കോച്ചിനായുള്ള "സിവി"യില്‍ രണ്ട് വരി മാത്രം; വീണ്ടും സര്‍പ്രൈസുമായി സെവാഗ്

ടീമില്‍ സഹതാരങ്ങളായിരുന്ന സച്ചിനും, ഗാംഗുലിയും, ലക്ഷ്മണുമൊക്കെയാണ് സെവാഗിനെ ഇന്റര്‍വ്യു ചെയ്യുക
കോച്ചിനായുള്ള "സിവി"യില്‍ രണ്ട് വരി മാത്രം; വീണ്ടും സര്‍പ്രൈസുമായി സെവാഗ്

നായകന്‍ വിരാട് കോഹ് ലിയും കോച്ച് കുംബ്ലെയും തമ്മില്‍ ശീതയുദ്ധമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ ടീമിന്റെ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വിരേന്ദര്‍ സെവാഗ് ടീമിന്റെ കോച്ചാകാന്‍ മുന്നോട്ടു വന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ സ്വീകരിച്ചതും. 

ഇപ്പോള്‍ ബിസിസിഐയ്ക്ക് സെവാഗ് നല്‍കിയ സിവിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ക്രീസില്‍ ആരാധകര്‍ക്ക് എന്നും സര്‍പ്രൈസ് ഷോട്ടുകള്‍ തന്നിരുന്ന സെവാഗ് ബിസിസിഐയ്ക്ക് നല്‍കിയ സിവിയിലും ഒരു സര്‍പ്രൈസ് ഒളിപ്പിച്ചുവെച്ചിരുന്നു. 

രണ്ട് വരിയിലൊതുങ്ങുന്ന സിവിയാണ് സെവാഗ് ബിസിസിഐയ്ക്ക് നല്‍കിയത്. 'താന്‍ കിങ്‌സ ഇലവന്‍ പഞ്ചാബിന്റെ മെന്ററാണ്, പുതുതലമുറയിലെ കളിക്കാരെ നന്നായി അറിയാം'.  ഇത്രയും മാത്രമായിരുന്നു കോച്ചിനായുള്ള സിവിയില്‍ സെവാഗ് കുറിച്ചത്. 

എന്നാല്‍ സെവാഗിന്റേത് കുട്ടിക്കളിയാണെന്ന വിമര്‍ശനമാണ് ബിസിസിഐയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. വിശദമായ സിവി നല്‍കാന്‍ താരത്തോടെ ബിസിസിഐ നിര്‍ദേശിച്ചു കഴിഞ്ഞു.

കമന്റേറ്ററുടെ വേഷത്തില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനായി ഇംഗ്ലണ്ടിലാണ് സെവാഗിപ്പോള്‍. സ്‌കൈപ്പ് വഴി ആയിരിക്കും സെവാഗിനെ ഇന്റര്‍വ്യു ചെയ്യുക. ടീമില്‍ സഹതാരങ്ങളായിരുന്ന സച്ചിനും, ഗാംഗുലിയും, ലക്ഷ്മണുമൊക്കെയാണ് സെവാഗിനെ ഇന്റര്‍വ്യു ചെയ്യുക എന്ന പ്രത്യേകതയുമുണ്ട്.

സെവാഗിനെ കൂടാതെ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളറായിരുന്ന ടോം മൂഡി, മുന്‍ ഇന്ത്യന്‍ താരം ദോഡ ഗണേഷ്, ഇംഗ്ലീഷ് താരം റിച്ചാര്‍ഡ് പൈബസ് എന്നിവരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് പദവിയിലേക്ക് അപേക്ഷയുമായെത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com