രാജേശ്വരിയും മിതാലിയും മിന്നി; വനിതാ ലോകകപ്പില്‍ ഇന്ത്യ സെമിയില്‍

രാജേശ്വരിയും മിതാലിയും മിന്നി; വനിതാ ലോകകപ്പില്‍ ഇന്ത്യ സെമിയില്‍

ഡെര്‍ബി: ന്യൂസിലാന്റിനെ തോല്‍പ്പിച്ചു ഇന്ത്യ വനിതാ ലോകകപ്പ് സെമിയില്‍. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക പോരാട്ടത്തില്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ സെഞ്ച്വറി മികവും രാജ്വേശ്വരി ഗയ്‌ഗേവാദിന്റെ ബോളിങുമാണ് കീവീസിനെതിരേ ഇന്ത്യയ്ക്കു 186 റണ്‍സിന്റെ ജയം സമ്മാനിച്ചത്. 

ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ന്യൂസിലാന്റിനെതിരേ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. സൂപ്പര്‍ താരം മിതാലി രാജിന്റെ സെഞ്ച്വറിയും (109) ഹര്‍മന്‍പ്രീത് കൗര്‍ (60),  വേദ കൃഷ്ണമൂര്‍ത്തി (70) എന്നിവരുടെ നേട്ടത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കെത്തിയത്. 

അതേസമയം, മറുപടി ബാറ്റിങിനിറങ്ങിയ കീവീസിന് 79 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യന്‍ സ്പിന്നര്‍ രാജേശ്വരിയുടെ മാന്ത്രിക ബോളിങിനു മുന്നില്‍ ന്യൂസിലന്റ് വനിതകള്‍ക്കു അടിതെറ്റി. അഞ്ചു വിക്കറ്റാണ് രാജേശ്വരി നേടിയത്. രണ്ടു വിക്കറ്റ് നേടി ശര്‍മയും ഓരോ വിക്കറ്റുകള്‍ വീതം നേടി ഗോസ്വാമി, പാണ്ഡേ, പൂനം എന്നിവരും ഇന്ത്യന്‍ ജയത്തില്‍ പങ്കുവഹിച്ചു. 

ക്യാപ്റ്റന്‍ മിതാലി രാജിന്റെ ആറാം ഏകദിന സെഞ്ച്വറിക്കാണ് ഇന്ത്യ ന്യൂസിലന്റ് പോരാട്ടം സാക്ഷിയായത്. വനിതാ ലോകകപ്പില്‍ 1,000 റണ്‍സെടുക്കുന്ന ആദ്യ താരമെന്ന റെക്കോഡും മിതാലി സ്വന്തം പേരില്‍ കുറിച്ചു. ഓസ്‌ട്രേലിയയുമായി കഴിഞ്ഞ മത്സരത്തില്‍ വനിതാ ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും മിതാലിയെ തേടിയെത്തിയിരുന്നു.

ന്യൂസിലന്റ് നിരയില്‍ ലെയ് കാസ്പറെഖ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹന്ന റോവെ രണ്ടും ലീ ടഹുഹു ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com