കാല്‍ചുവട്ടില്‍ കാല്‍പ്പന്ത്‌ലോകം ഉയര്‍ത്തിയത് ആരാണ്?

കലയുടെ മറ്റൊരു വശത്തിലൂടെ പന്തിനെ സഞ്ചരിപ്പിക്കുന്നവനാണോ കളിക്കാരന്‍?
കാല്‍ചുവട്ടില്‍ കാല്‍പ്പന്ത്‌ലോകം ഉയര്‍ത്തിയത് ആരാണ്?

ആരാണ് ഒരു നല്ല ഫുട്‌ബോള്‍ കളിക്കാരന്‍? സര്‍ഗാത്മകതയും വൈഭവവും ചേര്‍ന്ന് കലയുടെ മറ്റൊരു വശത്തിലൂടെ തുകല്‍പന്തിനെ സഞ്ചരിപ്പിക്കുന്നവനാണോ യഥാര്‍ത്ഥ കളിക്കാരന്‍? അതോ, പഠിച്ചെടുത്ത അടവുകള്‍ പുല്‍മൈതാനങ്ങളില്‍ പരുക്കനാക്കി അവതരിപ്പിച്ച് എതിരാളികളുടെ കാലില്‍ നിന്ന് പന്ത് റാഞ്ചിയെടുക്കുന്നവനാണോ ഇനി കളിക്കാരനാകുന്നത്? കളിമൈതാനത്തെ ഫിലോസഫര്‍മാരെന്നറിയപ്പെടുന്ന പോരാട്ടം കനക്കുമ്പോള്‍ ഒരു ഫിലോസഫറുടെ മനസായിരിക്കുമുണ്ടാകുമെന്ന് പറയപ്പെടുന്ന ഗോള്‍പോസ്റ്റ് കാവല്‍ക്കാരും നല്ലകളിക്കാരനല്ലേ? 
ഇത് ഫുട്‌ബോളാണ്, പ്രതിരോധവും ആക്രമണവും കാലിലൂടെ കലയാക്കി മാറ്റുന്ന കളി. ലോകത്ത് ഒരു കളിക്കാരന് ഇത്രയും സ്വതന്ത്രം ലഭിക്കുന്ന മറ്റേത് കളിയുണ്ട്. ഒരു പന്ത് കൊണ്ട് കളിക്കളത്തിന്റെ ഏത് ഭാഗത്തും എത്താം. പന്തിനെ തൊഴിക്കാം, തലോടാം, ചുംബിക്കാം, എതിരാളികളെ കബളിപ്പിക്കാം, പ്രതിരോധിക്കാം ഇങ്ങനെ പോകുന്നു. ഇതില്‍ മിടുക്ക് തെളിയിക്കുന്നവര്‍ക്കാണ് ഫുട്‌ബോള്‍ ലോകത്തിന്റെ സിംഹാസനത്തിലേറാം. 
സമകാലീന കളിക്കാരെ മാറ്റിനിര്‍ത്തി how they play എന്ന വെബ്‌സൈറ്റ് ലോകത്ത് ഇതുവരെയുള്ള പത്ത് കളിക്കാരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഈ കളിക്കാര്‍ മുഴുവനും തങ്ങളുടെതായ കാലത്ത് മൈതാനത്ത് പന്തിന് തീപിടിപ്പിച്ചവരാണ്. കളിയും കവിതയും ചേര്‍ത്തൊരു പുതുസമവാക്യം കുറിച്ചവര്‍. ഇതില്‍ മറഡോണയുണ്ട്. പെലെയുണ്ട്. സിദാനുണ്ട്. ഇവരെല്ലാം കളിക്കാരന്‍ എന്ന നിലയില്‍ കളിനിര്‍ത്തിയവരാണ്. ഇതില്‍പ്പെടാത്ത ചില മികച്ച കളിക്കാരുണ്ടെന്ന് വെബ്‌സൈറ്റ് തന്നെ വ്യക്തമാക്കുന്നുണ്ടെന്നത് കൂടി ഇവിടെ ചേര്‍ക്കട്ടെ. കളിക്കാരുടെ പ്രതിഭ തെളിയിക്കുന്ന വീഡിയോകളും ഇതോടൊപ്പം കാണാം.

ഡിയാഗോ മറഡോണ-അര്‍ജന്റീന
കളിയുടെ സൗന്ദര്യശാസ്ത്രത്തില്‍ ഒരു നോബേല്‍ സമ്മാനമുണ്ടെങ്കില്‍ അത് ആദ്യം മറഡോണയ്ക്ക് നല്‍കേണ്ടി വരും. പന്തിനെ വരുതിയിലാക്കുന്നതിന് പകരം പന്തിനോട് ചങ്ങാത്തത്തിലാണ് മറഡോണ എന്ന് തോന്നുന്ന രീതിയിലുള്ള ട്രിബ്ലിംഗ് പാടവമാണ് അദ്ദേഹം ഫുട്‌ബോള്‍ ലോകത്തിന് മുന്നില്‍ തെളിയിച്ചു തന്നത്. ഇതോടൊപ്പം പന്ത് ഗോള്‍പോസ്റ്റില്‍ എത്തിക്കാനുള്ള അയാളുടെ വെമ്പലും കൂടിയാകുമ്പോള്‍ മറഡോണ എന്ന പ്രതിഭ ഫുട്‌ബോള്‍ ചക്രവര്‍ത്തിയായി.

അറ്റാക്കിംഗ് മിഡ്ഫീല്‍ഡറുടെ റോളില്‍ തിളങ്ങിയ മറഡോണ 680 മത്സരങ്ങളില്‍ നിന്ന് 345 ഗോളുകള്‍ നേടി. കളിക്കാരനായി അര്‍ജന്റീന ദേശീയ ടീമില്‍ തിളങ്ങിയ മറഡോണ പരിശീലകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടു. 1986ല്‍ അര്‍ജന്റീനയ്ക്ക് ലോകക്കപ്പ് നേടിക്കൊടുത്ത താരം ഇംഗ്ലണ്ടിനെതിരേ നേടിയ സോളോ ഗോള്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരിക്കലും മായാത്ത ഏടാണ്. 


പെലെ-ബ്രസീല്‍

കാല്‍പ്പന്ത് കളിയുടെ ഈറ്റില്ലമായ ബ്രസീലിന്റെ ഗോള്‍ സ്‌കോറിംഗ് മെഷീനായിരുന്നു പെലെ. ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാള്‍. 1336 കളിയില്‍ നിന്ന് 1282 ഗോളുകളാണ് പെലെ സ്വന്തം പേരില്‍ കുറിച്ചത്. കരുത്തും, വേഗതയും, ഡ്രിബ്ലിംഗ് പാടവവും കൈമുതലാക്കിയ താരം എതിര്‍ ടീം പ്രതിരോധത്തെ നന്നായി വലട്ടി. 

ബ്രസീല്‍ ലോകക്കപ്പില്‍ മുത്തമിട്ട 1958, 1962, 1970 വര്‍ഷങ്ങളില്‍ പെലെയുടെ സ്വാധീനം നിര്‍ണായകമായിരുന്നു. മറഡോണയാണോ പെലെയാണോ മികച്ച കളിക്കാരനെന്ന് ഇന്നും ലോകത്ത് ചൂടുള്ള ഫുട്‌ബോള്‍ ചര്‍ച്ചകളിലൊന്നാണ്. 


യോഹാന്‍ ക്രൈഫ്-ഹോളണ്ട്
ലോകത്തെ ടോട്ടല്‍ ഫുട്‌ബോളര്‍ എന്നാണ് ഹോളണ്ടിനും ബാഴ്‌സലോണയ്ക്കും വേണ്ടി ബൂട്ടണിഞ്ഞ യോഹാന്‍ ക്രൈഫ് അറിയപ്പെടുന്നത്. സ്‌കില്‍, ബോള്‍കണ്‍ട്രോള്‍, ഡിബ്ലിംഗ്, വേഗത എന്നിവയില്‍ മറ്റു യൂറോപ്യന്‍ താരങ്ങള്‍ക്ക് കാണാത്ത അത്ര മേധാവിത്വമുണ്ടായിരുന്നു ക്രൈഫിന്. കളിയിലെ അവസരങ്ങള്‍ സൂക്ഷമ മായി വിലയിരുത്താനുള്ള അസാധ്യ കഴിവായിരുന്നു ക്രൈഫിനെ വേറിട്ട് നിര്‍ത്തിയ മറ്റൊരു ഘടകം.

അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായി തിളങ്ങിയ ക്രൈഫ് 710 മത്സരങ്ങളില്‍ നിന്ന് 401 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. മൂന്ന് യൂറോപ്യന്‍ കപ്പുകളും പത്ത് ലീഗ് ടൈറ്റിലുകളും നേടിയ ക്രൈഫിന് പക്ഷെ ലോകകിരീടത്തില്‍ മുത്തമിടാന്‍ അവസരം ലഭിച്ചില്ല.

സീക്കോ-ബ്രസീല്‍
നേട്ടങ്ങള്‍ ഏറെ അവകാശപ്പെടാനില്ലെങ്കിലും സീക്കൊയുടെ കളിമികവ് ചോദ്യം ചെയ്യപ്പെടാത്തതാണ്.

769 മത്സരങ്ങളില്‍ നിന്നും 527 ഗോളുകളാണ് സീക്കോ നേടിയത്. ഹെഡിംഗിലുള്ള മികവും സെറ്റ്പീസുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള പാടവവും സീക്കോയെ വ്യത്യസ്തനാക്കി. 


മിഷേല്‍ പ്ലാറ്റീനി-ഫ്രാന്‍സ്
1984 യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഫ്രാന്‍സിനെ സ്വന്തം ചുമലിലേറ്റി ചരിത്രം രചിച്ചത് മാത്രം മതിയാകും പ്ലാറ്റീനിയുടെ മികവറിയാന്‍. ഒന്‍പത് ഗോളുകളാണ് ഈ ചാംപ്യന്‍ഷിപ്പില്‍ പ്ലാറ്റീനി നേടിയത്.

652 മത്സരങ്ങളില്‍ നിന്ന് 353 ഗോളുകളാണ് മൊത്തം നേട്ടം. ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ കീഴില്‍ യൂറോപ്യന്‍ കപ്പ് നേടിയ താരം മൂന്ന് ലീഗ് ടൈറ്റിലുകള്‍ നേടി. 

ഫ്രാന്‍സ് ബെക്കന്‍ബോവര്‍- ജര്‍മനി
ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായിരുന്നെങ്കിലും ഗോളുകള്‍ കണ്ടെത്തുന്നതില്‍ ബെക്കന്‍ബോവര്‍ക്ക് ഒരിക്കലും പിഴച്ചിരുന്നില്ല. ജര്‍മന്‍ ദേശീയ ടീമിനും ബയേണ്‍ മ്യൂണിക്ക് ക്ലബ്ബിനുമായി 776 മത്സരങ്ങള്‍ക്കിറങ്ങിയ ബോവര്‍ 111 ഗോളുകള്‍ നേടി.

കളിയില്‍ അവകാശപ്പെടാന്‍ പ്രത്യേക പൊസിഷന്‍ ഇല്ലാതിരുന്ന ബോവര്‍ കളത്തിലുടനീളം തന്റെ സ്വാധീനം ചെലുത്തിക്കൊണ്ടിരുന്നു. 1974 ലോകക്കപ്പ്, 1972 യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ്, മൂന്ന് യൂറോപ്യന്‍ കപ്പുകള്‍, എട്ട് ലീഗ് കപ്പുകള്‍ എന്നിവയാണ് സമ്പാദ്യം.

ഫ്രാങ്ക് പുഷ്‌കാസ്- ഹംഗറി
ഗോള്‍ സ്‌കോറിംഗ് പാടവത്തില്‍ പുഷ്‌കാസ് ഇന്നും ഇതിഹാസമായി തുടരുകയാണ്. പുതിയ സ്‌കില്ലുകള്‍ പരീക്ഷിക്കുന്നതിലും പുഷ്‌കാസ് മിടുക്ക് തെളിയിച്ചു. 1943 മുതല്‍ 1966 വരെയുള്ള തന്റെ കരിയറില്‍  705 മത്സരങ്ങളില്‍ നിന്ന് 700 ഗോളുകളാണ് പുഷ്‌കാസ് നേടിയത്.

ക്ലബ്ബ് തലത്തില്‍ റിയല്‍ മാഡ്രിഡിന് വേണ്ടി മൂന്ന് യൂറോപ്യന്‍ കപ്പുകളും അഞ്ച് ലീഗ് കിരീടവും നേടിയ പുഷ്‌കാസ് 1954 ലോകക്കപ്പ് ഫൈനലില്‍ ഹംഗറിയെ ഫൈനല്‍ വരെയെത്തിച്ചു. 

ആല്‍ഫ്രെഡൊ ഡി സ്റ്റെഫാനോ-അര്‍ജന്റീന
കംപ്ലീറ്റ് പ്ലെയര്‍ എന്നാണ് ഡി സ്റ്റെഫാനോയെ വിലയിരുത്തുന്നത്. ഒരു ഫോര്‍വേര്‍ഡ് ആയിട്ടുകൂടി കളത്തിലുടനീളം പാസിംഗും ടാക്ലിംഗുമായി പാരമ്പര്യ സ്‌ട്രൈക്കര്‍മാരുടെ റോളിനെ ചോദ്യം ചെയ്തു. 702 മത്സരങ്ങളില്‍ നിന്ന് 511 ഗോളുകളാണ് ഡി സ്‌റ്റെഫാനോ നേടിയത്.

റിയല്‍ മാഡ്രിഡിന് വേണ്ടി അവിശ്വസനീയ പ്രകടനം നടത്തിയ താരം അഞ്ച് യൂറോപ്യന്‍ കപ്പുകളാണ് നേടിയത്. 1945 മുതല്‍ 1966 വരെയുള്ള തന്റെ കരിയറില്‍ 13 ലീഗ് കിരീടങ്ങളും ഡി സ്റ്റെഫാനോ നേടി. അതേസമയം, അര്‍ജന്റീനയ്ക്ക് വേണ്ടി ഒരു കോപ്പ അമേരിക്ക കപ്പ് മാത്രാണ് കരസ്ഥമാക്കാനായത്. 

സിനദീന്‍ സിദാന്‍-ഫ്രാന്‍സ്
സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ കളിമെയ്യുന്ന കാര്യത്തിലും ഗോളടിക്കുന്ന കാര്യത്തിലും സിദാന്‍ അസാധാരണ മികവ് പുലര്‍ത്തിയ താരമാണ്. ഇന്‍ഡിവിജ്വല്‍ സ്‌കില്ലുകള്‍, പന്തടക്കം, പാസിംഗ്, കരുത്ത് എന്നിവ കൈമുതലാക്കിയ താരം 1998 ലോകക്കപ്പും 2000ല്‍ നടന്ന യൂറോ കപ്പും ഫ്രാന്‍സിന് നേടിക്കൊടുത്തു.

യുവന്റസ്, റിയല്‍ മാഡ്രിഡ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞ താരം ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ്.

ജോര്‍ജ് ബെസ്റ്റ്- വടക്കന്‍ അയര്‍ലന്‍ഡ്
സൗന്ദര്യാത്മക ഫുട്‌ബോളായിരുന്ന ബെസ്റ്റിന്റെ മുഖമുദ്ര. ലോകക്കപ്പ് കളിക്കാന്‍ ഒരിക്കല്‍ പോലും സാധിക്കാത്ത ജോര്‍ജ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എന്നും ബെസ്റ്റായിരുന്നു.

ആവോളം പ്രതിഭയുണ്ടായിട്ടും കളത്തില്‍ തെളിയിച്ചിട്ടും അമിത മദ്യപാനം ബെസ്റ്റിന്റെ പ്രതിഭയെ തളര്‍ത്തി. 579 മത്സരങ്ങളില്‍ നിന്ന് 205 ഗോളുകളാണ് ഈ ധൂര്‍ത്തനായ പുത്രന്‍ നേടിയത്. 22ാം വയസില്‍ യൂറോപ്യന്‍ ഫുട്‌ബോളറായ ബെസ്റ്റ് കളിയില്‍ നിന്നും നേടിയെടുത്തതെല്ലാം നഗരരാത്രികള്‍ക്ക് വേണ്ടി തുലച്ചു. 28ാം വയസ്സില്‍ ആല്‍ക്കഹോളിസം അദ്ദേഹത്തിന്റെ ജീവിതത്തിന് വിരാമം കുറിച്ചു.

കളിക്കാര്‍ പ്രതിനിധാനം ചെയ്ത കാലഘട്ടത്തെയും അന്നത്തെ അവരുടെ പ്രകടനത്തെയും വിലയിരുത്തിയാണ് how they play വെബ്‌സൈറ്റ് കളിക്കാരുടെ പട്ടിക തയാറാക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com