ശഹിബ്‌സാദ മുഹമ്മദ് ഷാഹിദ് ഖാന്‍ അഫ്രീദി 

അഫ്രീദി അന്താരാഷ്ട്ര മത്സരങ്ങളില്‍ഡ പൂര്‍ണ്ണമായി പടിയിറങ്ങുമ്പോള്‍ പാക് ക്രിക്കറ്റിന്റെ ഒരു കാലം അവസാനിക്കുകയാണ്
ശഹിബ്‌സാദ മുഹമ്മദ് ഷാഹിദ് ഖാന്‍ അഫ്രീദി 

പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാബിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായും പടിയിറങ്ങുകയാണ്. കുട്ടി ക്രിക്കറ്റിന് ജീവന്‍ വെക്കുന്നതിന് മുന്നേ തന്നെ ബാറ്റിങ്ങിലെ അക്രമണോത്സുഹകത കൊണ്ട് ക്രിക്കറ്റ് പ്രേമികളെ അതിശയിപ്പിച്ച ബൂം ബൂം അഫ്രീദി ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലില്ല. അഫ്രീദി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും പൂര്‍ണ്ണമായി പടിയിറങ്ങുമ്പോള്‍ പാക് ക്രിക്കറ്റിന്റെ ഒരു കാലം അവസാനിക്കുകയാണ്. നീണ്ട 21 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് അഫ്രീദി വിട വാങ്ങുമ്പോള്‍ പാക് ടീമില്‍ അഫ്രീദിക്ക് പകരം ആര് എന്ന ചോദ്യം ബാക്കിയാകുന്നു. 

1996ല്‍ കെനിയക്കെതിരെ ആയിരുന്നു അഫ്രീദിയുടെ ഏകദിന അരങ്ങേറ്റം. 1998ല്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റ്. ട്വന്റി ട്വന്റി ക്രിക്കറ്റ് തുടങ്ങുന്നതിന് മുന്‍പ് തന്നെ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് ആരാധകരെ വിസമിയിപ്പിച്ച താരമായിരുന്നു അഫ്രീദി. 1996ല്‍ തന്റെ രണ്ടാമത്തെ അന്താരാഷ്ട്ര ഏകദിന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 36 പന്തുകളില്‍ നിന്നും നേടിയ സെഞ്ചുറിയുടെ റെക്കോര്‍ഡ് തകര്‍ക്കപ്പെടാന്‍ കാലങ്ങള്‍ കഴിയേണ്ടി വന്നു എന്നത് ചരിത്രം.  

27 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് 1716 റണ്‍സും 48 വിക്കറ്റുകളും നേടിയ അഫ്രീദി 398 ഏകദിന മല്‍സരങ്ങളില്‍ നിന്ന് 8064 റണ്‍സും 395 വിക്കറ്റുകളും നേടിയിട്ടുണ്ട്. 98 ട്വന്റി20 മല്‍സരങ്ങളില്‍ നിന്ന് 1405 റണ്‍സും് 97 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

ഷാര്‍ജയില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ ദിവസംനടന്ന മത്സരത്തില്‍ പെഷവാര്‍ സലാമി ടീമിനായി 28 പന്തുകളില്‍ നിന്ന് 54 റണ്‍സ് നേടിയ പ്രകടനത്തിന് ശേഷമായിരുന്നു താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായി വിരമിക്കുകയാണ് എന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗില്‍ അടുത്ത രണ്ടു വര്‍ഷം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2010ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിും 2015ലെ ലോകകപ്പ് ക്രിക്കറ്റിനു ശേഷം ഏകദിന ക്രിക്കറ്റില്‍നിന്നും അദ്ദേഹം വിരമിച്ചിരുന്നു.

കരിയറില്‍ തിളങ്ങി നിന്നപ്പോഴും അല്ലാത്തപ്പോഴും വിവാദങ്ങളുടെ തോഴനായിരുന്നു അഫ്രീദി. 2012ല്‍ ഏഷ്യന്‍ കപ്പുമായി നാട്ടിലെത്തിയ അന്നേ ദിവസം തന്നെ ആരാധകനെ മര്‍ദ്ദിച്ച അഫ്രീദി വിവാദം ശ്യഷ്ടിച്ചു. ആരാധകന്‍ മകളെ ഇടിച്ചു വീഴ്ത്തിയതാണ് തന്റെ നിയന്ത്രണം നഷ്ടമാവാന്‍ കാരണമായതെന്ന് പിന്നീട് അഫ്രീദി  മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ ടീമിനെതിരെ നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുക എന്നത് അഫ്രീദിയുടെ ശീലമായിരുന്നു. 2016ല്‍ ട്വന്റി 20 ലോക കപ്പ് മത്സരങ്ങള്‍ നടക്കുന്ന സമയത്ത് കാശ്മീരിനെ ഉദ്ദരിച്ച് അഫ്രീദി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പരസ്യമായി രംഗത്തെത്തുക വരെ ഉണ്ടായി. തകര്‍പ്പന്‍ ബാറ്റിങ് പ്രകടനങ്ങള്‍ നടത്തുന്നത് പോലെ ക്യാപ്റ്റന്‍ സ്ഥാനത്തിരുന്നപ്പോല്‍ തന്റെ ടീമിനെ ഒത്തൊരുമയോടെ കൊണ്ടുപോകാന്‍ അ്രഫീദിക്ക് കഴിഞ്ഞിരുന്നില്ല. പലപ്പോഴും ടീം അംഗങ്ങളും ക്യാപ്റ്റനും തമ്മിലുള്ള പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തു വന്നു. ഇത് അഫ്രീദിയുടെ പ്രകടനത്തെ മോശമായി ബാധിക്കുകയും ചെയ്തിരുന്നു. 2016ല്‍ പാക് ടീമിന്റെ മോശം പ്രകടനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് അഫ്രീദി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com