ഇന്ത്യന്‍ ടീമിനെ മേയ്ക്കാന്‍ ആരാകും ഇനി വരിക? സാധ്യതയുള്ള അഞ്ച് പേര്‍

സെവാഗ് പരിശീലകനായി എത്തുന്നത് ടീമിന്റെ അച്ചടക്കത്തെ ബാധിക്കുമെന്ന വിമര്‍ശനം സെവാഗിന്റെ സാധ്യത കുറയ്ക്കുന്നു
ഇന്ത്യന്‍ ടീമിനെ മേയ്ക്കാന്‍ ആരാകും ഇനി വരിക? സാധ്യതയുള്ള അഞ്ച് പേര്‍

''കോച്ചാണ് തന്റെ അധ്യാപകന്‍, പക്ഷെ തനിക്ക് അദ്ദേഹത്തെ ഇഷ്ടമല്ല, എന്നാല്‍ 20 വര്‍ഷം അദ്ദേഹത്തോട് ഒപ്പം നിന്നു, തനിക്ക് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത കാര്യങ്ങളായിരുന്നു അദ്ദേഹം എന്നും പറഞ്ഞിരുന്നത്''...അനില്‍ കുബ്ലേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഷൂട്ടര്‍ അഭിനവ് ബിന്ദ്രയുടെ ഈ ട്വീറ്റ്. ആരുടേയും പേര് പരാമര്‍ശിക്കാതെയുള്ള ബിന്ദ്രയുടെ ട്വീറ്റ് ലക്ഷ്യം വെച്ചത് വിരാട് കോഹ് ലിയെ തന്നെയെന്ന് വ്യക്തം. 

കോഹ് ലിയുമായുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മയാണ് കുംബ്ലേയുടെ രാജിയിലേക്ക് നയിച്ചതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കുംബ്ലേയുടെ രാജിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നതിന് ഇടയില്‍ ആരായിരിക്കും ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചായി എത്തുക എന്നത് സംബന്ധിച്ച ചര്‍ച്ചകളും ഉയര്‍ന്നുവരുന്നുണ്ട്. 

ഇന്ത്യന്‍ നായകനും, കോച്ചും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്ന സമയത്തായിരുന്നു ബിസിസിഐ പുതിയ കോച്ചിനായി അപേക്ഷ ക്ഷണിച്ചത്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ ബിസിസിഐയുടെ പരിഗണനയിലുള്ള അഞ്ച് പേര്‍ ഇവരാണ്; 

വിരേന്ദര്‍ സെവാഗ്

ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സെവാഗ് എത്തണമെന്നാണ് ഒരുപക്ഷെ ഒട്ടുമിക്ക ഇന്ത്യന്‍ ആരാധകരുടേയും ആഗ്രഹം. ബിസിസിഐയില്‍ നിന്നും തന്നെയുള്ള ചിലരാണ് കോച്ചിനായുള്ള അപേക്ഷ നല്‍കാന്‍ സെവാഗിനോട് നിര്‍ദേശിച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 

ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും വിരമിച്ചതിന് ശേഷം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മെന്ററായിരുന്നു സെവാഗ്. എന്നാല്‍ ടീമിനെ പരിശീലിപ്പിക്കുന്നതില്‍ സെവാഗിനുള്ള പരിചയക്കുറവ് ഇന്ത്യന്‍ ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് പരിഗണിക്കുമ്പോള്‍ സെവാഗിന് തിരിച്ചടിയായേക്കും. 

സെവാഗ് പരിശീലകനായി എത്തുന്നത് ടീമിന്റെ അച്ചടക്കത്തേയും ബാധിക്കുമെന്ന വിമര്‍ശനവും സെവാഗിന്റെ സാധ്യത കുറയ്ക്കുന്നു. 

ടോം മൂഡി 

2007ലെ ലോക കപ്പില്‍ ശ്രീലങ്കന്‍ ടീമിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു ടോം മൂഡിയുടേത്. 2016ലെ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്ച് ഹൈദരാബാദ് കിരീടം ചൂടിയതും ടോം മൂഡിയുടെ കീഴിലായിരുന്നു. 

ടീമിനെ ഒരുമിച്ച് കൊണ്ടുപോകാനും, വിജയിപ്പിക്കാനുമുള്ള തന്ത്രങ്ങളും, പരിചയസമ്പത്തുമാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഉയരുന്ന പേരുകളില്‍ ടോം മൂഡിക്ക് മുന്‍തൂക്കം നല്‍കുന്നത്. 

കഴിഞ്ഞ 17 വര്‍ഷത്തിന് ഇടയില്‍ 15 വര്‍ഷവും ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത് വിദേശ പരിശീലകരായിരുന്നു. ഇന്ത്യക്കാരനായ കോച്ച് വേണമെന്ന വാദം ശക്തമായതോടെയായിരുന്നു രവി ശാസ്ത്രിയെ ഇന്ത്യന്‍ പരിശീലകനായി ബിസിസിഐ നിയമിച്ചത്. കുംബ്ലേയ്ക്ക് ശേഷവും ഇന്ത്യക്കാരന്‍ തന്നെ മതി എന്ന വാദമാണ് ഉയരുന്നതെങ്കില്‍ അത് മൂഡിക്ക് തിരിച്ചടിയാകും. 


റിച്ചാര്‍ഡ് പൈബസ് 

1999ല്‍ പാക്കിസ്ഥാനെ ലോകകപ്പ് കിരീടത്തിലേക്ക് എത്തിച്ചത് റിച്ചാര്‍ഡ് പൈബസാണ്. പിന്നീട് ബംഗ്ലാദേശ് ടീമിന്റെ പരിശീലക കുപ്പായം അണിഞ്ഞെങ്കിലും, ടീമിന് വിജയങ്ങള്‍ നേടിക്കൊടുക്കാന്‍ സാധിക്കാതിരുന്നതോടെ പരിശീലക സ്ഥാനം രാജിവെച്ചു. 

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ സാധ്യതകളും, സാഹചര്യങ്ങളും മനസിലാക്കി എന്നതാണ് പൈബസിന് മുന്‍തൂക്കം നല്‍കുന്നത്. 

എന്നാല്‍ ഇന്ത്യയെ പോലൊരു ടീമിന് വേണ്ട രീതിയില്‍ ഉയരാന്‍ പൈബസിന് സാധിക്കുമോയെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. 2019ലെ ലോക കപ്പ് മുന്നില്‍ കണ്ട് നീങ്ങുമ്പോള്‍ പൈബസിന്റെ പരിശീലനം പിഴച്ചാല്‍ അത് ടീമിനെ പ്രതികൂലമായി ബാധിക്കും. 

ലാല്‍ചന്ദ് രജ്പൂത്

ഇന്ത്യയുടെ അണ്ടര്‍-19, എ ടീമുകളുടെ പരിശീലകനായിരുന്നു ലാല്‍ചന്ദ്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ലാല്‍ചന്ദ് എത്തിയാല്‍ വളര്‍ന്നുവരുന്ന താരങ്ങളുടെ കഴിവുകളെ അദ്ദേഹത്തിന് വേഗത്തില്‍ മനസിലാക്കാനും, പരിശീലിപ്പിക്കാനും കഴിയും. 

എന്നാല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ച് പരിജയമില്ലാത്ത ലാല്‍ചന്ദിനെ പരിശീലകനാക്കുന്നത് ചൂതാട്ടം നടത്തുന്നതിന് തുല്യമാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ദോഡാ ഗണേഷ്

ഇന്ത്യന്‍ ടീമിന്റെ പരിശിലക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ഏറ്റവും സാധ്യത കുറഞ്ഞ പേരാണ് ദോഡാ ഗണേഷിന്റേത്. നാല് ടെസ്റ്റ് മത്സരങ്ങളും, ഒരു ഏകദിനവും മാത്രമാണ് ഗണേഷ് ഇന്ത്യക്കായി കളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com