സെര്‍വുകളുടെ വേഗതയേക്കാള്‍ വേഗത്തില്‍ തകര്‍ന്നടിഞ്ഞ ടെന്നീസ് ഇതിഹാസം, ബോറിസ് ബെക്കര്‍ ഇപ്പോള്‍ പാപ്പരാണ്

തന്റെ ഇരുവശവും നിറയെ സുന്ദരികളായ പെണ്‍കുട്ടികളുമായി ജീവിതം ആഘോഷമാക്കിയിരുന്ന താരത്തെ കുറിച്ചുള്ള പുതിയ വാര്‍ത്ത ആരാധകര്‍ക്ക് അത്ര എളുപ്പം വിശ്വസിക്കാനാകില്ല
സെര്‍വുകളുടെ വേഗതയേക്കാള്‍ വേഗത്തില്‍ തകര്‍ന്നടിഞ്ഞ ടെന്നീസ് ഇതിഹാസം, ബോറിസ് ബെക്കര്‍ ഇപ്പോള്‍ പാപ്പരാണ്

മൂന്ന് തവണ വിംബിള്‍ഡണ്‍ ചാമ്പ്യന്‍, 1991ലും, 96ലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം, 1989ല്‍ യുഎസ് ഓപ്പണിലും എതിരാളികളുണ്ടായില്ല...1985 മുതല്‍ 1996 വരെ ടെന്നീസ് ലോകത്ത് നിന്ന് ലോകം കൂടുതല്‍ കേട്ടത് ബോറിസ് ബെക്കറെന്ന ജര്‍മ്മന്‍ ടെന്നീസ് താരത്തിന്റെ വിജയ കഥകളായിരുന്നു. 

എന്നാലിപ്പോള്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന ബോറിസ് ബെക്കറെ പാപ്പരായി പ്രഖ്യാപിച്ചെന്ന വാര്‍ത്തയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ടെന്നീസ് ആരാധകരെ തേടിയെത്തുന്നത്. ലോകം മുഴുവന്‍ ആഡംബര വീടുകളും, തന്റെ ഇരുവശവും നിറയെ സുന്ദരികളായ പെണ്‍കുട്ടികളുമായി ജീവിതം ആഘോഷമാക്കിയിരുന്ന താരത്തെ കുറിച്ചുള്ള പുതിയ വാര്‍ത്ത ആരാധകര്‍ക്ക് അത്ര എളുപ്പം വിശ്വസിക്കാനാകില്ല. 

കടം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ഒരു കാലത്ത് എതിരാളികള്‍ക്ക് ഒരു അവസരവും നല്‍കാതെയുള്ള സെര്‍വുകളുമായി കളം നിറഞ്ഞ ബോറിസിനെ ബ്രിട്ടനിലെ ഒരു കോടതി പാപ്പരായി പ്രഖ്യാപിച്ചിരിക്കുന്നത്. 

കടം തിരിച്ചടയ്ക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന ബോറിസിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി. ബോറിസിന്റെ ടെന്നീസ് കോര്‍ട്ടിലെ ആധിപത്യം കണ്ടാണ് താന്‍ വളര്‍ന്നതെന്ന് ഓര്‍ത്തെടുത്താണ് ജഡ്ജി ബോറിസിന് ഇനി ഒരവസരം കൂടി നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയത്. 

ഇപ്പോള്‍ ടെന്നീസ് പരിശീലകനായും, ബിബിസി ഉള്‍പ്പെടെയുള്ള ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുമാണ് ബോറിസിന്റെ ജീവിതം. തന്റെ സ്വത്തുക്കളെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരുമാസത്തിനുള്ളില്‍ തനിക്ക് ഇത് വീട്ടാന്‍ സാധിക്കുമെന്നും ബോറിസ് അവകാശപ്പെടുന്നു. 

എന്നാല്‍ ബോറിസിന് കടം തിരിച്ചടയ്ക്കുന്നതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. വിംബിള്‍ഡണ്‍ ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു ബോറിസ് ബെക്കര്‍. 

കോര്‍ട്ടിനുള്ളില്‍ ഏവരുടേയും ആരാധന നേടുമ്പോള്‍, പുറത്തുള്ള ബോറിസ് ബെക്കറിന്റെ ജീവിതത്തിന് നേര്‍ക്ക് ഏവരും നെറ്റിച്ചുളിച്ചിരുന്നു. കളി മുന്നോട്ട് പോകുംതോറും കോര്‍ട്ടിനകത്തെ ബോറിസിന്റെ പെരുമാറ്റവും വിമര്‍ശിക്കപ്പെട്ടു. കോര്‍ട്ടില്‍ റാക്കറ്റ് വലിച്ചെറിഞ്ഞും അംമ്പയര്‍ക്ക് നേരെ തുപ്പിയും മാന്യതയുടെ അതിര്‍വരമ്പുകള്‍ ബോറിസ് ലംഘിച്ചു.

ടെന്നീസിനേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളില്‍ ബോറിസ് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് കളിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്നും ബോറിസിനെ പരാജയപ്പെടുത്തിയതെന്നും വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു.

ആരംഭിച്ച ബിസിനസുകളെല്ലാം ബോറിസിനെ തിരിച്ചടിച്ചു. ദുബായില്‍ പണിതുയര്‍ത്തിയ 19 നിലകളുള്ള ബോറിസ് ടവര്‍, സ്‌പോര്‍ട്‌സ് വെബ്‌സൈറ്റ്, ഓര്‍ഗാനിക് ഫുഡ് പ്രൊഡക്റ്റ് എന്നിവയെല്ലാം തകര്‍ന്നടിഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com