്‍ ഞാന്‍ അതികപറ്റാണെന്ന് തോന്നിയാല്‍ നിങ്ങള്‍ക്കെന്ന് നീക്കാം. കാറ്റലോണിയന്‍ തീരത്ത് വീശിയ സ്വാതന്ത്ര്യത്തിന്റെ കാറ്റിനൊപ്പം നിന്നായിരുന്നു ലോകത്തോട് ജെറാഡ് പിക്വ എന്ന ബാഴ്‌സ പ്രതിരോധ നിരക്കാരന്‍ തന്റെ നിലപാട് തുറന്നു പറഞ്ഞത്. 

സ്വതന്ത്ര്യ രാജ്യമായാല്‍ ബാഴ്‌സലോണ എഫ്‌സിയുടെ ഭാവിയായിരുന്നു ലോക ഫുട്‌ബോള്‍ പ്രേമികളെ അലട്ടിയിരുന്നത്. ആരാവങ്ങള്‍ക്കിടയില്‍ മാത്രം കളിച്ചിരുന്ന ബാഴ്‌സലോണ കാപ്‌നൗവില്‍ ഒഴിഞ്ഞ ഗ്യാലറികള്‍ക്ക് നടുവില്‍ പന്ത് തട്ടുന്നത് വേദനയോടെയല്ലാതെ ബാഴ്‌സയുടെ ആരാധകര്‍ക്ക് കാണാനാകുമായിരുന്നില്ല. ഒരു ഫുട്‌ബോള്‍ ടീമിനോട് എത്രമാത്രം വൈകാരികമായിട്ടാണ് ആരാധകര്‍ പ്രതികരിക്കുന്നതെന്ന് ലോകം കണ്ടു.

എന്നാല്‍ നിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ പിക്വെയ്‌ക്കെതിരായ അധിക്ഷേപങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു. ഹിതപരിശോധനയില്‍ കാറ്റലോണിയന്‍ ജനതയ്‌ക്കൊപ്പം നിന്ന പിക്വെ നിറകണ്ണുകളോടെ  മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതും ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്ക മറക്കാനാവുന്നതല്ല.

ഫുട്‌ബോള്‍ ആവേശത്തിന്റെ കാര്യത്തില്‍ നമ്മളോടാ കളി.
ബ്ലാസ്‌റ്റേഴ്‌സിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന ആരാധകരാണ് മഞ്ഞപ്പടയുടെ കരുത്ത്. മറ്റ് ക്ലബുകളുടെ  ആരാധകര്‍ മെക്കിട്ട് കയറി വന്നാല്‍ ചുമ്മാതിരിക്കാന്‍ മഞ്ഞപ്പടയ്ക്ക് സാധിക്കില്ല. ജംഷഡ്പൂര്‍ എഫ്‌സി ഫാന്‍സിന്റെ നെഞ്ചത്ത് കയറിയായിരുന്നു മഞ്ഞപ്പട കൂട്ടം കലിപ്പ് തീര്‍ത്തത്. 

ജംഷഡ്പൂരിന്റെ വിക്കിപീഡിയ പേജില്‍ കയറിയ മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സിന്റെ കറിവേപ്പില എന്നാണ് ജംഷഡ്പൂരിന് നിക്ക് നെയിം നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com