ഇത്തവണ പൂമരം കൊണ്ടു കപ്പലല്ല, പകരം കൊമ്പന്മാര്‍ ആരാധകര്‍ക്ക് കപ്പു തരും; ശക്തമായ പടയൊരുക്കവുമായി ബ്ലാസ്റ്റേഴ്‌സ്

ഇത്തവണ പൂമരം കൊണ്ടു കപ്പലല്ല, പകരം കൊമ്പന്മാര്‍ ആരാധകര്‍ക്ക് കപ്പു തരും; ശക്തമായ പടയൊരുക്കവുമായി ബ്ലാസ്റ്റേഴ്‌സ്

കേരളക്കരയ്ക്ക് ഐഎസ്എല്ലില്‍ കിട്ടിയ മുത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. മുതലാളിമാരായി മലയാളികളില്ലെങ്കിലും മലയാളികള്‍ക്കെന്നല്ല ലോകത്തിനു തന്നെ പ്രിയപ്പെട്ട സച്ചിന്‍ ടെണ്ടുല്‍ക്കറുണ്ടായിരുന്നു ക്ലബ്ബിന്റെ തലപ്പത്ത്. ആരാധകര്‍ക്ക് വേറെ എന്തു വേണം. കലൂര്‍ സ്റ്റേഡിയത്തില്‍ സച്ചിന്റെ തലവട്ടം കാണുമ്പോഴൊക്കെ ഗാലറി ഇളകി മറിഞ്ഞു. ആവേശപ്പെരുമഴ. സച്ചിന്‍. സച്ചിന്‍ എന്ന ആര്‍പ്പുവിളികള്‍. 

സച്ചിന്‍ എന്ന വാക്കു മാത്രം മതിയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകര്‍ക്ക് നെഞ്ചിലേറ്റാന്‍
സച്ചിന്‍ എന്ന വാക്കു മാത്രം മതിയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകര്‍ക്ക് നെഞ്ചിലേറ്റാന്‍

ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ടുമുണ്ടിന്റെ ആരാധകരോട് വരെ ഉപമിക്കാന്‍ സാധിക്കുന്ന ആവേശം. ലോകത്തിലെ ആരാധകരുടെ എണ്ണത്തില്‍ വമ്പന്‍ ക്ലബ്ബുകളോട് പോലും കിടപിടിക്കുന്ന മഞ്ഞക്കടല്‍. സത്യം പറഞ്ഞാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കുറിച്ചെഴുതിയാല്‍ തീരില്ല.

ഫുട്‌ബോളിന്റെ കാര്യത്തില്‍ ക്ലബ്ബുകളെ കുറിച്ചെഴുതിയാലാകും തീരാതിരിക്കുക. എന്നാല്‍, കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. ലെറ്റ്‌സ് ഫുട്‌ബോള്‍ കാപ്ഷനുമായി ഐഎസ്എല്ലില്‍ പന്തുരുളാന്‍ തുടങ്ങുമ്പോള്‍ ഇങ്ങ് കേരളത്തില്‍ പ്രീമിയര്‍ ലീഗും സ്പാനിഷ് ലീഗും മാത്രം കണ്ടു നടന്നിരുന്നവര്‍ ഐഎസ്എല്‍ കാണാന്‍ ഇരിക്കാനും തുടങ്ങി. കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീമായിരുന്നു ഇതിന് മുഖ്യ കാരണം.

സ്റ്റീവ് കോപ്പല്‍- ഒന്നുമില്ലായ്മയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച പരിശീലക മാന്ത്രികന്‍
സ്റ്റീവ് കോപ്പല്‍- ഒന്നുമില്ലായ്മയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച പരിശീലക മാന്ത്രികന്‍

എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കാര്യത്തില്‍ ആരാധകര്‍ വിചാരിച്ച പോലെയായിരുന്നില്ല കാര്യങ്ങള്‍. ആദ്യ സീസണില്‍ ടീം ഫൈനലില്‍ എത്തിയെങ്കിലും ടീമിന്റെ പ്രകടനത്തില്‍ ആരാധകര്‍ക്കു തൃപ്തിയില്ലായിരുന്നു. തുടക്കമെന്ന നിലയ്ക്ക് അത് ക്ഷമിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തകര്‍ന്നു പോകുന്ന പ്രകടനമാണ് ടീം കാഴ്ചവെച്ചത്. 14 കളികളില്‍ നിന്ന് 13 പോയിന്റുമായി ലീഗ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് സീസണ്‍ പൂര്‍ത്തിയാക്കിയത്. ഒന്നാം സീസണു ശേഷം ടീം വിട്ട പരിശീലകനും മാര്‍ക്ക്വീ താരവുമായിരുന്ന ഇംഗ്ലീഷ് കീപ്പര്‍ ഡേവിഡ് ജെയിംസിന് പകരക്കാരനായി പീറ്റര്‍ ടെയ്‌ലര്‍ എത്തിയതും ഈ സീസണിലായിരുന്നു. എന്നാല്‍ ആറ് കളികളില്‍ നിന്ന് ഒരു ജയം മാത്രമാണ് ടെയ്‌ലറിന് ബ്ലാസ്റ്റേഴ്‌സിന് നേടിക്കൊടുക്കാന്‍ സാധിച്ചത്. സ്ഥാനം തെറിക്കാന്‍ വേറെ കാരണങ്ങള്‍ വേണ്ടിയിരുന്നില്ല. പകരം പുതിയ പരിശീലകന്‍ വന്നു. ഐറിഷുകാരനായ ടെറിഫെലാന്‍. എങ്കിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.

ഇയാന്‍ ഹ്യൂമിനെപ്പോലുള്ള ഒരു കഠിനാധ്വാനിയെ നഷ്ടപ്പെടുത്തിയതിന് ബ്ലാസ്റ്റേഴ്‌സിന് വലിയ വില നല്‍കേണ്ടി വന്നു
ഇയാന്‍ ഹ്യൂമിനെപ്പോലുള്ള ഒരു കഠിനാധ്വാനിയെ നഷ്ടപ്പെടുത്തിയതിന് ബ്ലാസ്റ്റേഴ്‌സിന് വലിയ വില നല്‍കേണ്ടി വന്നു

ആദ്യ സീസണില്‍ മുന്നേറ്റ നിരയ്ക്കായിരുന്നു പ്രശ്‌നം. അതായത്, 14 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. രണ്ടാം സീസണില്‍ മുന്നേറ്റനിര നന്നായപ്പോള്‍ പ്രതിരോധം അമ്പേ പരാജയപ്പെട്ടു. 27 ഗോളുകളാണ് 2015 സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ എത്തിയത്. മൂന്നാം സീസണില്‍ എത്തിയപ്പോള്‍ കുഴപ്പം മുഴുവനും മധ്യനിരയിലായിരുന്നു.

തോല്‍വിയിലും ജയത്തിലും ടീമിനെ നെഞ്ചോട് ചേര്‍ക്കുന്ന ആരാധകരാണ് ടീമിന്റെ ശക്തിയും ദൗര്‍ബല്യവും.
തോല്‍വിയിലും ജയത്തിലും ടീമിനെ നെഞ്ചോട് ചേര്‍ക്കുന്ന ആരാധകരാണ് ടീമിന്റെ ശക്തിയും ദൗര്‍ബല്യവും.

ട്രാന്‍സ്ഫര്‍ സീസണില്‍ അലംഭാവം കാണിച്ച മാനേജ്‌മെന്റില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് വിശ്വാസം പോകാന്‍ വേറെയൊന്നും വേണ്ടിയിരുന്നില്ല. രണ്ട് സീസണുകള്‍ നല്‍കിയ പാഠമുണ്ടായിരുന്നു. ഇതിലും നിന്നില്ല, മൂന്നാം സീസണില്‍ സ്റ്റീവ് കോപ്പല്‍ പരിശീലകനായി എത്തിയതോടെ ടീമിന്റെ പ്രകടനത്തില്‍ മാറ്റങ്ങള്‍ വന്നു. മധ്യനിരയില്‍ ക്രിയേറ്റീവായ കളിക്കാരന്‍ ഇല്ലാതിരുന്ന ബ്ലാസ്റ്റേഴ്‌സിന് കളിയില്‍ ഒഴുക്ക് നടത്താന്‍ സാധിച്ചില്ല. ടീമിന്റെ നിര്‍ണായക താരമായിരുന്ന ഇയാന്‍ ഹ്യൂമെന്ന കാനഡക്കാരന്‍ കഠിനാധ്വാനിയെ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് കൊല്‍ക്കത്തയ്ക്ക് വിറ്റതാണ് ഇതില്‍ നിര്‍ണായകമായത്. വിനീതടക്കമുള്ള മുന്നേറ്റ നിരയുടെ ബലത്തില്‍ കഴിഞ്ഞ സീസണില്‍ ഫൈനല്‍ വരെ ടീമിനെ എത്തിക്കാന്‍ കോപ്പലിന് സാധിച്ചു. അതിന് കോപ്പലാശാന് നൂറില്‍ നൂറാണ് മാര്‍ക്ക്.

ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം മൈതാനത്ത് പന്തുതട്ടുമ്പോള്‍ കലൂര്‍ സ്‌റ്റേഡിയം മഞ്ഞക്കടല്‍ തന്നെയായിരുന്നു
ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം മൈതാനത്ത് പന്തുതട്ടുമ്പോള്‍ കലൂര്‍ സ്‌റ്റേഡിയം മഞ്ഞക്കടല്‍ തന്നെയായിരുന്നു

പരമിതികളും ദൗര്‍ബല്യങ്ങളുമെല്ലാം മറികടന്നു പുതിയ സീസണൊരുങ്ങുമ്പോള്‍ വലിയ പ്രതീക്ഷയാണ് എന്നത്തെയും പോലെ ഇത്തവണയും ആരാധകര്‍ക്ക്. പ്രതീക്ഷ കൂടുതല്‍ ഫലം കാണുമെന്ന് കരുതുന്നതിനും കാരണമുണ്ട്. ഇതില്‍ ആദ്യത്തേത് പുതിയ കോപ്പലിനെ തന്നെ കപ്പിത്താനായി നിയമിച്ചുവെന്നതാണ്. പരിശീലകനായി തുടരണമെങ്കില്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പൂര്‍ണ സ്വാതന്ത്രം വേണമെന്ന കോപ്പലിന്റെ നിബന്ധന മാനേജ്‌മെന്റ് അംഗീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വിശ്വസിക്കാമെങ്കില്‍ പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് മിന്നുമെന്ന കാര്യത്തില്‍ സംശയമില്ല.

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര തീര്‍ത്തും പരാജയമായിരുന്നു. അതുവരെ മധ്യനിരയില്‍ കളിച്ചിരുന്ന സ്പാനിഷ് താരം ഹോസുവിനെ പ്രതിരോധത്തിലേക്ക് മാറ്റിയതോടെ മധ്യനിര പാളിപ്പോയി. ഇഷ്ഫാഖ് അഹ്മദിന്റെ ട്രാന്‍സ്ഫര്‍ വിപണിയിലുള്ള ഇടപെടലാണ് കഴിഞ്ഞ സീസണില്‍ ടീമിനു തിരിച്ചടിയായതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്തായാലും, ജിങ്കന്‍, വിനീത്, റിനോ തുടങ്ങിയ താരങ്ങളെ ബ്ലാസ്‌റ്റേഴ്‌സ് നില നിര്‍ത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്. മധ്യ നിരയില്‍ പുതിയ താരങ്ങളെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നുമുണ്ട്. 

യൂറോപ്യന്‍ ലീഗുകള്‍ നല്‍കുന്നതിനേക്കാള്‍ ആവേശമായിരിക്കും ഒരു പക്ഷെ ബ്ലാസ്റ്റേഴ്‌സ് കേരളക്കാര്‍ക്ക് നല്‍കിയിട്ടുണ്ടാവുക
യൂറോപ്യന്‍ ലീഗുകള്‍ നല്‍കുന്നതിനേക്കാള്‍ ആവേശമായിരിക്കും ഒരു പക്ഷെ ബ്ലാസ്റ്റേഴ്‌സ് കേരളക്കാര്‍ക്ക് നല്‍കിയിട്ടുണ്ടാവുക

സന്തോഷ് ട്രോഫി, കേരള പ്രീമിയര്‍ ലീഗ് തുടങ്ങിയവയ്ക്ക് സ്‌കൗട്ടുകളെ നിയോഗിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് എടുത്ത തീരുമാനമാണ് വലിയ പ്രതീക്ഷ നല്‍കുന്നത്. ഇത് കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുമെന്നാണ് വിലയിരുത്തലുകള്‍. നല്ല ആരാധകര്‍ക്ക് നല്ല ടീമിനെ കൊടുക്കാന്‍ മാനേജ്‌മെന്റിനു സാധിച്ചില്ലെന്ന് കോപ്പല്‍ കഴിഞ്ഞ സീസണില്‍ പറഞ്ഞതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൗട്ടുകളെ നിയോഗിച്ചതും സ്പാനിഷ് ക്ലബ്ബുമായുള്ള സഹകരണത്തിനൊരുങ്ങുന്നതും.

ഒരുക്കങ്ങളുടെ കാര്യത്തില്‍ ആരാധകര്‍ക്ക് പൂര്‍ണ തൃപ്തിയാണ്. പുതിയ താരങ്ങള്‍ ആരൊക്കെ പുതിയ സീസണില്‍ മഞ്ഞക്കുപ്പായമണിയുമെന്ന് അറിയാനിരിക്കുന്നേയൊള്ളൂ. എന്തായാലും ആരാധകരുടെ ആര്‍പ്പു വിളികള്‍ക്കും ആവേശത്തിനും കുറവൊന്നുമുണ്ടാകില്ല. കാരണം. ഇത് ഫുട്‌ബോളാണ്. കളിക്കുന്നത് മലയാളികളുടെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com