മഞ്ഞപ്പടയ്ക്കു ആരൊക്കെയുണ്ടാക്കും; ഐഎസ്എല്‍ പ്ലെയര്‍ ഡ്രാഫ്റ്റ് നാളെ

മഞ്ഞപ്പടയ്ക്കു ആരൊക്കെയുണ്ടാക്കും; ഐഎസ്എല്‍ പ്ലെയര്‍ ഡ്രാഫ്റ്റ് നാളെ

രങ്ങൊരുങ്ങുന്നതിനു മുമ്പെ അണിയറയൊരുങ്ങണം. പുതിയ രൂപത്തിലും ഭാവത്തിലും വരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അണിയറയൊരുക്കം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായുള്ള പ്ലെയര്‍ ഡ്രാഫ്റ്റ് നാളെ നടക്കും. മൂന്ന് സീസണണ്‍ കഴിഞ്ഞു നാലാം സീസണിലെത്തിയപ്പോഴേക്കും ഇന്ത്യന്‍ ഫുട്‌ബോളിനൊരു മേല്‍വിലാസമുണ്ടാക്കിയ ഐഎസ്എല്‍ നവംബര്‍ 18മുതലാണ് ആരംഭിക്കുക. 

നവംബറില്‍ ആരംഭിക്കുന്ന ഐഎസ്എല്‍ ഏപ്രില്‍ ആദ്യവാരം വരെ നീണ്ടു നില്‍ക്കും. അഞ്ചു മാസത്തിലധികം നീളുന്ന ഐഎസ്എല്‍ ഇത്തവണ ഇന്റര്‍നാഷണല്‍ ബ്രേക്കടക്കം ദേശീയ ലീഗിന്റെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാവും നടക്കുക. 

199 താരങ്ങളാണ് ഇത്തവണ ഡ്രാഫ്റ്റിന്റെ ഭാഗമാവുക. ഇതില്‍ 150ഓളം താരങ്ങള്‍ക്ക് ഐഎസ്എല്ലിലേക്ക് അവസരം ലഭിക്കും. രണ്ടു കളിക്കാരെ നിലനിര്‍ത്തിയതു കൂടാതെ ഒരു ടീമിന് 15 താരങ്ങളെ വരെ ഡ്രാഫ്റ്റില്‍ സ്വന്തമാക്കം. ബെംഗളൂരു എഫ്‌സി, ടാറ്റ ജംഷദ്പൂര്‍ എഫ്‌സിയും ഉള്‍പ്പെടെ പത്തു ടീമുകളാണ് ഇത്തവണ ഐഎസ്എല്ലില്‍ പോരിനിറങ്ങുന്നത്. 

ഡ്രാഫ്റ്റ് വില
മലയാളി താരം അനസ് എടത്തൊടികയും യൂജീന്‍സന്‍ ലിങ്‌ദോയുമാണ് ഡ്രാഫ്റ്റ് ലിസ്റ്റില്‍ ഏറ്റവും വിലപിടിപ്പുള്ള താരങ്ങള്‍.  1.10 കോടി രൂപയാണ് ഡ്രാഫ്റ്റില്‍ ഇവര്‍ക്കു വിലയിട്ടിരിക്കുന്നത്. മൊത്തം 12 മലയാളി താരങ്ങളാണ് ഡ്രാഫ്റ്റിലുള്ളത്. തൃശൂര്‍ സ്വദേശി റിനോ ആന്റോയാണ് വിലകൂടുതലുള്ള മറ്റൊരു താരം. 63 ലക്ഷം രൂപയാണ് റിനോയുടെ വില. കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന മുഹമ്മദ് റാഫിക്കു 30 ലക്ഷം, കാസര്‍കോഡുകാരനായ ഗോള്‍കീപ്പര്‍ നിതിന്‍ ലാലിന് 12 ലക്ഷം, ചെന്നൈയിന്‍ എഫ്‌സിക്കു വേണ്ടി ബൂട്ടണിഞ്ഞ അരീക്കോട് സ്വദേശി എംപി സക്കീര്‍ എന്ന മാനുപ്പയ്ക്ക് 18 ലക്ഷം, മധ്യനിര തരാം ഡെന്‍സണ്‍ ദേവദാസിന് 16 ലക്ഷം, കോട്ടയം സ്വദേശിയായ ജസ്റ്റിന്‍ സ്റ്റീഫന് 14 ലക്ഷം,  എന്നിങ്ങനെയാണ് വില. ഗോള്‍കീപ്പര്‍മാരായ ഷാഹിന്‍ലാലിനു 8 ലക്ഷവും ഉബൈദിനു 6 ലക്ഷവും ഡ്രാഫ്റ്റില്‍ വിലയുണ്ട്. ഹക്കുവിനു 12 ലക്ഷവും അക്ഷയ് ജോഷിക്കും അജിത് ശിവനും 6 ലക്ഷം രൂപയാണ് നിര്‍ണയിച്ചിരിക്കുന്ന വില.  

വില കൂടിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ടീം ഗോള്‍ കീപ്പറും സീനിയര്‍ താരവുമായ സുബ്രതാ പാല്‍, പ്രിതം കോട്ടാല്‍ എന്നിവരുമുണ്ട്.  ഡല്‍ഹി ഡൈനാമോസ് താരമായി കഴിഞ്ഞ തവണ ഐഎസ്എല്ലില്‍ മികച്ച പ്രകടനം നടത്തിയ കീന്‍ ലൂയീസിന് 40 ലക്ഷമാണ് വില. 

എങ്ങനെ?
ടീമുകള്‍ക്കു രണ്ടു മുതിര്‍ന്ന താരങ്ങളെയും മൂന്ന് അണ്ടര്‍ 21 കളിക്കാരെയും നിലനിര്‍ത്താവുന്നതായിരുന്നു. ഡെല്‍ഹി ഡൈനാമോസും, ടാറ്റ ജംഷഡ്പൂര്‍ എഫ്‌സിയുമല്ലാത്ത ടീമുകളെല്ലാം കൂടി മൊത്തം 22 കളിക്കാരെയാണ് നിലനിര്‍ത്തിയത്. ഒരു ടീമിനു പരമാവധി 15 പേരെ ഡ്രാഫ്റ്റില്‍ നിന്നും സ്വന്തമാക്കാം. വിദേശ താരങ്ങളെ ഡ്രാഫ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നുമാണ് ഇവരെ ടീമുകള്‍ സ്വന്തമാക്കുക. ഇത്തവണ അഞ്ച് വിദേശ താരങ്ങള്‍ക്കു മാത്രമാണ് ആദ്യ പതിനൊന്നില്‍ അവസരമുണ്ടാവുക.


ഡ്രാഫ്റ്റ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗുമായി കരാറിലെത്തിയ താരങ്ങളെ അവരുടെ മൂല്യത്തിനനുസരിച്ചു പൂളുകളായി തിരിക്കും. ഓരോ താരങ്ങള്‍ക്കും അവരുടെ മൂല്യത്തിനനുസരിച്ചുള്ള വിലയാണ് പൂളുകളിലുണ്ടാവുക. ഈ കളിക്കാരെ ഓരോ ടീമുകള്‍ക്കും വിളിച്ചെടുക്കാം. വിളിച്ചെടുക്കുന്നതിനു ഐഎസ്എല്‍ മാനേജ്‌മെന്റ് ടീം മാനേജ്‌മെന്റുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശ താരങ്ങള്‍ക്കു 12 കോടിയുള്‍പ്പടെ മൊത്തം 18 കോടി രൂപയാണ് ടീമുകള്‍ക്കു കളിക്കാര്‍ക്ക് ചെലവഴിക്കാന്‍ സാധിക്കുക.

ഒറ്റകളിക്കാരെയും നിലനിര്‍ത്താത്ത ടാറ്റയ്ക്കും ഡെല്‍ഹിക്കുമായിരിക്കും ആദ്യം ഡ്രാഫ്റ്റ് വിളിക്കാനുള്ള അവസരം. ഒരു താരത്തിനെ മാത്രം നിലനിര്‍ത്തിയ പൂനെയ്ക്കാകും പിന്നീടുള്ള അവസരം. മൂല്യം കൂടിയ അഞ്ചു താരങ്ങളെ ഈ മൂന്നു ടീമുകള്‍ക്കും കൂടി സ്വന്തമാക്കാം. ഇതില്‍ ടാറ്റയ്ക്കും ഡെല്‍ഹിക്കും രണ്ടു വീതവും പൂനെയ്ക്കു ഒന്നും. 
 
പിന്നീടുള്ള ഡ്രാഫ്റ്റ് നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. അതായത്, നറുക്കെടുത്ത് ഊഴം നിശ്ചയിക്കും. സ്വന്തമാക്കിയ താരത്തെ കഴിഞ്ഞ വര്‍ഷത്തെ പോലെ കൂടുതല്‍ തുകയ്ക്കു മറ്റു ടീമിനു നല്‍കാന്‍ സാധിക്കില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com