ആവശ്യമുണ്ട്; കേരള ബ്ലാസ്‌റ്റേഴ്‌സിനു ഈ താരങ്ങളെ

ആവശ്യമുണ്ട്; കേരള ബ്ലാസ്‌റ്റേഴ്‌സിനു ഈ താരങ്ങളെ

ഐഎസ്എല്‍ നാലാം സീസണിലേക്കു കടക്കുമ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ബൂട്ടണിയുന്നത്. സൂപ്പര്‍ താരങ്ങളായ സികെ വിനീതിനെയും സന്ദേശ് ജിങ്കനെയും നിലനിര്‍ത്തിയ മാനേജ്‌മെന്റ് തീരുമാനമാണ് മഞ്ഞപ്പട ആരാധകരെ ആവേശത്തിലാക്കുന്നത്. ആരാധകര്‍ വിചാരിച്ചരുന്നതും മാനേജ്‌മെന്റ് ചെയ്തതും ഒരു കാര്യം തന്നെ. 

സ്വദേശ താരങ്ങളുടെ കാര്യത്തില്‍ എടുക്കുന്ന താല്‍പ്പര്യം വിദേശ താരങ്ങളിലും മാനേജ്‌മെന്റ് കാണിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഈ സീസണ്‍ മുതല്‍ അഞ്ചു വിദേശ താരങ്ങള്‍ക്കാണ് ആദ്യ പതിനൊന്നില്‍ ഇടമുണ്ടാവുക എന്നിരിക്കെ വിദേശ താരങ്ങളെല്ലാം ഒന്നിനൊന്നു മെച്ചമായിരിക്കണം. അതുകൊണ്ടു തന്നെ മഞ്ഞപ്പട ആരാധകര്‍ ഏറെ ആഗ്രഹിക്കുന്ന വിദേശ താരങ്ങളുണ്ട്. ഇവരെ ടീമിലെത്തിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലും കുതിപ്പ് നടത്തുമെന്ന കാര്യത്തില്‍ ആരാധകര്‍ക്കു സംശയമില്ല.

ഇയാന്‍ ഹ്യൂം
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരുടെ താരം. നമ്മുടെ സ്വന്തം ഹ്യൂമേട്ടന്‍. കേരള ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ സീസണില്‍ മിന്നു പ്രകടനം നടത്തിയ കാനഡക്കാരന്‍ സ്‌ട്രൈക്കറാണ് ഇയാന്‍ ഹ്യൂം. നിലവില്‍ അത്‌ലറ്റിക്കോ മാഡ്രിഡിലാണ് ഐഎസ്എല്ലില്‍ ഹ്യൂം കളിക്കുന്നത്.

സ്‌പെയിനിലെ എക്‌സ്ട്രീമതുരയിലേക്ക് കഴിഞ്ഞ സീസണോടെ ചേക്കേറിയ ഹ്യൂം കളിക്കാരുടെ ഏജന്‍സിയായ ഇന്‍വെന്റീസ് സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള ബ്ലാസ്‌റ്റേഴ്‌സുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ഏജന്‍സിയാണിത്. 

അത്‌ലറ്റിക്കോ മാഡ്രിഡുമായി പിരിഞ്ഞു വേറെ ദിശയില്‍ സഞ്ചരിക്കുന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയിലേക്ക് ഹ്യൂം തിരിച്ചുവരില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സ് മാനേജരായി സ്റ്റീവ് കോപ്പല്‍ എത്തിയാല്‍ മാത്രമാകും ഹ്യൂമിന്റെ ബ്ലാസ്റ്റേഴ്‌സിലേക്കുള്ള രണ്ടാം വരവിനു അരങ്ങൊരുങ്ങുക.

ഹോസു പ്രിറ്റോ
ഹോസു ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഈ സീസണിലുമുണ്ടാകുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിലേക്കു വരുന്നതുമായി ബന്ധപ്പെട്ട് താരം ട്വിറ്ററില്‍ നടത്തിയ പ്രഖ്യാപനം ഇത് കൂടുതല്‍ ഉറപ്പിക്കുന്നു. 

കേരള ബ്ലാസ്‌റ്റേഴ്‌സ് നാലാം സീസണില്‍ നിങ്ങളെ മിസ് ചെയ്യും എന്ന ഒരു ആരാധകരന്റെ ട്വീറ്റിന് മറുപടിയായണ് ഹോസു തന്റെ നിലപാട് വ്യക്തമാക്കിയത്. ആരാണ് താന്‍ തിരിച്ചുവരില്ലെന്ന് പറഞ്ഞതെന്ന് ചോദിച്ച ഹോസുവിനോട് നിങ്ങള്‍ സ്പാനിഷ് ക്ലുബുമായി കരാറിലായെന്നും തിരിച്ചുവരില്ലെന്നും മാധ്യമ വാര്‍ത്തകളുണ്ടെന്നായിരുന്നു ആരാധകന്റെ മറുപടി നല്‍കി. ഇതിന് പ്രതികരണമായാണ് ഹോസു ബ്ലാസ്‌റ്റേഴ്‌സിലേക്ക് തന്നെ തിരിച്ചുവരുമെന്ന് സൂചന നല്‍കിയത്. 'അവര്‍ക്കൊന്നും അറിയില്ല, ഒന്നാമത്തെ കാര്യം ഞാന്‍ സ്പാനിഷ് ക്ലബില്‍ കളിക്കുന്നില്ല, രണ്ടാത്തെ കാര്യം എനിക്ക് ഇന്ത്യയിലേക്ക് വരാന്‍ കഴിയും കാരണം, അവരുമായുളള എന്റെ കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നു' ഹോസു എഴുതി.


ഡിര്‍ക്ക് ക്യുറ്റ്
ഹോളണ്ടിനും ലിവര്‍പൂളിനും മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഡിര്‍ക്ക് ക്യുറ്റ് ഐഎസ്എല്ലിലേക്കെന്ന വാര്‍ത്തകളായിരുന്നു ആദ്യ കേട്ടിരുന്നത്. പിന്നീട് ക്യുറ്റ് ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീ താരമാകുമെന്നായി. ഏകദേശം അഞ്ചു കോടി രൂപ കൊടുക്കാന്‍ വരെ ഐഎസ്എല്‍ ക്ലബ്ബുകള്‍ തയാറാണെന്നാണ് ക്യുറ്റുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.

കൊല്‍ക്കത്തയാണ് ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സിനു വെല്ലുവിളി ഉയര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യുറ്റിനെ ടീമിലെത്തിച്ചാല്‍ മധ്യനിരയ്ക്കും മുന്നേറ്റനിരയ്ക്കും ഇടിയില്‍ ഉപയോഗപ്പെടുത്താമെന്നാണ് ആരാധകരുടെ നിരീക്ഷണം.

അന്റോണിയോ ജര്‍മന്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ രഹസ്യ ആയുധമായിരുന്ന അന്റോണിയോ ജര്‍മന്‍ എന്ന 25 കാരന്‍. ഗോളുകളൊരുക്കുന്നതിലും അടിക്കുന്നതിലുമുള്ള മിടുക്ക് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കണ്ടതാണ്.

ഇന്ത്യയിലേക്കു മടങ്ങവരാന്‍ തിടുക്കമായെന്ന് താരത്തിന്റെ ട്വീറ്റ് അടുത്തിടെയാണ് വന്നത്. അതേസമയം, ജര്‍മനുമായി ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് കരാറിലെത്തില്ലെന്ന വാര്‍ത്തകളുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com