മലയാളികളെ പൊട്ടന്‍മാരാക്കാമെന്ന് ഉഷ കരുതേണ്ടെന്ന് കേരള അത്‌ലറ്റിക് അസോസിയേഷന്‍

24 അംഗ സംഘത്തെയാണ് ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞെടുത്തത്. എന്നാല്‍ ഇതില്‍ 11 പേരും ഇന്റര്‍ സ്‌റ്റേറ്റ് മീറ്റില്‍ പങ്കെടുക്കാത്തവരായിരുന്നു.
മലയാളികളെ പൊട്ടന്‍മാരാക്കാമെന്ന് ഉഷ കരുതേണ്ടെന്ന് കേരള അത്‌ലറ്റിക് അസോസിയേഷന്‍

കൊച്ചി: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പി.യു.ചിത്രയ്ക്ക് അവസരം നിഷേധിച്ച അത്‌ലറ്റിക്‌സ് ഫെഡറേഷനും, പി.ടി.ഉഷയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന അത്‌ലറ്റിക്‌സ് ഫെഡറേഷന്‍. മലയാളികളെ പൊട്ടന്മാരാക്കാമെന്ന് ഉഷ കരുതേണ്ടെന്ന് കേരള അത്‌ലറ്റിക് അസോസിഷേന്‍ പ്രതികരിച്ചു. 

ദേശീയ അത്‌ലറ്റിക്‌സ് അസോസിഷേയനില്‍ സര്‍ക്കാര്‍ ഒബ്‌സര്‍വര്‍ എന്ന ഉത്തരവാദിത്വമാണ് ഉഷയ്ക്ക് ഉണ്ടായിരുന്നത്. ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ പങ്കെടുക്കുന്നതിനുള്ള താരങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ അപാകതയില്ലെന്ന് ഉറപ്പുവരുത്തേണ്ടതായിരുന്നു ഉഷയുടെ ഉത്തരവാദിത്വം. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടും ഉഷ ചൂണ്ടിക്കാണിച്ചില്ലെന്നും കേരള അത്‌ലറ്റിക് അസോസിയേഷന്‍ വ്യക്തമാക്കുന്നു. 

24 അംഗ സംഘത്തെയാണ് ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞെടുത്തത്. എന്നാല്‍ ഇതില്‍ 11 പേരും ഇന്റര്‍ സ്‌റ്റേറ്റ് മീറ്റില്‍ പങ്കെടുക്കാത്തവരായിരുന്നു. ഈ 11 പേരില്‍ ഉഷയുടെ ശിഷ്യയും ഉള്‍പ്പെടുന്നു. 

ഇന്റര്‍‌സ്റ്റേറ്റ് മീറ്റില്‍ പങ്കെടുക്കുന്നവരെ മാത്രമെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളു എന്ന മാനദണ്ഡം മുന്നോട്ടുവെച്ചതിനെ തുടര്‍ന്നായിരുന്നു ശാരീരിക അവശതകളുണ്ടായിട്ടും ചിത്ര ഇന്റര്‍സ്‌റ്റേറ്റ് മീറ്റില്‍ പങ്കെടുത്തത്. എന്നാല്‍ ഇന്റര്‍‌സ്റ്റേറ്റ് മീറ്റില്‍ ചിത്രയ്ക്ക് സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സാധിച്ചില്ലെന്ന് പറഞ്ഞാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം ചിത്രയ്ക്ക് നിഷേധിച്ചത്. 

പി.ടി.ഉഷയെ കൂടാതെ ഷൈനി വില്‍സണ്‍, അഞ്ജു ബോബി ജോര്‍ജ് തുടങ്ങിയ മലയാളികളും സെലക്ഷന്‍ കമ്മിറ്റില്‍ ഉള്‍പ്പെട്ടിരുന്നു. ചിത്രയെ ഒഴിവാക്കിയതില്‍ പി.ടി.ഉഷയെ അത്‌ലറ്റിക് ഫെഡറേഷന്‍ സെലക്ഷന്‍ സമിതി അധ്യക്ഷന്‍ ജി.എസ്.രണ്‍ധാവയും കുറ്റപ്പെടുത്തി. ഉഷ, അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കിയതെന്ന് രണ്‍ധാവെ പറഞ്ഞു. 

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ചിത്രയെ ഒഴിവാക്കിയതിനെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളിലും പുറത്തും ഉയര്‍ന്നത്. ചിത്രയ്ക്ക് അവസരം നിഷേധിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. യോഗ്യതയുണ്ടായിട്ടും അവസരം നിഷേധിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ചിത്ര നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com