ക്രിക്കറ്റും തീവ്രവാദവും കൈകോര്‍ക്കില്ല; ഡിഎന്‍എ പത്രം സ്‌പോര്‍ട്‌സ് പേജ് സൈനികര്‍ക്കായി ഒഴിച്ചിട്ടു; ഈ രാജ്യസ്‌നേഹം മനസിലാകുമെന്ന് സോഷ്യല്‍ മീഡിയ

ക്രിക്കറ്റും തീവ്രവാദവും കൈകോര്‍ക്കില്ല; ഡിഎന്‍എ പത്രം സ്‌പോര്‍ട്‌സ് പേജ് സൈനികര്‍ക്കായി ഒഴിച്ചിട്ടു; ഈ രാജ്യസ്‌നേഹം മനസിലാകുമെന്ന് സോഷ്യല്‍ മീഡിയ

ഇന്ത്യയും പാക്കിസ്ഥാനുമുള്ള വൈരത്തിന് കാലങ്ങളായുള്ള പഴക്കമുണ്ട്. സര്‍ക്കാരുകള്‍ മാറി വരുമ്പോഴും ഈ ബന്ധം ഇതേരീതിയില്‍ തന്നെ തുടരും. കുറച്ചൊന്നടുത്താലും കൂടുതുല്‍ അടുപ്പിക്കാന്‍ ഒരു സര്‍ക്കാരും തയാറാകുന്നില്ല. അതിന് തീവ്രവാദമെന്ന് പേരാണ് മുഖ്യമായും ഉപയോഗിക്കുന്നത്.

നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ബന്ധം കൂടുതല്‍ വഷളായി. ഇരു രാജ്യങ്ങളും നയതന്ത്രമായി അടുത്തിരുന്ന ക്രിക്കറ്റ് മത്സരങ്ങളായിരുന്നു വലിയ കാരണമായിരുന്നതെങ്കില്‍ തീവ്രവാദം ഉപേക്ഷിക്കാതെ ഒരു കളിയുമില്ലെന്ന് കേന്ദ്രം നിലപാട് അറിയിച്ചു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് പരമ്പരയ്ക്ക് തീരുമാനമെടുക്കാന്‍ യോഗം ചേരാനിരിക്കുന്നതിന്റെ തൊട്ടുമുമ്പാണ് കേന്ദ്ര കായിക മന്ത്രിയുടെ പ്രസ്താവന.

കേന്ദ്ര സര്‍ക്കാരിന്റെ പാക്കിസ്ഥാന്‍ വിരുദ്ധ തീരുമാനങ്ങള്‍ക്ക് ദേശീയ മാധ്യമങ്ങളില്‍ മിക്കവയും വലിയ കവറേജ് നല്‍കുന്നതിനായും ഇതിനിടയില്‍ മത്സരിച്ചു. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യം കണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും നാണിച്ചുവെന്നതാണ് സത്യം. യുദ്ധത്തെ ഇത്രെയും പിന്തുണയ്ക്കുന്ന പത്രങ്ങളാണോ ഇന്ത്യയിലെന്നാണ് വിദേശ മാധ്യമങ്ങള്‍ക്ക് സംശയം.

വീണ്ടും ക്രിക്കറ്റിലേക്ക് വരാം. ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഗ്രൂപ്പ് ബിയില്‍ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിന് ഒരു കവറേജും നല്‍കാതെ സ്‌പോര്‍ട്‌സ് പേജില്‍
ഒരു സന്ദേശം മാത്രം നല്‍കിയ ഡിഎന്‍എ പത്രമാണ് പുതിയ ചര്‍ച്ചാ വിഷയം. ഡോ. സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള സീ മീഡിയ ഗ്രൂപ്പിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ഡിഎന്‍എ തങ്ങളുടെ 13ആം പേജില്‍   'നമ്മുടെ സ്വരാജ്യത്തെയും അതിര്‍ത്തിയെയും കാത്തുസംരക്ഷിക്കുന്ന പട്ടാളക്കാര്‍ക്ക് ഈ പേജ് സമര്‍പ്പിക്കുന്നു. ഡിഎന്‍എ ഇവര്‍ക്കൊപ്പമാണ്. ഇതേ പേജില്‍ തന്നെ ക്രിക്കറ്റും തീവ്രവാദവും കൈകോര്‍ത്തു പോവില്ലെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു' എന്നാണ് സന്ദേശമായി പേജിന്റെ മധ്യത്തില്‍ നല്‍കിയിരിക്കുന്നത്. ഇത്തരം ഒരു സന്ദേശത്തിലൂടെ ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ക്രിക്കറ്റാണ് ഇന്ത്യയും പാക്കിസ്ഥാനും ഇടിയിലുള്ള മഞ്ഞുരുകാന്‍ ഏറ്റവും മികച്ച മാര്‍ഗമെന്ന് ഇതിനു മുമ്പ് ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളും ലേഖനങ്ങളെഴുതിയിട്ടുണ്ടാകുമെന്നുറപ്പാണ്. അന്നത്തെ സാഹചര്യം അതായിരുന്നുവെങ്കില്‍ ബന്ധം വഷളായി നില്‍ക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ഒരു സന്ദേശം എന്തിനാണ്.

സീ ന്യൂസ്, സീ ഹിന്ദുസ്ഥാന്‍, വേള്‍ഡ് ഈസ് വണ്‍ ന്യൂസ്, ഡിഎന്‍എ എന്നിവ ഇന്ത്യ-പാക്ക് മത്സര വാര്‍ത്തകള്‍ നല്‍കില്ലെന്ന് സുഭാഷ് ചന്ദ്ര അറിയിച്ചിരുന്നു. നിഷ്പക്ഷത മുഖമുദ്രയാണെന്ന പറച്ചില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്കെന്ന് തെളിയിക്കാന്‍ ഇതിലും വലിയ ഉദാഹരണം വേണോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com