ഈ മെസ്സിയെ അറിയാമോ? 

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കളിക്കാരില്‍ ഒരാളായ ലയണല്‍ മെസ്സിയെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

ലോക ഫുട്‌ബോളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളില്‍ ഒന്നാണ് അര്‍ജന്റീനയുടെയും സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെയും സൂപ്പര്‍ താരമായ ലയണല്‍ മെസ്സി എന്ന ലിയോ. അഞ്ച് തവണ ലോക ഫുട്‌ബോളര്‍ പട്ടം ചൂടിയ മെസ്സിയെ കുറിച്ച് ആരാധകര്‍ക്കറിയാത്ത ചില കാര്യങ്ങളുണ്ട്. കളിയിലും വ്യക്തി ജീവിതത്തിലും അദ്ദേഹത്തിനെ കുറിച്ച് ആരാധകര്‍ക്ക് അറിയാത്ത ചില കാര്യങ്ങളാണ് ഇവ. 

മെസ്സിയും ചെഗുവേരയും
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീന മെസ്സി, മറഡോണ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്ക് മാത്രം ജനനം നല്‍കിയ രാജ്യമല്ല. കമ്മ്യൂണിസ്റ്റ് വിപ്ലവ നക്ഷത്രം ചെഗുവേരയും അര്‍ജന്റീനയുടെ പുത്രനാണ്. മെസ്സിയും ചെഗുവേരയും ജനിച്ചത് റൊസാരിയോയിലാണ്. ഇന്ന് മെസ്സിയുടെ ടി ഷര്‍ട്ടുകള്‍ മാത്രമാകും റൊസാരിയോ തെരുവുകളില്‍ വില്‍പ്പനയ്‌ക്കെന്ന് കരുതിയെങ്കില്‍ തെറ്റി. മെസ്സിക്ക് നല്‍കുന്നതിന് സമാന പരിഗണനയാണ് അവര്‍ ചെഗുവേരയ്ക്കും നല്‍കുന്നത്.

സ്വന്തം ടിയാഗോയും മാറ്റിയോയും
പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് അഡിഡാസിന്റെ ആജീവനാന്ത കരാര്‍ അനുസരിച്ച് മെസ്സിക്ക് മാത്രമായി നല്‍കുന്ന ബൂട്ടുകളില്‍ മക്കളായ തിയാഗോ മെസ്സി, മാറ്റിയോ മെസ്സി എന്നിവരുടെ പേരുകള്‍ അലേഖനം ചെയ്തിട്ടുണ്ട്. ടിയാഗോയുടെ പേര് തന്റെ കയ്യിലും കാലിലും ടാറ്റൂ ആകിയും മെസ്സി മക്കളോടുള്ള സ്‌നേഹം കാണിക്കുന്നു.

ചുവപ്പ് കണ്ട തുടക്കം
ഫെയര്‍ പ്ലെയ്ക്ക് പേര് കേട്ട ചുരുക്കം ചില കളിക്കാരില്‍ ഒരാളാണ് മെസ്സി എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മെസ്സിക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നിട്ടുണ്ട്. അതിന് ശേഷം ഇതുവരെ രാജ്യാന്തര മത്സരത്തില്‍ മെസ്സിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചിട്ടില്ല എന്നത് അദ്ദേഹത്തിന്റെ മാന്യമായ കളിയെ സൂചിപ്പിക്കുന്നതാണ്.

കോച്ചും മെസ്സി തന്നെ
റൊസാരിയോയില്‍ പന്ത് കളിയുടെ ആദ്യ പാടങ്ങള്‍ മെസ്സി പഠിക്കുന്നത് ജോര്‍ജ് മെസ്സി എന്ന പരിശീലകന് കീഴിലായിരുന്നു.ഗ്രാന്‍ഡോളിക്ക് വേണ്ടി കളിക്കാനിറങ്ങുമ്പോള്‍ തന്നെ മെസ്സിയുടെ പ്രതിഭ വ്യക്തമായിരുന്നെന്നാണ് ക്ലബ്ബ് പുറത്തിറക്കിയ വീഡിയോ ഫൂട്ടേജുകള്‍ വ്യക്തമാക്കുന്നത്.

സ്വര്‍ണത്തിലുള്ള ഇടത് കാല്‍
ട്രിബ്ലിംഗ് ആകട്ടെ, ഷോട്ടുകളാകട്ടെ മെസ്സിയുടെ ഇടതു കാലുകള്‍ക്കാണ് പ്രധാന്യം. ഇടത് കാല്‍ കൊണ്ട് എതിര്‍ ടീം കളിക്കാരെ ട്രിബ്ബിള്‍ ചെയ്ത് കയറുന്ന മെസ്സി ഫുട്‌ബോളില്‍ മറ്റൊരു സൗന്ദര്യമാണ്. ഈ ഇടത് കാലിന്റെ ഒരു സ്വര്‍ണ പതിപ്പ് മെസ്സിയുടെ പക്കലുണ്ട്. 25 കിലോഗ്രാം സ്വര്‍ണത്തിലുള്ള ഈ കാലിന് 5.25 മില്ല്യന്‍ ഡോളര്‍ ആണ് മൂല്യം.

മൂല്യം
എക്കാലത്തേയും ഏറ്റവും മികച്ച കാല്‍പ്പന്ത് കളിക്കാരില്‍ ഒരാളായ മെസ്സി ഇന്ന് റിയല്‍ മാഡ്രിഡിന് മാത്രമല്ല പേടിസ്വപ്നം. മറിച്ച് അദ്ദേഹത്തെ സ്വന്തമാക്കാനായി താല്‍പ്പര്യമുള്ള ക്ലബ്ബുകള്‍ക്കും മെസ്സി പേടിസ്വപ്‌നമാണ്. 250 മില്ല്യന്‍ യൂറോയാണ് മെസ്സിക്ക് ഇന്നുള്ള മൂല്യം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെയും സ്പാനിഷ് ലീഗിലെയും ചില ടീമുകളിലുള്ള മൊത്തം കളിക്കാരേക്കാള്‍ മൂല്യമാണിത്.'

നാപ്കിന്‍ പേപ്പറിലുള്ള ആദ്യ കരാര്‍
ബാഴ്‌സലോണയുമായുള്ള മെസ്സിയുടെ ആദ്യ കരാര്‍ ചിരിയുളവാക്കുന്നതാണ്. മെസ്സിയുടെ ട്രിബ്ലിംഗ് പാടവത്തിലും പ്രകടനത്തിലും തല്‍പ്പരരായ ബാഴ്‌സലോണ അധികൃതര്‍ മെസ്സിയുമായി കരാറുണ്ടാക്കാന്‍ തയാറായി. എന്നാല്‍ ആ സമയത്ത് കൃത്യമായ പേപ്പറുകള്‍ കൈവശമില്ലാത്തതിനാല്‍ നാപ്കിന്‍ പേപ്പറിലാണ് കാറ്റലന്‍ ക്ലബ്ബിന് വേണ്ടിയുള്ള ആദ്യ കരാര്‍ മെസ്സി ഒപ്പുവെക്കുന്നത്.

മിസ്റ്റര്‍ നാണക്കാരന്‍
ഗോളുകള്‍ അടിച്ചുകൂട്ടുമ്പോഴും ആഘോഷം അതിരുവിടാതെ മെസ്സി എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഒന്നുകില്‍ സഹതാരങ്ങളുമായി ആഘോഷിക്കുന്ന മെസ്സി ചില സമയങ്ങളില്‍ കൈകള്‍ രണ്ടും മുകളിലേക്കുയര്‍ത്തി മുകളിലേക്ക് നോക്കുന്നത് കാണാം. പത്താം വയസ്സില്‍ തന്നെ വിട്ടുപോയ തന്റെ എല്ലാമായിരുന്ന മുത്തശ്ശിയോടുള്ള ആദരവാണ് ഇതിലൂടെ മെസ്സികാണിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com