'അനിയന്മാര്‍ക്കു' ശേഷം 'ചേട്ടന്‍മാരുടെ' ലോകകപ്പിനും ഇന്ത്യ തയാര്‍

'അനിയന്മാര്‍ക്കു' ശേഷം 'ചേട്ടന്‍മാരുടെ' ലോകകപ്പിനും ഇന്ത്യ തയാര്‍

ന്യൂഡെല്‍ഹി:  2019ല്‍ നടക്കുന്ന അണ്ടര്‍ 20 ലോകകപ്പ് നടത്താന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (AIFF)  ഫിഫയെ താല്‍പര്യമറിയിച്ചു. ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ യൂത്ത് ലോകകപ്പു നടത്താന്‍ ഇന്ത്യയ്ക്കു താല്‍പര്യമുണ്ടെന്ന് ഫിഫയെ അറിയിച്ചതായി സ്ഥിരീകരിച്ചു. അണ്ടര്‍ 17 ലോകകപ്പിനു ശേഷം ഇന്ത്യയില്‍ ഫുട്‌ബോള്‍ ഓളം നിലനിര്‍ത്തുന്നതിനായി അണ്ടര്‍ 20 ലോകകപ്പും ഇന്ത്യയില്‍ നടത്തുന്നതാണ് ഏറ്റവും ഉചിതമായി മാര്‍ഗം. കഴിഞ്ഞ അണ്ടര്‍ 20 ലോകകപ്പ് കൊറിയയിലാണ് നടന്നതെങ്കിലും ആതിഥ്യം വഹിക്കാന്‍ ഇന്ത്യയ്ക്കുള്ള താല്‍പര്യം ഫിഫയെ അറിയിച്ചിട്ടുണ്ട്.-പട്ടേല്‍ വ്യക്തമാക്കി. 

ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്. ആറ് വേദികളിലായി 24 ടീമുകളാണ് അണ്ടര്‍ 20 ലോകകപ്പില്‍ മത്സരിക്കുക. അണ്ടര്‍ 17 ലോകകപ്പിനു ഇന്ത്യയിലുള്ള ആവേശത്തില്‍ ഫിഫ തൃപ്തരാണെന്നതാണ് ഇന്ത്യയ്ക്കു പ്രതീക്ഷ നല്‍കുന്നത്. മാത്രമല്ല, യൂത്ത് ലോകകപ്പിനായി പ്രത്യേക ഒരുക്കങ്ങള്‍ വേണ്ട എന്നതു ഈ ഉദ്യമത്തിനു സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കും. അണ്ടര്‍ 17 ലോകകപ്പിന് ഒരുക്കുന്ന വേദികള്‍ തന്നെ അണ്ടര്‍ 20 ലോകകപ്പിനും ഉപയോഗിക്കാമെന്നതാണ് കൂടുതല്‍ ഒരുക്കങ്ങളുടെ ആവശ്യമില്ലെന്നതിനു കാരണം.

അണ്ടര്‍ 20 ലോകകപ്പിനു ആതിഥ്യം വഹിക്കാനുള്ള താല്‍പര്യമറിയിക്കേണ്ട അവസാന തിയതി വെള്ളിയാഴ്ചയായിരുന്നു. താല്‍പ്പര്യം അറിയിച്ച രാജ്യങ്ങള്‍ക്കു ഒന്നുകൂടെ ഉറപ്പുവരുത്താന്‍ ഓഗസ്റ്റ് 18 വരെ ഫിഫ സമയം നല്‍കും. അവസാന ബിഡ് സമര്‍പ്പിക്കേണ്ടത് നവംബര്‍ ഒന്നിനു മുമ്പാണ്. ഈ വര്‍ഷം അവാസനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തിലോ ലോകകപ്പിനുള്ള വേദി ഫിഫ പ്രഖ്യാപിക്കും.

2019 മെയ്-ജൂണ്‍ മാസങ്ങളിലായാണ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വേദി തീരുമാനമായാല്‍ ഇന്ത്യയ്ക്കു ഒരുങ്ങുന്നതിനു ഒന്നര വര്‍ഷത്തോളം സമയം ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com