ചിത്രയ്ക്കു യോഗ്യത നേടാനായില്ലെന്ന് അത്‌ലറ്റിക്ക് ഫെഡറേഷന്‍ കായിക മന്ത്രാലയത്തിനു വിശദീകരണം നല്‍കി

ചിത്രയ്ക്കു യോഗ്യത നേടാനായില്ലെന്ന് അത്‌ലറ്റിക്ക് ഫെഡറേഷന്‍ കായിക മന്ത്രാലയത്തിനു വിശദീകരണം നല്‍കി

ന്യൂഡെല്‍ഹി: മലയാളി താരം പിയു ചിത്രയ്ക്ക് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകില്ലെന്ന് അത്‌ലറ്റിക്ക് ഫെഡറേഷന്‍. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള യോഗ്യതനേടാന്‍ ചിത്രയ്ക്കു സാധിച്ചില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയത്തിനു അത്‌ലറ്റിക് ഫെഡറേഷന്‍ വിശദീകരണം നല്‍കി.

ചിത്രയെ സംഘത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരേ കായിക താരങ്ങളും പരിശീലകരും രംഗത്തുവരികയും കായികമന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട്, കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ഇക്കാര്യത്തില്‍ അത്‌ലറ്റിക്‌സ് ഫെഡറേഷനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.  ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ നിന്നു ഒഴിവാക്കിയതിനെതിരേ പിയു ചിത്ര ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

പിടി ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്ണന്‍ നായര്‍, അഞ്ജു ബോബി ജോര്‍ജ് എന്നീ മലയാളികള്‍ ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റിയാണ് ലണ്ടനില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ചിത്രയെ ഒഴിവാക്കിയത്. ഇക്കഴിഞ്ഞ ഏഷ്യന്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടി ചിത്രയ്ക്കു ലോക ചാംപ്യന്‍ഷിപ്പിനു നേരിട്ടു യോഗ്യത ലഭിച്ചിരുന്നു. എന്നാല്‍, യോഗ്യതാ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അതതു രാജ്യത്തെ അത്‌ലറ്റിക്‌സ് അസോസിയേഷനുകള്‍ക്കു പങ്കെടുപ്പിക്കണോ വേണ്ടേ എന്ന് തീരുമാനിക്കാം. എന്നിട്ടും, മലയാളികളുള്‍പ്പടെയുള്ള സെലക്ഷന്‍ കമ്മിറ്റി ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ലോക ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ 1500 മീറ്ററില്‍ മത്സരിക്കുന്നതിന് ആരെയും സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുത്തിട്ടില്ല. റിലേയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമുകള്‍ക്ക് യോഗ്യതാ മാര്‍ക്കില്ലാതിരുന്നിട്ടും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com