'നമ്മുടെ സ്വന്തം ജിങ്കന്‍, ഇനി കളിമാറും'

'നമ്മുടെ സ്വന്തം ജിങ്കന്‍, ഇനി കളിമാറും'

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ ഉരുക്കു കോട്ട സന്ദേശ് ജിങ്കന്‍ അടുത്ത സീസണിലും മഞ്ഞക്കുപ്പായത്തിലിറങ്ങും. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ നിര്‍ണായക സാന്നിധ്യമായിരുന്ന പഞ്ചാബുകാരന്‍ ജിങ്കനെ ടീമില്‍ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിച്ചു. ഇതോടെ സികെ വിനീതും ജിങ്കനും അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയിലുണ്ടാകുമെന്ന് ഉറപ്പായി.

മെഹ്താബ് ഹുസൈന്‍, റിനോ ആന്റോ എന്നിവരെ നിലനിര്‍ത്തി ജിങ്കനെ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കാമെന്നായിരുന്നു ആദ്യം മാനേജ്‌മെന്റ് കരുതിയിരുന്നത്. ഇത് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ജിങ്കനെ പോലെയുള്ള ഒരു സൂപ്പര്‍ ഡിഫന്ററെ നിലനിര്‍ത്തുന്നതിനു പകരം ശരാശരിക്കാരായ രണ്ടു കളിക്കാരെ നിലനിര്‍ത്താനുള്ള തീരുമാനത്തിനെതിരേ ആരാധകര്‍ രംഗത്തു വന്നിരുന്നു.

എന്നാല്‍, അവസാന നിമിഷം ക്ലബ്ബ് മാനേജ്‌മെന്റ് നയം മാറ്റുകയായിരുന്നു. റിനോയെയും, മെഹ്താബിനെയും ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കി ജിങ്കനെ നിലനിര്‍ത്താന്‍ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു. 2014 മുതല്‍ ബ്ലാസ്റ്റേഴ്‌സ് കാവല്‍ നിരയില്‍ നിറസാന്നിധ്യമായിരുന്ന ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി 41 മത്സരങ്ങള്‍ കളിച്ചു.

ആരോണ്‍ ഹ്യൂസും ഹൊസു പ്രിറ്റോയും ഉള്‍പ്പെട്ട പ്രതിരോധനിരയില്‍ ഹെങ്ബര്‍ട്ടിന്റെ കൂടെ ഇന്ത്യന്‍ താരമായ സന്ദേശ് ജിങ്കന്‍ മികച്ച പ്രകടനം കൈമുതലാക്കിയാണ് സ്വന്തം ഇരിപ്പിടം കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com