സാമ്പത്തിക പ്രതിസന്ധി; കളിക്കാര്‍ക്കു ശമ്പളം കൊടുക്കാനാകാതെ ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍

സാമ്പത്തിക പ്രതിസന്ധി; കളിക്കാര്‍ക്കു ശമ്പളം കൊടുക്കാനാകാതെ ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍

ബീജിങ്: പണക്കൊഴുപ്പിന്റെ പെരുമയോടെ ലോകഫുട്‌ബോളിനെ ഞെട്ടിച്ച ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍ വമ്പന്‍ സാമ്പത്തിക പ്രതിസന്ധിയില്‍. സൂപ്പര്‍ ലീഗിലുള്ള 13 ക്ലബ്ബുകളാണ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിട്ടാലും ഇല്ലെങ്കിലും കളിക്കാര്‍ക്കു കൊടുക്കാനുള്ള ശമ്പളം കൊടുത്തില്ലെങ്കില്‍ അടുത്ത സീസണില്‍ കളിക്കാന്‍ പറ്റില്ലെന്ന് ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ കടുത്ത നിലപാടെടുത്തു. ഇതോടെ, പണക്കൊഴുപ്പിന്റെ ഹുങ്കുമായെത്തിയ ചൈനീസ് ക്ലബ്ബുകളുടെ ഭാവി അനിശ്ചിതത്വത്തിലായി.

അടുത്ത മാസം 15നു മുമ്പായി കളിക്കാര്‍ക്കു കൊടുക്കാനുള്ള ശമ്പളം കൊടുത്തില്ലെങ്കില്‍ ലീഗില്‍ കളിക്കാന്‍ പറ്റില്ലെന്ന് കാണിച്ചു ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ ക്ലബ്ബുകള്‍ക്കു നോട്ടീസയച്ചു. സൂപ്പര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ഗാങ്‌ഷൌ  എവര്‍ഗ്രാന്‍ഡ, ബ്രീസീല്‍ താരങ്ങളായ ഹള്‍ക്ക്, ഓസ്‌ക്കാര്‍ തുടങ്ങിയവര്‍ കളിക്കുന്ന ഷാങ്ഹായ് എസ്‌ഐപിജി, അര്‍ജന്റീന താരം കാര്‍ലോസ് ടെവസ് കളിക്കുന്ന ഷാങ്ഹായ് ഷെനുവ തുടങ്ങിയ ടീമുകളാണ് കളിക്കാര്‍ക്കു ശമ്പളം കൊടുക്കാന്‍ പോലും സാധിക്കാതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്.

ഷാങ്ഹായ്് ഷെനുവ,  ഷാങ്ഹായ് എസ്‌ഐപിജി, ബീജിങ് ഗുവോണ്‍, ചാങ്ചുന്‍ യെതായ്, ചോങ്ക്വുങ് ഡാങ്‌ഡൈ ഡിഫാന്‍, ഹെബെയ് ചൈന ഫോര്‍ച്യൂണ്‍, ഗാങ്‌ഷൌ  എവര്‍ഗ്രാന്‍ഡ, ഗ്വങ്‌ഷോ ആര്‍ ആന്‍ഡ് എഫ്, ജിയാങ്ഷു സൂനിങ്, ലോയിങ് വോവിന്‍, ഷാന്‍തോങ് ലുനെങ് തൈഷാന്‍, ടിയാന്‍ജിന്‍ ക്വാന്‍ജിയാന്‍, ടിയാന്‍ജിന്‍ ടെഡ എന്നീ സൂപ്പര്‍ ലീഗ് ക്ലബ്ബുകളും ബീജിങ് റെനെ, ഡാലിയന്‍ ട്രാന്‍സെന്റന്‍സ്, ഷാങ്ഹായ് ഷെന്‍ക്‌സിന്‍, ഷിജാവുസാങ് എവര്‍ ബ്രൈറ്റ് എന്നീ ലീഗ് വണ്‍ ക്ലബ്ബുകളും കിങ്ടാവോ ജുനൂന്‍ എന്ന ലീഗ് ടു ക്ലബ്ബുമാണ് കളിക്കാര്‍ക്കുള്ള ശമ്പളം നല്‍കാത്തത്.

ഉയര്‍ന്ന ലീഗില്‍ മൂന്ന് ക്ലബ്ബുകള്‍ക്കു മാത്രമാണ് സാമ്പത്തിക പ്രതിസന്ധി ഇതുവരെ നേരിടാത്തത്. കളിക്കാര്‍ക്കുള്ള ചെലവാക്കല്‍ അതിരുകടന്നപ്പോള്‍ ആറ് മാസം മുമ്പ് ചൈനീസ് സര്‍ക്കാര്‍ ഇടപെട്ടിരുന്നു.

ചൈനീസ് യുവതാരങ്ങള്‍ക്കു വേണ്ടി പണം ചിലവഴിക്കാന്‍ മടിക്കുന്ന ക്ലബ്ബുകള്‍ വിദേശ താരങ്ങള്‍ക്കുവേണ്ടി പണം ചുട്ടെരിക്കുകയാണെന്ന് ക്ലബ്ബുകള്‍ക്കു നേരെ ആരോപണമുണ്ടായിരുന്നു.

ചൈനീസ് ലീഗിന്റെ പണക്കൊഴുപ്പ് വാര്‍ത്തയായതോടെ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, നെയ്മര്‍ തുടങ്ങിയവരൊക്കെ ചൈനീസ് ലീഗിലേക്കെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com