ക്രിക്കറ്ററായില്ലെങ്കില്‍ ഐഎഎസ് കാരിയായി കണ്ടേനെ, ഇതാണ് മിതാലി രാജ്, ഇന്ത്യന്‍ ക്രിക്കറ്റിന്റെ പെണ്‍മുഖം

ക്രിക്കറ്ററായില്ലെങ്കില്‍ ഐഎഎസ് കാരിയായി കണ്ടേനെ, ഇതാണ് മിതാലി രാജ്, ഇന്ത്യന്‍ ക്രിക്കറ്റിന്റെ പെണ്‍മുഖം

മിതാലി രാജ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പെണ്‍മുഖം. പുരുഷ ലോകം വാഴുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് പെണ്‍കരുത്തിന്റെ പ്രതീകമെന്നാണ് മിതാലി രാജിനെ വിശേഷിപ്പിക്കുന്നത്. ഇതുമാത്രമോ, ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ അംബാസഡര്‍ കൂടിയാണ് മിതാലി. ലോകകപ്പ് സ്വപ്‌നങ്ങളുമായി ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ചുമതലയേല്‍പ്പിച്ചിരിക്കുന്നതും മിതാലിയെയാണ്. 

പുരുഷക്രിക്കറ്റര്‍മാരില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് പുരുഷ ക്രിക്കറ്റര്‍മാരോട് ഏറ്റവും ഇഷ്ടമുള്ള വനിതാ താരം ആരെന്ന് നിങ്ങള്‍ ചോദിക്കാറുണ്ടോ എന്ന മറുപടി മാത്രം മതി മിതാലിയുടെ റേഞ്ചറിയാന്‍. ഇതാ, മിതാലിയെക്കുറിച്ചു നിങ്ങള്‍ക്കറിയാത്ത പത്തു കാര്യങ്ങള്‍

കുടുംബത്തോടൊപ്പം മിതാലി രാജ്
കുടുംബത്തോടൊപ്പം മിതാലി രാജ്


ക്രിക്കറ്ററായുള്ള യാത്ര തുടങ്ങിയത് പത്താം വയസില്‍
വ്യോമസേനാ ഉദ്യോഗസ്ഥന്റെ മകളായി ജനിച്ച മിതാലി രാജ് പത്താം വയസിലാണ് ക്രിക്കറ്ററായുള്ള യാത്ര തുടങ്ങുന്നത്. എല്ലാ കാര്യത്തിനും മടികാണിച്ചിരുന്ന മിതാലിയെ ഹൈദരാബാദിലുള്ള സെന്റ് ജോണ്‍സ് ക്രിക്കറ്റ് കോച്ചിംഗ് ക്യാംപില്‍ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ ഒരുങ്ങിയതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലേക്കൊരു സൂപ്പര്‍ നായികയെ കിട്ടിയത്. ഹൈദരാബാദ് രഞ്ജി ട്രോഫി മുന്‍താരം ജ്യോതി പ്രസാദാണ് മിതാലിയുടെ ആദ്യ പരിശീലകന്‍. ഇന്ത്യന്‍ റെയ്ല്‍വേ, എയര്‍ഇന്ത്യ, ഇന്ത്യ ബ്ലൂ എന്നീ ടീമുകള്‍ക്കാണ് മിതാലി ആഭ്യന്തര മത്സരങ്ങള്‍ കളിച്ചത്.


ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
മില്‍ട്ടണ്‍ കീനെസില്‍ അയര്‍ലന്റുമായി സെഞ്ച്വറി നേടുമ്പോള്‍ മിതാലിയുടെ പ്രായം 16 വയസും 250 ദിവസവും. ആദ്യ മത്സരത്തില്‍ തന്നെ സ്വന്തം പേരില്‍ സെഞ്ച്വറി കുറിച്ചു ഈ മിടുക്കി. തീര്‍ന്നില്ല. 19മത് വയസില്‍ തന്റെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത റണ്‍സിനും മിതാലി ഉടമയായി. ടോണ്ടണില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ഈ നേട്ടം. തകര്‍ത്തതാകട്ടെ, ഓസ്‌ട്രേലിയന്‍ താരം കേരണ്‍ റോള്‍ട്ടന്റെ 209 റണ്‍സ് എന്ന റെക്കോര്‍ഡ്. 214 റണ്‍സാണ് മിതാലിയുടെ വ്യക്തിഗത റെക്കോഡ് റണ്‍നേട്ടം. 2004ല്‍ ഈ റെക്കോര്‍ഡ് പാക്കിസ്ഥാന്‍ താരം കിരണ്‍ ബാലുച്ച് വെസ്റ്റിന്‍ഡീസിനെതിരേ 242 റണ്‍സെടുത്ത് തകര്‍ത്തു.


കിടിലന്‍ ക്യാപ്റ്റ്ന്‍
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന ബഹുമതിയിലും മിതാലിയുടെ പേരിലാണ്. 2004ല്‍ ഇന്ത്യന്‍ ടീമിന്റെ കപ്പിത്താനാകുമ്പോള്‍ മിതാലിയുടെ പ്രായം 21 വയസായിരുന്നു. നൂറിലധികം മത്സരങ്ങള്‍ക്ക് ടീമിനെ നയിച്ച മിതാലിയുടെ കീഴിലാണ് ഇന്ത്യ 2005 ലോകകപ്പ് റണ്ണേഴ്‌സ് അപ്പായതും 2005നും 2008നും ഇടയില്‍ മൂന്ന് ഏഷ്യാകപ്പ് കിരീടങ്ങള്‍ നേടിയതും.

90കളുടെ ഇഷ്ടക്കാരി
നീണ്ട 17 വര്‍ഷത്തെ കരിയറില്‍ അഞ്ച് സെഞ്ച്വറികളാണ് മിതാലിയുടെ പേരിലുള്ളത്. എന്നാല്‍, ഏറ്റവും കൂടുതല്‍ 90 റണ്‍സില്‍ പുറത്തുപോയ താരം എന്നും മിതാലിയുടെ പേരിലുണ്ട്. അഞ്ച് തവണയാണ് മിതാലി 90 റണ്‍സെടുത്തത്. 52.19 ബാറ്റിംഗ് ശരാശരിയുള്ള മിതാലിയാണ് 100 ഇന്നിങ്‌സിനു മുകളില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയാണിത്.

പുരസ്‌കാരങ്ങള്‍ക്കു പ്രിയപ്പെട്ടവള്‍
2003ല്‍ അര്‍ജുന അവാര്‍ഡ് മിതാലിയെ തേടിയെത്തിയപ്പോള്‍ 2015ല്‍ എത്തിയത് രാജ്യത്തെ നാലാമത്തെ പരമോന്നത പുരസ്‌കാരമായ പത്മശ്രീയാണ്. സാക്ഷാല്‍ വിരാട് കോഹ്ലിയെ പിന്നിലാക്കിലായണ് മിതാലി ഈ നേട്ടം കരസ്ഥമാക്കിയത്. 2015ല്‍ വിസ്ഡന്‍ ക്രിക്കറ്റര്‍മാരുടെ പട്ടികയില്‍ ഇടം നേടുന്ന ആദ്യ വനിതാ ക്രിക്കറ്റും മിതാലി തന്നെ.

ബാറ്റിംഗിനു മുമ്പ് പുസ്തകം വായിക്കും
പുസ്തകം വായിക്കുന്നതിലൂടെ മത്സരത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കാമെന്ന അഭിപ്രായക്കാരിയാണ് മിതാലി. അതുകൊണ്ട് തന്നെ എല്ലാ ടൂറിനും പുസ്തകങ്ങള്‍ കൂടെക്കൂട്ടാന്‍ മിതാലി മറക്കാറില്ല. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടുമായി 71 റണ്‍സെടുത്ത മിതാലി ഈ മാച്ചിനു മുമ്പായി ജമാലുദ്ധീന്‍ റൂമിയുടെ പുസ്തകം വായിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു.

ക്രിക്കറ്ററായില്ലെങ്കില്‍ ക്ലാസിക്കല്‍ ഡാന്‍സ്, അല്ലെങ്കില്‍ സിവില്‍ സര്‍വീസ്
ഏകദിന മത്സരങ്ങളില്‍ ഇന്ത്യന്‍ വനിതാ ടീമിനെ 179 മത്സരങ്ങളില്‍ നയിച്ച മിതാലി ചെറുപ്പത്തില്‍ ഭരതനാട്യത്തിനു വലിയ താല്‍പ്പര്യം കാണിച്ചിരുന്നു. പിന്നീട് ഡാന്‍സു വേണ്ട ക്രിക്കറ്റ് മതിയെന്ന് മിതാലി തീരുമാനിക്കുകയാരുന്നു. ഇതിനിടയില്‍ സിവില്‍ സര്‍വീസിലേക്ക് കാലെടുത്തുവെച്ചാലോ എന്നും മിതാലി ആലോചിച്ചിരുന്നു.

സോഷ്യലാക്കും സോഷ്യല്‍ മീഡിയ
20,000 ഫോളോവേഴ്‌സാണ് മിതാലിക്കു ട്വിറ്ററിലുള്ളത്. ഫെയ്‌സ്ബുക്കിലാകട്ടെ നാല് ലക്ഷം ലൈക്കുകളും. 89,000 ഫോളോവേഴ്‌സാണ് ഇന്‍സ്റ്റാഗ്രാമില്‍ മിതാലിക്കുള്ളത്. ആരാധകരുമായി ബന്ധം പുലര്‍ത്താന്‍ മിതാലി ഇവ രണ്ടും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്.

വനിതാ ടെണ്ടുല്‍ക്കര്‍
ഏകദിന ക്രിക്കറ്റില്‍ 6,000 റണ്‍സിലെത്താന്‍ മിതാലിക്കു ഇനി വേണ്ടത് കേവലം 102 റണ്‍സാണ്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരിയായ ഇംഗ്ലീഷ് താരം ചാര്‍ലോട്ടെ എഡ്വാര്‍ഡ്‌സിന്റെ 5992 റണ്‍സ് മറികടക്കാന്‍ മിതാലിക്കു 94 റണ്‍സുമതി. 47 അര്‍ധ സെഞ്ച്വറികളാണ് മിതാലിയുടെ പേരിലുള്ളത്. ഇക്കാര്യത്തില്‍ ലോകറെക്കോര്‍ഡ്. 


സച്ചിനും പോണ്ടിംഗുമാണ് ഇഷ്ടതാരങ്ങള്‍
ക്രിക്കറ്റ് ഇതിഹാസങ്ങളെന്ന് വിളിപ്പേരുള്ള മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഓസീസ് താരം റിക്കി പോണ്ടിംഗുമാണ് മിതാലി രാജിന്റെ ഇഷ്ടബാറ്റ്‌സ്മാന്മാര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com