ലീഗുകളില്‍ മികച്ച ലീഗ് സ്പാനിഷ് ലീഗ്; യൂറോപ്പില്‍ വെല്ലാന്‍ ആരുണ്ട്?

ലീഗുകളില്‍ മികച്ച ലീഗ് സ്പാനിഷ് ലീഗ്; യൂറോപ്പില്‍ വെല്ലാന്‍ ആരുണ്ട്?

മാഡ്രിഡ്: പ്രക്ഷേപണത്തിന്റെയും ഷെഡ്യൂളിംഗിന്റെയും കാര്യത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെങ്കിലും ലോകത്തെ ഏറ്റവും മികച്ച ലീഗ് സ്പാനിഷ് ലാലീഗയാണെന്ന് മാര്‍ക്ക റിപ്പോര്‍ട്ട്. കായിക വാര്‍ത്തകള്‍ നല്‍കുന്നതില്‍ സ്‌പെയിനിലെ ഏറ്റവും വിശ്വസനീയ പത്രമായ മാര്‍ക്ക കൃത്യമായ തെളിവുകള്‍ നിരത്തിയാണ് സ്പാനിഷ് ലീഗ ഏറ്റവും മികച്ചതെന്ന് വ്യക്തമാക്കുന്നത്.

തര്‍ക്കിക്കാന്‍ വേണ്ടി ആളുകള്‍ പലതും പറയുമെങ്കിലും വസ്തുതകള്‍ കള്ളം പറയില്ലെന്നാണ് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ ചൂടിയത് സ്പാനിഷ് ക്ലബ്ബുകളാണെന്നതാണ് ആദ്യത്തെ കാര്യം. 

ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ബാലണ്‍ ഡിയോര്‍, ഗോള്‍ഡന്‍ ബൂട്ട് തുടങ്ങിയ വ്യക്തിഗത നേട്ടങ്ങള്‍ എന്നിവയെല്ലാം സ്പാനിഷ് ലീഗിന്റെ ഭാഗമായ ടീമുകളും വ്യക്തികളുമാണ് നേടിയിരിക്കുന്നത്. 

ചാംപ്യന്‍സ് ലീഗില്‍ നിന്നും തുടങ്ങാം. കഴിഞ്ഞ ഏഴ് സീസണിലെ ചാംപ്യന്‍സ് ലീഗ് ഫൈനലുകളില്‍ അഞ്ചിലും ജേതാക്കളായത് സ്പാനിഷ് ടീമുകളാണ്. കഴിഞ്ഞ രണ്ട് സീസണുകളില്‍ റിയല്‍ മാഡ്രിഡ്, അതിന് മുമ്പ് ബാഴ്‌സലോണ, 2013-14 സീസണിലും റിയല്‍ മാഡ്രിഡ്, 2010-11 സീസണില്‍ ബാഴ്‌സലോണ.

യൂറോപ്പ ലീഗിന്റെ കഴിഞ്ഞ പത്ത് സീസണുകളില്‍ ഏറ്റവും കൂടുതല്‍ കപ്പെടുത്തതും സ്പാനിഷ് ക്ലബ്ബുകളാണ്. മൂന്ന് തവണ സെവിയ്യ കപ്പെടുത്തപ്പോള്‍ രണ്ട് തവണ അത്‌ലറ്റിക്കോ ചാംപ്യന്‍മാരായി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ചെല്‍സിയും, മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാത്രമാണ് യൂറോപ്പ ലീഗില്‍ ചാംപ്യന്‍മാരായത്.

2002 മുതലുള്ള യുവേഫ സൂപ്പര്‍ കപ്പ് നോക്കാം. 15 സീസണുകളില്‍ പത്ത് സീസണുകളിലും കപ്പ് സ്‌പെയിനിലേക്കായിരുന്നു. മൊത്തം സീസണെടുത്താല്‍ 13 യൂറോപ്പ സൂപ്പര്‍ കപ്പുകളും സ്പാനിഷ് ലീഗ് ടീമുകളാണെടുത്തിരിക്കുന്നത്. 

ഇനി വ്യക്തിഗത നേട്ടങ്ങള്‍ നോക്കാം. 2008 മുതല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരാണ് ലോക ഫുട്‌ബോളര്‍ പട്ടം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്. സ്പാനിഷ് ലീഗിലെ രണ്ട് സൂപ്പര്‍ ക്ലബ്ബിലെ സൂപ്പര്‍ താരങ്ങളാണ് ഇവര്‍ രണ്ടു പേരും. 

സ്പാനിഷ് ലീഗാണ് ലോകത്തിലെ ഏറ്റവും മികച്ച ലീഗെന്ന് പറയുന്നതിന് ഇതിലും മികച്ച തെളിവ് വേറെന്ത് വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com